“വല്ല ദുരുദ്ധേശവും തോന്നി തീരുമാനം മാറുകയോ ബുദ്ധിമോശം കാണിക്കുകയോ ചെയ്‌താൽ വെടി കൊണ്ടോ വണ്ടി കയറിയോ അങ്ങ് തീരും.”ദാമോദരൻ പുറത്തേക്ക് നോക്കി പറഞ്ഞുകൊണ്ട് വണ്ടി സ്റ്റാർട്ട് ചെയ്തു.
രക്ഷപെടാൻ നേരിയ സാധ്യത
പോലും ഇല്ലെന്ന് പത്രോസ് മനസിലാക്കുകയായിരുന്നു.
അവിടെനിന്നും അവരുടെ ജീപ്പ് പുറപ്പെടുമ്പോൾ രാവേറെയായിരുന്നു
*****
രാജീവ്,ചെട്ടിയാരുമായൊരു സന്ധി സംഭാഷണത്തിലാണയാൾ….
ഗോവിന്ദ് തരാനുള്ള പണം നൽകി ആർക്കും അവനെ കൊണ്ടുപോകാം എന്ന നിലപാടിലാണ് ചെട്ടിയാരും.
ഗോവിന്ദൻ നൽകിയ സൂചനകൾ വച്ച് ചെട്ടിയാരുടെ നമ്പർ രാജീവ് സൈബർ സെല്ലിന് കൈമാറിയിരുന്നു.അവർ നൽകിയ ടവർ ലൊക്കേഷനുകളും ചോർത്തി നൽകിയ ചില ഫോൺ സംഭാഷണവും ചേർത്ത് വായിച്ചാണ് രാജീവ് ഗോവിന്ദൻ ചെട്ടിയാരുടെ കൈകളിലുണ്ടെന്നുറപ്പിച്ചതും അയാൾക്ക് മുന്നിലെത്തിയതും.
കാര്യങ്ങൾ മനസ്സിലാക്കിയ രാജീവ് ചെട്ടിയാരുടെ വരവിനായി വഴിയിൽ കാത്തു കിടന്നു.പ്രതീക്ഷ പോലെ ചെട്ടിയാർ വരുന്നത് കണ്ട രാജീവ് തന്റെ ജിപ്സി അയാളുടെ വണ്ടിക്ക് മുന്നിൽ വട്ടം വച്ചതും ചെട്ടിയാരുടെ വണ്ടി വെട്ടിച്ചു മൈൽക്കുറ്റിയിൽ ചെന്നിടിച്ചുനിന്നു.
അപ്പോഴേക്കും രാജീവ് എടുത്തു വിട്ടിരുന്നു.അപ്രതീക്ഷിതമായി നടന്ന കാര്യത്തിൽ പകച്ചുപോയ ചെട്ടിയാർ സംയമനം വീണ്ടെടുത്തു.”വിടരുത് അവനെ”ചെട്ടിയാർ തന്റെ ഡ്രൈവറോടു പറഞ്ഞു.
ഡ്രൈവർ ചെട്ടിയാരുമായി രാജീവന് പിന്നാലെ വച്ചുപിടിച്ചു.ചെട്ടിയാരുടെ ജാഗ്വർ തനിക്ക് പിന്നാലെയുണ്ടെന്ന് ഉറപ്പുവരുത്തിയ രാജീവ് തന്റെ ജിപ്സിയുടെ വേഗം വർദ്ധിപ്പിച്ചു.
രാജീവന് പിന്നാലെ ചെട്ടിയാരും.
കൃത്യമായി ഗോവിന്ദിനെ പാർപ്പിച്ച ഇടം മനസിലാക്കിയിരുന്ന രാജീവ് അങ്ങോട്ട് തന്നെയാണ് എത്തിയതും. ശിങ്കിടികളുടെ കാവലിലുള്ള ഗോവിന്ദിനെ കായികമായിട്ടുള്ള ഒരു ഏറ്റുമുട്ടലിലൂടെ മോചിപ്പിക്കുക എന്നത് ബുദ്ധിയല്ല എന്നത് രാജീവ് മനസ്സിലാക്കിയിരുന്നു.അതുകൊണ്ട് തന്നെ ചെട്ടിയാരെ ഒരു ചെറിയ പൊടികൈ കാട്ടി അവിടെ എത്തിക്കുകയായിരുന്നു രാജീവന്റെ ലക്ഷ്യം.രാജീവതിൽ വിജയിക്കുകയും ചെയ്തു.
ഒരു പഴയ വീടായിരുന്നു അത്.ഒരു ഒറ്റപ്പെട്ട പ്രദേശം.അടുത്ത് അധികം ആൾതാമസമില്ലാത്തതുകൊണ്ട്
ഇങ്ങനെയുള്ള ചില ഇടപാടുകൾ മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടുകയും ഇല്ല എന്നത് ചെട്ടിയാർക്ക് ഗുണകരമായിരുന്നു.ചുറ്റും പറമ്പ് കാടുകയറിക്കിടക്കുന്നുണ്ട്.അതിന്
മുന്നിൽ തന്റെ വണ്ടി നിർത്തിയിറങ്ങിയ രാജീവന് പിറകെ ചെട്ടിയാരും അവിടെയെത്തി
“എന്നാ തമ്പി……..എന്നാ വേണം ഉനക്ക്.?”ഇറങ്ങിയപാടെ ചെട്ടിയാർ രാജീവനോട് ചോദിച്ചു.
അതിനുള്ള ഉത്തരമാണ് അകത്തു മേശക്ക് ഇരുപുറവും ഇരുന്നുള്ള സംസാരം വരെ എത്തിനിൽക്കുന്നത്.
“ചെട്ടിയാരെ……..താനിവന്റെ ഫ്ലാറ്റ് സ്വന്തം പേരിലേക്ക് എഴുതിക്കൊ,
അത് പലിശയിൽ കൂട്ടിയിട്ട് ഒരവസരം കൂടി കൊടുക്ക്.”രാജീവ് ഗോവിന്ദന്റെ പക്ഷം പറഞ്ഞു.
“ഇതിപ്പോ കുറെ ആയി സാറെ……
ഇനിയില്ല.പിന്നെ ഇവന്റെ ഫ്ലാറ്റ്,അത്
അങ്ങ് പലിശയിൽ കൂട്ടാൻ തന്നെയാ തീരുമാനവും.പക്ഷെ മുഴുവൻ തുക കിട്ടാതെ ഇവൻ പുറം ലോകം കാണില്ല.”