അതിനൊരു കുഴപ്പവുമില്ല,ഞാൻ മാധവന്റെ ആള് ആയതാണ് പ്രശ്നം.സാറെ……..ആ പെണ്ണുങ്ങള് ഭൈരവനെ തീർത്തതാ……. അതിലെന്താ തെറ്റ്,രക്ഷപെടാൻ വേണ്ടിയല്ലെ.പിന്നെ ഈ ഭൈരവൻ ആര് ഹരിച്ചന്ദ്രനൊ,അവന് നീതി നേടി കൊടുക്കാൻ.””എടൊ നീതി എല്ലാർക്കും ഒരുപോലെ ആണ്.അത് ഭൈരവനായാലും അങ്ങനെ തന്നെ.”
“പക്ഷെ ആ നീതി ക്രിമിനലുകൾക്ക് നേടിക്കൊടുക്കാൻ കഷ്ട്ടപ്പെടണ്ട, അതുകൊണ്ട് സാർ ഇനി വേണ്ട സാറെ…….”
“താൻ എന്നെയങ്ങു തീർക്കുവൊ?
എങ്കിൽ അതൊന്ന് കാണണമല്ലോ.”
“അതിനെന്താ സംശയം”ദാമോദരൻ തിരിച്ചുചോദിച്ചു.
അതുകേട്ട പത്രോസ് അയാളെ നോക്കി പുച്ഛിച്ചു ചിരിച്ചു.പക്ഷെ അത് കാര്യമാക്കാതെ ദാമോദരൻ അയാളുടെ ശ്രദ്ധ മാറിയ നിമിഷം കൊണ്ട് പത്രോസിന്റെ വയറിൽ ചവിട്ടി.ചവിട്ടേറ്റ് നിലത്തേക്കിരുന്നു പോയപത്രോസിന്റെ കഴുത്തിൽ കയർ മുറുകിയതും പെട്ടെന്നായിരുന്നു.
അയാൾ കിടന്നുപിടഞ്ഞു.ആ കണ്ണുകളിൽ നിസ്സഹായത നിറഞ്ഞു നിന്നു.പക്ഷെ ഒരു നിമിഷം ദാമോദരൻ പിടി അയച്ചു.
“സാറെ……..ഒരവസരം.കൂടെ നിന്നാൽ ജീവൻ തിരിച്ചു കിട്ടും.ഇനി എന്നെ തീർത്താലും എനിക്ക് ഒരു ചുക്കുമില്ല.എന്റെ കുടുംബം ജീവിക്കും അന്തസായി തന്നെ.പക്ഷെ സാറിന്റെ കാര്യം അങ്ങനെയല്ല.
വയ്യാത്ത ഭാര്യയെയും പ്രായം തികയാത്ത മകളെയും ഓർക്കുന്നത് നല്ലതാ.ഞാനല്ലെങ്കിൽ മറ്റൊരാൾ തന്റെ പള്ളക്ക് പിച്ചാത്തി കയറ്റും. അത് വേണോ?”
“ദാമോദരാ…..”പത്രോസ് ഒന്ന് വിളിച്ചു പോയി.
“ഒപ്പം നിന്നാൽ ജീവനും ജീവിതവും കയ്യിലിരിക്കും.അല്ലെങ്കിൽ മുറുകുന്ന ഈ കയറിൽ സർ തീരും.”
“എനിക്ക് ജീവിക്കണം.”
“എങ്കിലിപ്പൊ ഒരിടം വരെ പോകണം.
ബാക്കി അവിടെ ചെന്നിട്ട്.”
ദാമോദരൻ കഴുത്തിൽ കുരുക്കിയ കയറുകൊണ്ട് പത്രോസിന്റെ കൈകൾ പിന്നിലേക്ക് കൂട്ടിക്കെട്ടി.
തനിക്ക് തന്റെ ജീവനാണ് വലുതെന്ന്
പത്രോസിനറിയാമായിരുന്നു.തന്റെ ജീവൻ നഷ്ട്ടമായാൽ തന്റെ കുടുംബം അവരുടെ ജീവിതം………..
അതു മാത്രം ചിന്തിച്ച പത്രോസിന് ദാമോദരനെ അനുസരിക്കാനെ കഴിഞ്ഞുള്ളു.അയാൾ ദാമോദരനൊപ്പം നടന്നു.കുറച്ചു മാറി നിർത്തിയിട്ടിരുന്ന ജീപ്പിലേക്ക് അവർ കയറി.ദാമോദരനായിരുന്നു ഡ്രൈവിങ് സീറ്റിൽ.പത്രോസ് മുൻ നിരയിൽ കൂടെത്തന്നെയുണ്ട്.
“സാറെ പഴയ പോലീസ് വണ്ടിയാ.
ഇടക്ക് പുറത്തേക്ക് ചാടണം എന്ന് തോന്നുവൊ?”ദാമോദരൻ ആ ഒരു സാധ്യത തള്ളിക്കളയാതിരുന്നില്ല.
അത് തുറന്നു ചോദിക്കുകയും ചെയ്തു.
“അതെന്താ ദാമോദരാ അങ്ങനെ ഒരു വർത്തമാനം”
“അല്ല മനുഷ്യന്റെ കാര്യമല്ലെ,ഒരു നിമിഷം കൊണ്ട് നിറം മാറും.പിന്നെ സർ ആയതുകൊണ്ട് അങ്ങനെ ചിന്തിച്ചേ പറ്റൂ.അതുകൊണ്ടാ ദാ ഇത് എന്റെ കൈവാക്കിന് തന്നെ വച്ചതും.”
അതും പറഞ്ഞു കൊണ്ട് ദാമോദരൻ തന്റെ അരയിലെ തോക്ക് എടുത്തിട്ട് തിരികെ വച്ചു.