ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്തു .
“ദേ കവി…അങ്ങനെ ഒന്നും പറയല്ലേ ഡാ …”
ഞാൻ പറഞ്ഞത് കേട്ടു കക്ഷി പെട്ടെന്ന് ചിണുങ്ങി .
“നിനക്ക് ഒക്കെ ചെയ്യാം അല്ലെ ? ഞാൻ വല്ലോം പറഞ്ഞാലേ കുറ്റം ഉള്ളു ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ബൈക്ക് പെട്ടെന്ന് മുന്നിലേക്കെടുത്തു. ക്ളച് വേഗം വിട്ടതുകൊണ്ട് വണ്ടി ഒന്ന് കുതിച്ചുകൊണ്ടാണ് മുന്നോട്ടു നീങ്ങിയത് . അതുകൊണ്ട് തന്നെ മഞ്ജുവിന് എളുപ്പം പിടുത്തം കിട്ടിയില്ല. അവളെന്റെ പുറകിൽ വന്നിടിച്ചുകൊണ്ട് ഒന്ന് ഞെട്ടി.
“ഊഊ…എന്തോന്നാ ഇത്…”
പെട്ടെന്ന് എന്നെകേറി പിടിച്ചു ബാലൻസ് ചെയ്തുകൊണ്ട് അവൾ അമ്പരന്നു .
“കുന്തം ..ഇനി മിണ്ടിയാൽ എന്റെ വായിന്നു നല്ലത് കേൾക്കും …”
ഞാൻ കട്ടായം പറഞ്ഞു സ്വല്പം വെയ്റ്റ് ഇട്ടു . അതോടെ കക്ഷി ഒന്നടങ്ങി . പക്ഷെ അങ്ങോട്ടേക്ക് അത്യാവശ്യം ദൂരം ഉള്ളതുകൊണ്ട് അധിക നേരം ഒന്നും മിണ്ടാതെ അടങ്ങിയൊതുങ്ങി ഇരിക്കാൻ അവൾക്കോ എനിക്കോ പറ്റുമായിരുന്നില്ല. കുറച്ചു നേരം മുഖം വീർപ്പിച്ചിരുന്ന ശേഷം അവള് തന്നെ എന്നെ കെട്ടിപിടിച്ചിരുന്നു .
“സോറി ….ഞാൻ തമാശക്ക് ചെയ്യണതല്ലേ കണ്ണാ , അതിനു നീയെന്തിനാ ചൂടാവണെ ..”
മഞ്ജു എന്റെ ദേഷ്യം ഓർത്തു പയ്യെ ചോദിച്ചു .
“സൗകര്യം ഉണ്ടായിട്ട് ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു വണ്ടിയുടെ വേഗം സ്വല്പം കൂട്ടി .
“എന്തിനാ ഇത്ര ധൃതി….പയ്യെ പോയാൽ മതിയെടാ…”
സ്പീഡ് കൂടുന്നത് കണ്ടു മഞ്ജുസ് സ്വല്പം ഭയത്തോടെ പറഞ്ഞു . കാറ്റിൽ അവളുടെ ശബ്ദം സ്വല്പം മുറിഞ്ഞാണ് ഞാൻ കേട്ടത് . ഒപ്പം അവളുടെ മുടിയിഴകളും വല്ലാതെ പാറികളിക്കുന്നുണ്ട്.
“കവി….കവി….”
എനിക്ക് റെസ്‌പോൺസ് ഒന്നും ഇല്ലാത്തതുകൊണ്ട് മഞ്ജു വീണ്ടും തോണ്ടി വിളിച്ചു.
“എന്താ ?”
ഞാൻ സ്വല്പം ഉറക്കെ തന്നെ ചോദിച്ചു .
“ഒന്നും ഇല്ല ..ഒന്ന് കൂൾ ആവെടോ..”
അവൾ എന്നെ കെട്ടിപിടിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“എടി..ആരേലും കാണും …നീ എന്താ ഈ കാണിക്കുന്നേ ..”
അവളുടെ പതിവില്ലാത്ത സ്നേഹ പ്രകടനം ഓർത്തു ഞാൻ പെട്ടെന്ന് ഒന്ന് ശബ്ദം താഴ്ത്തി . സ്വല്പം ആളുകളും കടകളുമൊക്കെ ഉള്ള സ്ഥലത്തുകൂടിയാണ് ബൈക്ക് ആ സമയം പോയിക്കൊണ്ടിരുന്നത് . അതുകൊണ്ട് തന്നെ അവളുടെ ഒട്ടിയുള്ള ഇരുത്തവും കെട്ടിപിടുത്തവും ചിലരൊക്കെ ശ്രദ്ധിക്കുന്നുണ്ട്.സംഭവം ഞങ്ങളെ ആ പ്രദേശത്തൊന്നും അങ്ങനെ ആരും അറിയില്ലെങ്കിലും എനിക്കെന്തോ പെട്ടെന്ന് ഒരു നാണം തോന്നി .
“കണ്ടോട്ടെ .പക്ഷെ ഞാൻ കണ്ണടച്ചിട്ടാ ഇരിക്കുന്നെ ..സോ നോ വറീസ് ”
മഞ്ജു ചിരിയോടെ പറഞ്ഞു എന്റെ പുറത്തു ചുംബിച്ചു . പറഞ്ഞ പോലെ തന്നെ എന്റെ പുറത്തു മുഖം ചായ്ച്ചു കക്ഷി കണ്ണും പൂട്ടിയാണ് ഇരുന്നത് ..അതുകൊണ്ട് വഴിവക്കിലുള്ളവരെ ഒന്നും അവള് കാണുന്നില്ല !