“എടാ..നോക്കീം കണ്ടും ഒകെ പതുക്കെ പോയാ മതി ..പിന്നെ അവിടെ എത്തിയാൽ ഒന്ന് മിസ് അടിച്ചോളുണ്ട് ..”
ഞാൻ എവിടെക്കേലും ഇറങ്ങാൻ തുടങ്ങിയാൽപറയാറുള്ള സ്ഥിരം ക്ളീഷേ ഡയലോഗ് അമ്മ വീണ്ടും ആവർത്തിച്ചു . അതിനു ചെറിയൊരു പുഞ്ചിരിയോടെ തലയാട്ടി ചിരിച്ചു ഞാൻ ഉമ്മറത്ത് നിന്നും എഴുനേറ്റു .പിന്നെ പോകാമെന്ന ഭാവത്തിൽ മഞ്ജുസിനെ നോക്കി . അവൾക്കും സമ്മതം!
നേരം കളയാതെ അഞ്ജുവിനോടും അമ്മയോടും യാത്ര പറഞ്ഞു കിഷോർ എനിക്ക് സമ്മാനിച്ച ബൈക്കിൽ ഞാൻ കയറിയിരുന്നു . അതിന്റെ പുറകിലായി മഞ്ജുവും വന്നു കയറി ഒരുവശം ചെരിഞ്ഞിരുന്നു . ഹാൻഡിലിൽ തൂക്കിയിരുന്ന ഹെൽമെറ്റ് ഞാൻ തലയിലിട്ടുകൊണ്ട് അവളുടെ കയ്യിലിരുന്ന ബാഗ് കൈനീട്ടി വാങ്ങി അത് ടാങ്കിനു മുകളിൽ ഒതുക്കിവെച്ച് ബൈക്ക് സ്റ്റാർട്ട് ചെയ്തു .
“എന്ന ശരി അമ്മാ…പോയിട്ട് വരാം…”
ഞാൻ ആക്സിലറേറ്റർ ഒന്ന് റൈസ് ചെയ്തുകൊണ്ട് അമ്മയെയും അഞ്ജുവിനെയും നോക്കി പറഞ്ഞു . ഒപ്പം മഞ്ജുവും ഒന്ന് പിന്താങ്ങി ! അവരുടെ ഗ്രീൻ സിഗ്നൽ കിട്ടിയതോടെ ഞാൻ പയ്യെ വണ്ടി മുന്നോട്ടെടുത്തു . ഗേറ്റ് കടക്കും വരെ സ്വല്പം ഗ്യാപ് ഇട്ടിരുന്ന മഞ്ജുസ് അത് കഴിഞ്ഞതും അവളുടെ വലതു കൈ എന്റെ വയറിലോട്ടു നീട്ടി വട്ടംപിടിച്ചു എന്നിലേക്ക് ചേർന്നിരിക്കാൻ തുടങ്ങി . കാറ്റിൽ പാറുന്ന ഷോൾ ഒക്കെ മഞ്ജു പണിപ്പെട്ടു നേരെ പിടിച്ചുവച്ചു .
അവളുട കൈത്തലം എന്റെ വയറിൽ അമർന്നതും ഞാൻ ഒന്ന് ഇക്കിളിയെടുത്ത പോലെ പിടഞ്ഞു .
“എടി പയ്യെ പിടിക്കെടി ..എനിക്ക് ഇക്കിളി ആവും ”
ഞാൻ അവളുട പിടുത്തം ഓർത്തു ചിരിയോടെ പറഞ്ഞു . ഹെൽമെറ്റിന്റെ ഗ്ലാസ് ഉയർത്തിവെച്ചതുകൊണ്ട് ഞാൻ പറയുന്നത് അവൾക്കു വ്യക്തമായി കേൾക്കാമായിരുന്നു .
“ഓ പിന്നെ ..”
മഞ്ജുസ് എന്റെ വാദം തള്ളിക്കൊണ്ട് പുച്ഛം വാരിവിതറി . പിന്നെ എന്നെ രണ്ടു കൈകൊണ്ടും വരിഞ്ഞു മുറുക്കി .
“സ്….നീ ഇത് എവിടെയെങ്കിലും കൊണ്ട് മറിച്ചിടുന്ന വരെ ഉണ്ടാകും തെണ്ടി ”
അവളുടെ പിടുത്തം ഓർത്തു ഞാൻ സ്വല്പം ദേഷ്യത്തോടെ പറഞ്ഞെങ്കിലും കക്ഷിക്ക് മനം മാറ്റം ഒന്നും ഇല്ല .കാറ്റിൽ അവളുടെ മുടിയിഴകൾ വല്ലാതെ പാറിപറക്കുന്നുണ്ട് . അതെന്റെ പുറത്തും പയ്യെ തട്ടി തലോടുന്നുണ്ട് ! സ്വല്പം നേരം അങ്ങനെ ഇരുന്ന ശേഷം മഞ്ജു വീണ്ടും മിണ്ടി തുടങ്ങി . ഞാൻ ആ സമയം വണ്ടി ഓടിക്കുന്നതിൽത്തന്നെ ശ്രദ്ധയൂന്നി . അധികം ആളില്ലാതെ മേഖലയിലൂടെയാണ് വണ്ടി നീങ്ങുന്നത്.
“കവി..ഒന്ന് നിർത്തിക്കെ ..ഞാൻ രണ്ടു സൈഡില് കാലിട്ടു ഇരിക്കാം . ഇതൊരു സുഖം ഇല്ലെടാ… ..”
ഒരുവശം ചെരിഞ്ഞിരിക്കുന്ന ബുദ്ധിമുട്ടോർത്തു പെട്ടെന്ന് അവൾ എന്റെ പുറത്തു തട്ടി.
“ആഹ്..ഉള്ള സുഖത്തിൽ അങ്ങിരുന്നോ. ഇനിയിപ്പോ നിർത്താനൊന്നും പറ്റില്ല ”
ഞാൻ അവളുടെ ഇടക്കിടെയുള്ള മനം മാറ്റം ഓർത്തു സ്വല്പം കാര്യമായി തന്നെ പറഞ്ഞു .