“ആഹ്…നന്നായിട്ടു പോണൂ വല്യമ്മാമ . പിന്നെ വിവേകേട്ടൻ എവിടെ ? വന്നിട്ടുണ്ടെന്ന് പറഞ്ഞിട്ട് ആളെ ഇവിടെങ്ങും കണ്ടില്ലല്ലോ ?”
ഞാൻ ചെറിയ സംശയത്തോടെ ചോദിച്ചു .
“ആഹ്..അവൻ നിങ്ങള് വരുന്നെന്റെ തൊട്ടു മുന്നേ എങ്ങോട്ടോ പോകാൻ ഉണ്ടെന്നു പറഞ്ഞു ഇറങ്ങിയതാ. എന്തോ ആവശ്യത്തിന് ടൗണിലൊന്നു പോണമെന്നൊക്കെ പറഞ്ഞു ..”
കൃഷ്‌ണൻ മാമ പതിവ് ചിരിയോടെ പറഞ്ഞു .
“മ്മ്..പിന്നെ കാർത്തി വിളിക്കാറില്ലേ ? അവനു അവിടന്ന് പോരാൻ ഉള്ള പ്ലാൻ ഒന്നും ഇല്ലല്ലേ ?”
ബാംഗ്ലൂരിൽ പഠിക്കുന്ന കൃഷ്‌ണൻ മാമന്റെ രണ്ടാമത്തെ പുത്രന്റെ കാര്യം ഓർത്തു ഞാൻ ചിരിയോടെ തിരക്കി . സപ്പ്ളി കൂടി കൂടി അവനിപ്പോ സ്വന്തം വീട്ടില് വരാൻ തന്നെ നാണക്കേടു ആണ്.
“ആഹ്..അതിന്റെ കാര്യം ഒന്നും പറയണ്ട . കാശു കുറെ കളഞ്ഞെന്നാല്ലാതെ ചെക്കന് ഒരു കൂട്ടവും ഇല്ല . ”
കൃഷ്ണൻ മാമ ഒഴുക്കൻ മട്ടിൽ പറഞ്ഞു . ഏതാണ്ട് എന്റെ സമ പ്രായം ആണ് കാർത്തിക് !
എന്റെയും കൃഷ്ണൻ മാമയുടെയും സംസാരം അങ്ങനെ നീണ്ടു പോകുന്നതിനിടെ മോഹനവല്ലി അമ്മായി ഉമ്മറത്തേക്ക് വന്നു എന്നെ ചായ കുടിക്കാനായി അകത്തേക്ക് ക്ഷണിച്ചു . ഞാൻ കൃഷ്ണൻ മാമയെയും കൂടെ കമ്പനിക്ക് വിളിച്ചെങ്കിലും പുള്ളി കുറച്ചു മുന്നേ കഴിച്ചെന്നു പറഞ്ഞു ഒഴിഞ്ഞു മാറി . ഒടുക്കം ഞാൻ ഒറ്റക്ക് തന്നെ ഹാളിലേക്ക് കയറി .
വീണയും മഞ്ജുസും ഡൈനിങ് ടേബിളിനു ചുറ്റുമിട്ട കസേരകളിൽ കയറി ഇരിപ്പുണ്ട്. എന്നെ പ്രതീക്ഷിച്ചെന്നോണമുള്ള ഇരിപ്പാണ് രണ്ടുപേരും . ടേബിളിൽ ചായയും പലഹാരങ്ങളുമൊക്കെ നിരത്തി വെച്ചിട്ടുണ്ട് .
“ഇതെന്താ അമ്മായി ഒരു ബേക്കറി കട മൊത്തം ഉണ്ടല്ലോ ?”
മേശപ്പുറത്തിരുന്ന പലഹാരങ്ങൾ നോക്കി ഞാൻ ചിരിയോടെ പറഞ്ഞു .
“അതിനിപ്പോ കണ്ണേട്ടനോട് അത് ഫുൾ തിന്നാനൊന്നും ആരും നിര്ബന്ധിച്ചില്ലല്ലോ ..”
ഞാൻ പറഞ്ഞു നിർത്തിയതും വീണ ഇടക്ക് കയറി പറഞ്ഞു . മഞ്ജുസും അതുകേട്ടു ഒന്ന് അടക്കി ചിരിച്ചു.
“നീ കൂടുതൽ കിന്നാരം പറയാതെ ഇരുന്നു കഴിക്കെടാ കണ്ണാ ..”
മോഹനവല്ലി അമ്മായിയും ചിരിച്ചുകൊണ്ട് എന്നെ പിടിച്ചു കസേരയിലേക്കിരുത്തി . മഞ്ജുസും വീണയും ഇരിക്കുന്നതിന് അടുത്ത് തന്നെയായാണ് എന്റെയും ഇരിപ്പിടം !
“അല്ല..അമ്മായി , മുത്തശ്ശി തറവാട്ടിൽ ആണോ ? ഈയാഴ്ച എവിടെയാ ?”
ഞാൻ മുത്തശ്ശി ഏതു വീട്ടിൽ ആണെന്ന് അറിയാൻ വേണ്ടി സംശയത്തോടെ ചോദിച്ചു .
“ആഹ്..അമ്മ തറവാട്ടിൽ തന്നെയാ . ബിന്ദുവും മക്കളും കൂടി അവളുടെ വീട്ടിൽ പോയൊണ്ട് ഈയാഴ്ച അവിടെ തന്നെ നിന്നോട്ടെ എന്ന് വിനീത വിളിച്ചു പറഞ്ഞു ”
മോഹനവല്ലി അമ്മായി ചിരിയോടെ പറഞ്ഞു . ഓരോ ആഴ്ചയും ഓരോ ആണ്മക്കളുടെ വീട്ടിലായാണ് മുത്തശ്ശിയുടെ താമസം ! കൂട്ടത്തിൽ മുത്തശ്ശിക്ക് ഏറ്റവും പ്രിയം കുഞ്ഞാന്റിയെ ആണ് .
“ആഹ്…”
ഞാൻ പയ്യെ മൂളികൊണ്ട് ചായ ഗ്ലാസ് എടുത്തു പിടിച്ചു . പിന്നെ പയ്യെ അത് ഊതി കുടിക്കാൻ തുടങ്ങി . മഞ്ജു അപ്പോഴും ഞങ്ങളുടെ സംസാരമൊക്കെ ശ്രദ്ധിച്ചു പാവത്താൻ ചമഞ്ഞു ഇരിപ്പാണ് . എന്റെ കുടുംബക്കാരുടെ ഇടയിൽ അതുകൊണ്ട് തന്നെ ടീച്ചർക്ക് നല്ല അഭിപ്രായം ആണ് !