വന്ന അന്ന് തന്നെ അവൻ പെങ്ങളേയും അമ്മയേയും കൂട്ടി പെണ്ണ് കാണാൻ പോയി.. ഫോട്ടോയിൽ കണ്ട ആ സുന്ദരിക്കുട്ടിയെ നേരിൽ കണ്ട് അവനിഷ്ടമായി.. പെട്ടെന്ന് തന്നെ കല്യാണത്തിനുള്ള തീയ്യതിയും നിശ്ചയിച്ചു..
വീട്ടിൽ കല്യാണ ഒരുക്കങ്ങൾ നടക്കുകയാണ്.. മനോജിന്റെ മുറിക്ക് മാത്രം വാതിലും ജനൽ പാളികളും വെച്ചു.. നിലം ടൈൽസിട്ടില്ലെങ്കിലും ചുവര് പെയ്ന്റടിക്കാൻ മനോജിന് ആഗ്രഹം തോന്നി.. ബാലുവാണ് പെയ്ന്റടിക്കുന്നത്..
“എന്റെ ബാലൂ… നിന്നോട് ഞാനന്നേ പറഞ്ഞതാ എന്റൊപ്പം ഗൾഫിലേക്ക് പോരാൻ… എങ്കി നിനക്കിപ്പോ ഈ പെയിന്റും ഇളക്കി ഇവിടെ കിടക്കണമായിരുന്നോ… ?”..
പെയ്ന്റ് മിക്സ് ചെയ്യുന്ന ബാലൂനെ മനോജ് കളിയാക്കി..അല്ലെങ്കിലും വന്നപ്പോ തൊട്ട് ബാലു ശ്രദ്ധിച്ചതാണ് മനോജിന്റെ മാറ്റം.. അവന് നല്ല അഹങ്കാരം കൂടിയിട്ടുണ്ടെന്ന് ബാലൂന് തോന്നി..
“നീ നോക്ക് ബാലൂ, എനിക്കൊരു വീടായി… ഇപ്പോ പെണ്ണും കിട്ടി… നീയിങ്ങനെ വല്ല വീട്ടിലും പെയ്ന്റടിച്ച് നടന്നോ… നിനക്കും വേണ്ടേ ബാലൂ ഒരു കല്യാണം… അല്ലെങ്കിലും നിനക്കൊക്കെ ആര് പെണ്ണ് തരാനാ… ഹ… ഹ… ഹാ…”..
ആത്മാർത്ഥ സുഹൃത്തായിട്ടും മനോജ്, ബാലുവിനെ ക്രൂരമായി പരിഹസിച്ചു.. ബാലു ചിരിച്ചതേ ഉള്ളൂ… എന്നാലും മനോജ് ഇത്രക്ക് അഹങ്കാരിയായത് അവനെ അതിശയിപ്പിച്ചു..
“നീ ഇതൊന്ന് നോക്കിയേ ബാലൂ… ഇതാണ് ജിഷ… ഇത്ര സുന്ദരിയായ ഒരു പെണ്ണ് നമ്മുടെ നാട്ടിലുണ്ടോ… ?.
ഇവളെ എനിക്ക് കിട്ടിയത് ഞാൻ ഗൾഫ് കാരനായത് കൊണ്ടാ… അതാ ഞാൻ പറഞ്ഞത് നീ ഇവിടെക്കിടന്ന് ചുറ്റിത്തിരിയാതെ ഗൾഫിലേക്ക് വാന്ന്…”..