പകരം വൈകുന്നേരം വീട്ടിലെത്തി പേനയും ബ്ലെയിഡുമെടുത്തു നേരേ റൂമിൽകയറി കതകടച്ച് കൊത്തുപണി തുടങ്ങി…
പേനകൊണ്ട് ബോഡറൊക്കെവരച്ച് അളവുതെറ്റാതെ അതിലൂടെ ബ്ലേഡുകൊണ്ട് വരഞ്ഞെഴുതുമ്പോഴുള്ള വേദനപോലും ഞാൻ കടിച്ചുപിടിച്ചു…..
സ്നേഹിയ്ക്കുന്ന പെണ്ണിനു വേണ്ടിയെത്ര വേദന സഹിയ്ക്കാനുമൊരുക്കമായിരുന്ന എന്റെ മനസ്സേ… ഹൊ.! പാവം ഞാൻ.!
ബ്ലേഡ്കൊണ്ടു വരഞ്ഞെഴുതിയിട്ടു തെളിച്ചംപോരെന്നു തോന്നിയപ്പോൾ എഴുതിയഭാഗം ഒന്നമർത്തിഞെക്കി രക്തംപൊടിയിച്ചെങ്കിലും ഒരു തൃപ്തിവന്നില്ല… അങ്ങനെ ചുവന്ന സ്കെച്ച് പെന്നുകൊണ്ട് ചെറിയൊരു ഡെക്കറേഷനൊക്കെ നടത്തി അവസാനമെത്തിയപ്പോൾ ചെറിയൊരു ഡൌട്ട്, മീനാക്ഷിയെന്നെഴുതുമ്പോൾ അവസാനം “ഐ” യാണോ “വൈ” യാണോന്ന്…
അപ്പോഴേയെന്റെ പ്രായോഗിക ബുദ്ധിയുണർന്നു…
മുകളിലത്തെ കുത്തിടാതെ “ഐ” ഇടാം… അങ്ങനെവരുമ്പോൾ ഇനി “വൈ” ആണേലും തിരുത്താലോ…
അന്നൊക്കെ സ്കൂളിലും വഴിയിലുമൊക്കെ അലച്ചിട്ടുവരുന്നതുകൊണ്ട് കുളിച്ചശേഷമേ അമ്മ വൈകുന്നേരത്തെ ചോറുതരുള്ളൂ…
കുളിയ്ക്കുവാണേൽ അടിച്ചിറക്കിയ റ്റാറ്റു മാഞ്ഞുപോയാലോന്നു കരുതി അമ്മകാണാതെ ഉമ്മറം വഴിയിറങ്ങിയോടി…
ഓടുമ്പോഴും ചെറിയമ്മയോ ശ്രീക്കുട്ടനോ പുറത്തില്ലെന്നുറപ്പു വരുത്താനുമൊക്കെ എന്നെയാരും പഠിപ്പിയ്ക്കേണ്ട കാര്യമില്ലെന്നു നിങ്ങൾക്കറിയാലോ… ല്ലേ..??
യൂണിഫോം ഷർട്ട് ഹാഫ്സ്ലീവായതു കൊണ്ട് കയ്യിലെ റ്റാറ്റു ആരെങ്കിലും കാണുമോന്നുള്ള പേടിയോടെ ഇടതുകൈയും പിന്നിലൊളിപ്പിച്ചു കൊണ്ട് ഞാനൂടുവഴിയോടി…