അന്നത്തെയാ സംഭവത്തിനുശേഷം അവൾക്കെന്നോടെന്തോ താല്പര്യമുണ്ടെന്ന് ഞാനുറച്ചുവിശ്വസിച്ചു…
അല്ലെങ്കിൽ ഉമ്മതരില്ലല്ലോ…
പോരാത്തതിന് കടിച്ചവിവരവും ലവ് ലെറ്ററു കൊടുത്തതുമൊന്നും ആരോടുംപറഞ്ഞതുമില്ല…
അതിൽപ്പിന്നെ ഓരോരോ കാരണങ്ങളുണ്ടാക്കി അവളുടെ വീട്ടിലേയ്ക്കു പോകാനുള്ളത്വരയും കൂടിവന്നു…
ആദ്യത്തെ ഒന്നുരണ്ടുതവണ കടിച്ചതിനു വേദനയുണ്ടോന്നറിയാനായ്രുന്നൂ പോക്ക്… ഇല്ലെന്നവൾ പറഞ്ഞെങ്കിലും വേണമെങ്കിൽ ഊതിത്തരാം എന്നുവരെ ഞാൻ വാഗ്ദാനംചെയ്തു…
കുറച്ചെങ്കിലും വേദന ബാക്കിനിൽപ്പുണ്ടെങ്കിൽ അതങ്ങുപോട്ടെ എന്നതായിരുന്നു എന്റെ മനസ്സിലിരിപ്പ്…
എന്തായാലും അതവൾ വേണ്ടാന്നു പറഞ്ഞെന്നെ ഒഴിവാക്കി…
പിന്നെപ്പിന്നെയവളെ കാണാനുള്ള ഒരവസരവും ഞാൻ പാഴാക്കിയില്ല…
ക്ഷേത്രത്തിലേയ്‌ക്കോ അല്ലെങ്കിലേതെങ്കിലും കല്യാണത്തിനോ ഒക്കെ പോകുമ്പോൾ കീത്തുവേച്ചിയ്ക്കും മീനാക്ഷിയ്ക്കും ഞാനെസ്‌കോർട്ടായി…
അവള് നോക്കി ചിരിയ്ക്കുന്നതും വാർത്താനംപറയുന്നതുമെല്ലാം എന്നോടുള്ള മുടിഞ്ഞ പ്രേമംകൊണ്ടാണെന്ന് കരുതിനടന്ന സമയം…
അങ്ങനെയെന്റെ പ്രണയത്തിന്റാഴമെത്രയാന്ന് അവളെ ബോധ്യപ്പെടുത്തുന്നതിനായി എന്തു ചെയ്യണമെന്നാലോചിച്ചു നടക്കുമ്പോഴാണ് ഓണാവധികഴിഞ്ഞ് ക്ലാസ്സിൽവന്നൊരു ചെക്കൻ കയ്യിൽ സ്വന്തംപേര് റ്റാറ്റു കുത്തിയതു കാണുന്നത്…
അതിൽപരം വേറൊരൈഡിയയില്ലല്ലോ…
ഇപ്പൊ നിങ്ങള് വിചാരിയ്ക്കുന്നുണ്ടാവും ഞാനുംപോയി റ്റാറ്റു അടിച്ചെന്ന്…
പക്ഷേ, ഇല്ല… അന്നെനിയ്ക്കു ഭയങ്കര ബുദ്ധിയായ്രുന്നു… റ്റാറ്റു അടിച്ചാൽ വീട്ടിൽപൊക്കോന്നും അതിന്റെകേസില് തല്ലുകൊള്ളോന്നുമൊക്കെയുള്ള വിവരമുള്ളോണ്ട് ആ പണി ചെയ്തില്ല…