ഉടനെ പാഞ്ഞുചെന്ന ഞാൻ മീനാക്ഷിയെ വിളിച്ചെഴുന്നേല്പിയ്ക്കാനൊരു ശ്രെമവുംനടത്തി…
“”…മീനുവേച്ചീ… വായെണീറ്റേ… ദേയമ്മ വിളിയ്ക്കുന്നുണ്ട്..!!”””_ ഞാനവളെ കുലുക്കി വിളിച്ചെങ്കിലുമവളനങ്ങിയില്ല…
കുറേപ്രാവശ്യം കൂടി വിളിച്ചിട്ടുമൊരനക്കവുമില്ല…
വയറുംപൊത്തിപ്പിടിച്ച് അതേയിരിപ്പ്…
ഞാൻനല്ല വൃത്തിയ്ക്കു ഞെട്ടി…
ചെവിയോർത്തു നോക്കിയപ്പോൾ കരയുന്നയൊച്ചയുമില്ല…
മുട്ടുമടക്കി കൈയാ മുട്ടുകളിൽചുറ്റി, അതിലേയ്ക്കു മുഖം പൂഴ്ത്തിയിരിക്കുന്നതിനാൽ മുഖവും കാണാൻപറ്റുന്നില്ല…
ഇരുന്നയിരിപ്പിലവളുടെ ബോധം പോയെന്നാണ് ഞാനപ്പോൾ കരുതിയത്…
അതോടൊറ്റ നിമിഷംകൊണ്ട് ഞാനാകെ വിയർത്തുകുളിച്ചു, ആരെയും പിടിച്ചു കടിയ്ക്കരുതെന്നുള്ള അച്ഛന്റെ ഉഗ്രശാസനമുള്ളതാണ്…
എന്നാലതും തെറ്റിച്ചാണിപ്പോൾ മീനാക്ഷിയെ കടിച്ചു ബോധം കെടുത്തിയിരിയ്ക്കുന്നത്…
ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ ഞാനാകെ പകച്ചുനിന്നു…
പിന്നെ രണ്ടുംകൽപിച്ചു വീണ്ടുമവളെ കുലുക്കി എണീപ്പിയ്ക്കാൻനോക്കി…
ആദ്യമൊക്കെ അത്യാവശ്യം ധൈര്യത്തോടെയാണ് വിളിച്ചതെങ്കിലും അവളനങ്ങാതെ വന്നതോടെ അതുപിന്നൊരേങ്ങലടിയും കരച്ചിലുമൊക്കെയായി മാറി…
“”…എന്നെ കളിയാക്കിയ കൊണ്ടല്ലേ ഞാങ്കടിച്ചേ… അച്ഛനെന്നോടാരേം കടിക്കല്ല്ന്ന് പറഞ്ഞയാ… അറിയാണ്ടാ ഞാങ്കടിച്ചോയെ… എണീര് മീനുവേച്ചീ..!!”””_ ന്നൊക്കെ പതംപറഞ്ഞുള്ളയെന്റെ കരച്ചിലിന്റവസാനമാണ് മീനാക്ഷിയൊന്നു മുഖമുയർത്തിയത്…
അവളെന്നെനോക്കി കളിയാക്കി ചിരിച്ചുകൊണ്ടാണ് എഴുന്നേറ്റതെങ്കിലും എനിയ്ക്കപ്പോൾ ജീവൻ തിരിച്ചുകിട്ടിയ സന്തോഷമായിരുന്നു…