“”…സിത്തു മേലെയുണ്ടോ ആന്റീ..??”””_ കുറച്ചുകഴിഞ്ഞ് സ്റ്റെയറിന്റെ താഴെനിന്നും മീനാക്ഷിയുടെ ചോദ്യമുയർന്നപ്പോൾ ഉണ്ടെന്നുള്ള അമ്മയുടെ മറുപടികേട്ടതും ഞാൻ കട്ടിലിൽനിന്നും എഴുന്നേറ്റോടി മേശയിൽനിന്നൊരു നോട്ട്ബുക്ക് വലിച്ചെടുത്തു…
അവള് സ്റ്റെയറു കയറിവരുന്ന കാലൊച്ചയറിഞ്ഞതും ഞാൻ ബുക്കുമെടുത്ത് കസേരയിലേയ്ക്കിരുപ്പുറപ്പിച്ചു…
“”…ഹലോ… ഞാനകത്തേയ്ക്കു വന്നോട്ടേ..??”””_ ചെറുചിരിയോടെ വാതിൽക്കൽനിന്നെത്തി നോക്കിക്കൊണ്ട് മീനാക്ഷിചോദിച്ചതും ഞാൻ മുഖംകുനിച്ചു നോട്ട്ബുക്കിലെ അക്ഷരങ്ങളിലേയ്ക്കു കണ്ണുകളെ പൂഴ്ത്തി…
ആദ്യത്തെയാ ഞെട്ടൽ മീനാക്ഷിയുടെ മുഖത്തെ ചിരിയോടെ മാഞ്ഞെങ്കിലും പായസം കുടിയ്ക്കാഞ്ഞതിലുള്ള ദേഷ്യമെന്റെയുള്ളിലുണ്ടായിരുന്നു…
അതുകൊണ്ടുതന്നെ ഒന്നു പാളിനോക്കിയശേഷം ഞാൻ മുഖം കുനിച്ചിരുന്നു…
“”… ആഹാ.! നല്ല ദേഷ്യത്തിലാണല്ലോ… എന്തോപറ്റി… അമ്മ വഴക്കുപറഞ്ഞോ..??”””_ അവളൊരീണത്തിൽ ചോദിച്ചു കൊണ്ടകത്തേയ്ക്കു വന്നതും ഞാൻ ദേഷ്യത്തിൽ ബുക്കുമെടുത്ത് കസേരയോടെ തിരിഞ്ഞിരുന്നു…
“”…അതേ… കൊറേ നേരായ്ട്ട് എനിക്കിച്ചിരി പായിസങ്കുടിയ്ക്കാനൊരു കൊതി… കൊറച്ചു പായിസോണ്ടാവോ തരാൻ..??”””_ അവൾ ചുണ്ടുകളെകടിച്ചുപിടിച്ചു ചിരിയടക്കാൻ ശ്രമിയ്ക്കുമ്പോൾ ഞാൻ കണ്ണുകൾ തുറിച്ചവളെയൊന്നു നോക്കി…
എന്റെ നോട്ടംകണ്ടതും അവൾവീണ്ടും തന്റെ ചോദ്യമാവർത്തിച്ചു… അതും ചിരിയോടെ, എന്നെ കളിയാക്കാമ്മേണ്ടിത്തന്നെ… അതെനിക്കങ്ങോട്ടു പിടിച്ചില്ല…