3.20 നു ആണ് ട്രെയിൻ വന്നത്.. ജനറൽ ആയതിനാൽ നല്ല തിരക്കുണ്ട്.. തള്ളിയിടിച്ചു കയറി. ഭാഗ്യത്തിന് സീറ്റുകിട്ടി. മറ്റന്നാൾ രാവിലെ ട്രെയിൻ അവിടെ എത്തു.. കഴിഞ്ഞുപോയ സംഭവങ്ങൾ എല്ലാം വീണ്ടും വീണ്ടും മനസ്സിലേക്ക് ഒരു സിനിമ പോലെ തെളിഞ്ഞു വന്നു.. അതെല്ലാം ഓർത്ത് കണ്ണ് നിറഞ്ഞു.. ആ വിഷമത്തിൽ എപ്പോഴോ ഒന്ന് മയങ്ങി.
സമയം രാത്രി 9 മണിയായി.. ഇനിയും കാത്തിരിക്കണം വീടുത്തുവാൻ. എങ്ങനെയേലും എത്തിയിരുന്നേൽ..
സമയം രാവിലെ ആറു മണിയാകുന്നു. ഇനിയും മുക്കാൽ മണിക്കൂർ കൂടി കഴിഞ്ഞാലേ എനിക്കിറങ്ങാനുള്ള സ്ഥലമാകു. ഓരോ മിനിറ്റും ഓരോ മണിക്കൂർ പോലെ തോന്നുന്നു. അമ്മ എന്നെ കൊന്നാലും വേണ്ടില്ല, എങ്ങനെയെങ്കിലും വീടെത്തി എൻറെ മനസ്സിലെ വിഷമങ്ങൾ ഇല്ലാതാക്കണം. കഴിഞ്ഞ ദിവസം ചേച്ചിയെ വിളിച്ചതല്ലാതെ പിന്നീട് ഞാൻ വിളിച്ചില്ല. ഞാൻ മടങ്ങിവരും എന്നൊരു മറുപടി മാത്രമേ കൊടുത്തോളു.. എപ്പോൾ മടങ്ങിവരുമെന്ന് പറഞ്ഞില്ല. എനിക്ക് ഇറങ്ങാനുള്ള സ്ഥലം എത്തുന്നതും കാത്തു ഞാനിരുന്നു. .
വലിയൊരു ചൂളം വിളിയോടെ ട്രെയിൻ നിന്നു. ഞാൻ ഇറങ്ങി. വീടിനടുത്താണ് സ്റ്റേഷൻ. ആർക്കും മുഖം കൊടുക്കാതെ വേഗത്തിൽ വീട്ടിലേക്ക് നടന്നു.
വീട് അടുക്കുംതോറും ഉള്ളിലെ ഭയം കൂടി വരുന്നു. അമ്മയെ എങ്ങനെ ഫേസ് ചെയ്യും. അമ്മയ്ക്ക് എന്നോടുള്ള ദേഷ്യവും സങ്കടങ്ങളും മാറിയോ എന്നറിയില്ല. “ഇറങ്ങിപ്പോടാ പെഴച്ചവനെ.. എന്ന് അമ്മയുടെ ആക്രോശം ഇപ്പോഴും കാതുകളിൽ മുഴങ്ങുന്നു. അല്പം ധൈര്യം സംഭരിച്ച് നടന്നു വീടിൻറെ മുറ്റത്തെത്തി. ആരെയും കാണുന്നില്ല നല്ല നിശബ്ദത. ഇങ്ങനെ ഒരു അവസ്ഥയിൽ ഈ വീട് കണ്ടതായി എൻറെ ഓർമ്മയിൽ ഇല്ല. അകത്തേക്ക് കയറിയാലോ എന്നൊരു നിമിഷം ആലോചിച്ച് ഞാൻ അകത്തേക്ക് കയറി ചേച്ചിയാണ് എന്നെ കണ്ടത് മനുക്കുട്ടാ എന്നും വിളിച്ചു ചേച്ചി ഓടിവന്നു . ചേച്ചിയുടെ കരച്ചിൽ കേട്ട് മുറിയിൽ കിടന്നിരുന്ന അമ്മയും പുറത്തേക്ക് ഓടിവന്നു. എന്നെ കെട്ടിപ്പിടിച്ച് രണ്ടുപേരും കരഞ്ഞു. വീട്ടിലെ ബഹളവും കരച്ചിലും ഒക്കെ കേട്ട് അപ്പുറത്ത് നിന്നും ഒന്ന് രണ്ട് അയൽവാസികളും കൂടി വന്നു.
കുറെ നേരത്തേക്ക് വീടാകെ കരച്ചിലും ബഹളവും. ഇതിനിടയ്ക്ക് ആരൊക്കെയോ ചോദിക്കുന്നുണ്ട് നീ എവിടെ ആയിരുന്നു എന്നൊക്കെ. ആ ബഹളത്തിന് ഇടയ്ക്ക് എനിക്ക് ഒന്നിനും മറുപടി പറയാൻ തോന്നിയില്ല. ക്രമേണ ക്രമേണ ബഹളം കുറഞ്ഞുവന്നു. എന്നാലപ്പോഴും അമ്മ കരയുകയാണ്. കുറെ നേരത്തിനു ശേഷം അയൽവാസികൾ ഒക്കെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പറഞ്ഞിട്ട് പലരും വീടുകളിലേക്ക് മടങ്ങി. ഒടുവിൽ ഞാനും അമ്മയും ചേച്ചിയും മാത്രമായി അവിടെ.