“ഇല്ല ഇത്താ…” ആര്യൻ അതിന് ഒന്ന് പുഞ്ചിരിച്ച ശേഷം മറുപടി നൽകി.
അവൻ അവിടെ നിന്നും ഇറങ്ങി പടികൾ കയറി കനാലിലൂടെ നടന്നു. നടക്കുന്ന വഴിയിൽ പതിവുപോലെ തന്നെ അവനെ കുറെയേറെ ചിന്തകൾ പിടികൂടിയിരുന്നു.
രാജൻ എന്ന തലവേദന ഒരു പരിധി വരെ ഇനി തന്നോട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാൻ സാധ്യത ഇല്ല എന്ന വസ്തുത സുഹറയുടെ വാക്കുകളിൽ നിന്നും ആര്യൻ മനസ്സിലാക്കി.
ചന്ദ്രികയോടുള്ള അവൻ്റെ ബഹുമാനം മനസ്സിൽ വീണ്ടും കൂടി വന്നു. ശാലിനിയോടുള്ള ചന്ദ്രികയുടെ സ്നേഹം എത്രത്തോളം ഉണ്ടെന്നും അവൻ തിരിച്ചറിഞ്ഞു.
ആര്യൻ്റെ മനസ്സിൽ ആകെയുള്ള ഒരു കനല് സുഹറയുടെ കാര്യം ഓർത്താണ്. അതും എപ്പോഴെങ്കിലും അണയും എന്ന പ്രതീക്ഷയോടെ അവൻ ഇരുട്ടിലൂടെ നടന്നു.
വീട്ടിലെത്തിയ ആര്യൻ കട്ടിലിലേക്ക് കയറി കിടന്നുകൊണ്ട് വീണ്ടും കുറെയേറെ ചിന്തകളിൽ മുഴുകി. പെട്ടെന്ന് ആരോ കതക് തുറക്കുന്ന ശബ്ദം കേട്ട് ആര്യൻ ചിന്തകൾ വെടിഞ്ഞുകൊണ്ട് ചാടി എഴുന്നേറ്റു. കൈലി മടക്കിക്കുത്തിക്കൊണ്ട് ആര്യൻ ആരാ വന്നതെന്ന് നോക്കാനായി മുറിക്ക് പുറത്തേക്ക് നടക്കാൻ ഒരുങ്ങി.
“ആഹാ ചേച്ചി ആയിരുന്നോ…?” പുറത്തേക്ക് ഇറങ്ങുന്നതിന് മുൻപ് തന്നെ അങ്ങോട്ടേക്ക് വന്ന ശാലിനിയെ കണ്ട് ആര്യൻ ചോദിച്ചു.
“ചേച്ചി ആണെങ്കിൽ…?” ശാലിനി ഒരു രസത്തിന് വേണ്ടി തിരിച്ച് ഗൗരവത്തിൽ ചോദിച്ചു.
“അല്ലാ…ഞാൻ ആലോചിച്ചു ആരാ ഒന്ന് മുട്ടുക പോലും ചെയ്യാതെ കതക് തള്ളി തുറന്ന് അകത്തേക്ക് കയറാൻ ധൈര്യം കാണിച്ചതെന്ന്…” അവൻ തമാശ രീതിയിൽ മറുപടി കൊടുത്തു.
“അതെന്താ ഇത്ര ആലോചിക്കാൻ ഞാൻ ആയിരിക്കുമെന്ന് നിനക്ക് ഊഹിച്ചൂടെ…അതോ ഇനി വേറെയും ആൾക്കാർ ഉണ്ടോ ഇവിടെ ഇങ്ങനെ കയറി വരാനും മാത്രം സ്വാതന്ത്ര്യം ഉളളവർ…?” ശാലിനി മുഖം വീർപ്പിച്ചു.
“എൻ്റെ പൊന്നോ…ആരുമില്ല ചേച്ചി മാത്രമേ ഉള്ളൂ അങ്ങനെ…ഇനി ഞാൻ ആലോചിക്കില്ല പോരേ…!” ആര്യൻ അവളുടെ വീർത്ത കവിളുകളിൽ വിരലുകൾ വെച്ച് കുത്തി പൊട്ടിച്ചുകൊണ്ട് പറഞ്ഞു.
“മ്മ്…അങ്ങനെ വഴിക്ക് വാ…എന്തായിരുന്നു ഇവിടെ പരുപാടി…പുതിയ ഏതേലും പുസ്തകം വായിക്കുവായിരുന്നോ മോൻ…?” ശാലിനി അർത്ഥം വച്ച് ചിരിച്ചു.