തുളസിദളം 3 [ശ്രീക്കുട്ടൻ]

Posted by

വൃന്ദ ഒന്നും മിണ്ടാതെ അവളെത്തന്നെ നോക്കി നിന്നു,

“എന്താടി നെനക്ക് നഷ്ടബോധം തോന്നുന്നുണ്ടോ, ഓരോരുത്തർക്കും അർഹിക്കുന്നതേ ആഗ്രഹിക്കാവു, നീ പുളിങ്കോമ്പീ പിടിക്കാൻ നോക്കിയാ നടക്കോ…? അതിനൊക്കെ ഒരു യോഗ്യത വേണം, നീയെന്താ വിചാരിച്ചേ നിന്നേ ഞാൻ സുഖിക്കാൻ വിടൂന്നോ, നീ കാരണം ഇക്കാലമത്രേം ഞാനനുഭവിച്ച നാണക്കേടിനും, വേർതിരിവിനും നിന്നെക്കൊണ്ട് കണക്ക് പറയിച്ചിട്ടേ ശില്പ അടങ്ങു…”

(നിലത്തിരുന്ന് ഭക്ഷണംകഴിക്കുന്ന കണ്ണനെ നോക്കിയിട്ട്)

“നിനക്കുംഞാൻ വച്ചിട്ടുണ്ടടാ…നോക്കിക്കോ”

ദേഷ്യത്തോടെ നോക്കിയ കണ്ണനെ അരുതെന്ന് വൃന്ദ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു,

ശേഷം ശില്പ പുറത്തിറങ്ങിപ്പോയി…

വൃന്ദയെ നോക്കിയ കണ്ണനെ ഒന്നുമില്ലെന്ന് ആംഗ്യം കാണിച്ചു അവൾ പാത്രം കഴുകാനായി തിരിഞ്ഞു, വൃന്ദക്കിപ്പോ എന്തെന്നില്ലാത്ത ഒരു ധൈര്യം വന്നിരിക്കുന്നു, എല്ലാം താൻ വിശ്വസിക്കുന്ന കാവിലമ്മ നോക്കിക്കോളും എന്നൊരു വിശ്വാസം, അവളിപ്പോ മറ്റൊന്നിനേം കുറിച്ചും ചിന്തിക്കുന്നില്ല,

••❀••

രാത്രി നന്ദൻ ഉറങ്ങാനായിക്കിടന്നു, പക്ഷേ നിദ്രാ ദേവി അവനെ തിരിഞ്ഞു നോക്കിയില്ല, പെട്ടന്നവന്റെ മൊബൈൽ ശബ്ദിച്ചു, അവൻ ഫോണെടുത്തുനോക്കി ശില്പയാണ്, അവൻ കാൾ അറ്റൻഡ് ചെയ്തു.

“ഹെലോ ശില്പ…”

അപ്പുറത്തുനിന്നും ഒരു തേങ്ങലാണ് കേട്ടത്

“ഹലോ… എന്താ ശില്പ, എന്താ താൻ കരയുന്നത്…”

നന്ദൻ കട്ടിലിഴുന്നേറ്റിരുന്ന് വേവലാതാദിയോടെ ചോദിച്ചു,

“നന്ദേട്ടനോട് ഞാൻ പറഞ്ഞതല്ലേ ഞാൻ പറയുന്നകാര്യങ്ങൾ ആരോടും പറയരുതെന്ന്…”

ശില്പ കരച്ചിലോടെ പറഞ്ഞു

“അതെ…ഇപ്പൊ എന്ത് പറ്റി…???”

“ഇന്ന് നന്ദേട്ടൻ ഉണ്ണിയോട് എന്തോ കാര്യങ്ങൾ ചോദിച്ചെന്നും പറഞ്ഞു, അച്ഛനെന്നെ പൊതിരെ തല്ലി, അതെല്ലാം ഞാം പറഞ്ഞുതന്നതാണെന്ന് ഉണ്ണി അച്ഛനോട് പറഞ്ഞു, ഞാൻ കാരണാ ഈ കല്യാണം മുടങ്ങിയതെന്നും പറഞ്ഞു അച്ഛൻ എന്നെ കൊല്ലാറാക്കി…എനിക്ക് നന്ദേട്ടനോട് അത്രക്കിഷ്ടമുണ്ടായൊണ്ടല്ലേ, നന്ദേട്ടനെ ചതിക്കാൻ കൂട്ടുനിക്കാൻ വയ്യാത്തോണ്ടല്ലേ ഞാൻ അക്കാര്യം നന്ദേട്ടനോട് പറഞ്ഞത്…”

ശില്പ പൊട്ടികരഞ്ഞുകൊണ്ട് നന്ദനോട് പറഞ്ഞു, നന്ദന് തിരികെ ഒന്നുമ്പപറയാൻ പറ്റുന്നുണ്ടായിരുന്നില്ല, അവൻ വൃന്ദയോടുള്ള ദേഷ്യത്തിൽ പല്ലുകടിച്ചുപൊട്ടിക്കുണ്ടായിരുന്നു, അതേസമയം നന്ദന് ശില്പയോട് സഹതാപം തോന്നുന്നുണ്ടായിരുന്നു,

“ശില്പ വിഷമിക്കണ്ട, എല്ലാത്തിനും വഴിയുണ്ടാക്കാം, നാളെ നേരം വെളുക്കട്ടെ, ശില്പയിപ്പോ വിഷമിക്കാതെ പോയി ഉറങ്ങിക്കോ…”

നന്ദൻ അവളെ സമാധാനിപ്പിച്ചുകൊണ്ട് ഫോൺ കട്ട്‌ ചെയ്തു…

ശില്പ ഫോൺ ചെവിയിൽനിന്നെടുത്ത് തൊട്ടടുത്തുനിന്ന രാജേന്ദ്രനെ നോക്കി ഒന്ന് ചിരിച്ചു, മറുപടിയായി അയാളും അവളെനോക്കി ചിരിച്ചു,

Leave a Reply

Your email address will not be published. Required fields are marked *