“അവൾ വല്ല യൂബെറും വിളിച്ചു പൊക്കോളും മണിച്ചേട്ടാ”
വേറെ ആരുമല്ല രാഹുലാണ് പറഞ്ഞത്. സുബാഷ് മൈ ബോയ്.
അവളുടെ പ്രതീകരണം അറിയാനായി ഞാൻ നോക്കി. ഒരു കുലുക്കവുമില്ല ഒന്നും സംഭവിക്കാത്ത പോലെ ഇരുന്ന് തിന്നുന്നു. പക്ഷേ മണി ചേട്ടന് വിഷമം ആയി എന്ന് തോന്നുന്നു. ആൾ അടുക്കളയിലേക്ക് വലിഞ്ഞു.
രാഹുൽ കഴിപ്പ് അവസാനിപ്പിച്ചു എഴുന്നേറ്റപ്പോൾ അവളും എഴുന്നേറ്റു കഴിച്ച എൻ്റെയും രാഹുലിൻ്റെയും അടക്കം കഴിച്ച പാത്രമൊക്കെ എടുത്തു കിച്ചണിൽ പോയി. മണി ചേട്ടൻ്റെ ചെവിയിൽ എന്തോ തമാശ പറഞ്ഞു പുള്ളിയുടെ വിഷമം മാറ്റി.
ഞങ്ങൾ രണ്ടു പേരും ലാപ്ടോപ്പ് ബാഗുമായി ഇറങ്ങിയപ്പോൾ അവളും കൂടെ കൂടി.ഞങ്ങളുടെ ഒപ്പം തന്നെ ലിഫ്റ്റിൽ കയറി. കാര്യം ഏതോ വില കൂടിയ പെർഫ്യൂം ആണ് അവൾ ഉപയോഗിച്ചിട്ടുളത്. അതിൻ്റെ നേർത്ത മണം നാസികയിലേക്ക് ഒഴുകി എത്തുന്നുണ്ട് എങ്കിലും അവൾ ആ ചെറിയ സ്പേസിൽ അടുത്ത് നിന്നപ്പോൾ ആകെ ഒരു ശ്വാസം മുട്ടുന്ന പോലെ.
ലിഫ്റ്റിനുള്ളിൽ അവളുടെ റിഫ്ലക്ഷൻ കാണാം. മുഖത്തു ഗൂഢമായ ചിരിയുണ്ട്. ഇനി കാറിൽ ഇടിച്ചു കയറി ഇരിക്കാനാണോ പ്ലാൻ. അങ്ങനെ വല്ലതും സംഭവിച്ചാൽ അത് തടയാൻ ശ്രമിച്ചാൽ സീൻ ആകും. അതു കൊണ്ട് അവൾ കാറിൽ കയറി ഇരുന്നാൽ ഒന്നും ചെയ്യാൻ സാധിക്കില്ല. രാഹുലും ഇത് തന്നയാണ് ആലോചിക്കുന്നത് എന്ന് തോന്നുന്നു.
പുറത്തു സ്റ്റെപ്പിൻ്റെ അവിടെ കൊണ കൊണ ആന്റിമാർ നിൽക്കുന്നു. അപ്പുറത്തു സിങ്ങും. ഞങ്ങളെ കണ്ടതും പുള്ളി താക്കോൽ വാങ്ങാനായി കൈ നീട്ടി. അത് കണ്ടതോടെ കൊണ കൊണകൾക്ക് അന്ധാളിപ്പ് ആയി.
ഈ ആജാനബാഹു ഇവരുമായി എന്താണ് ബന്ധം എന്നായിരിക്കും ആലോചിക്കുന്നത്.
പുള്ളിയുടെ കൈയിൽ താക്കോൽ കൊടുത്തില്ല. പകരം പാർക്ക് ചെയ്‌ത കാറിനടുത്തേക്ക് ഞങ്ങൾ നടന്നു. അന്ന അവിടെ മുൻപിൽ തന്നെ നിന്നതല്ലാതെ ഞങ്ങളുടെ പിന്നാലെ വന്നില്ല.
സിങ് ജിക്ക് താക്കോൽ കൊടുത്തപ്പോളെക്കും രാഹുൽ ഓടി മുൻപിലെ സീറ്റിൽ കയറി ഇരുന്നു. അന്ന കയറിയാൽ ബാക്കിൽ എൻ്റെ ഒപ്പം.
ഞാൻ ഒന്നും മിണ്ടിയില്ല ബാക്ക് സീറ്റിൽ പോയിരുന്നു. കണ്ടിട്ട് അവൾ വരുമെന്ന് തോന്നുന്നില്ല. എങ്കിലും പറയാൻ അവളായതു കൊണ്ട് ചിലപ്പോൾ കാറ് തടഞ്ഞു അകത്തു കയറും.