. …………………………………………………………….
സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസ്:
ലെന ഒരു മീറ്റിംഗിലായിരുന്നു. മീറ്റിംഗ് കഴിഞ്ഞു റൂമിലെത്തിയതേ ഉള്ളു.
“മാഡം കാക്കനാട് സ്റ്റേഷൻ SI പീതാംബരൻ മാടത്തെ രണ്ട് പ്രാവിശ്യം വിളിച്ചിരുന്നു. മെസ്സേജ് എന്താണ് എന്ന് ചോദിച്ചിട്ട് പറഞ്ഞില്ല മാഡത്തിൻ്റെ അടുത്ത് നേരിട്ട് പറയുകയുള്ളൂ എന്നാണ് പറഞ്ഞത്. “
“ശരി ഞാൻ വിളിച്ചോളാം അയാളുടെ മൊബൈൽ നമ്പർ ഇങ്ങു തന്നേരെ.”
ലെന മൊബൈൽ നമ്പർ വാങ്ങി വിളിച്ചു. ഒറ്റ റിങ്ങിൽ തന്നെ അങ്ങേ തലത്തിൽ ഫോൺ എടുത്തു.
“ഹലോ മാഡം, ഒരു മിനിറ്റു ഞാൻ ഒന്ന് പുറത്താക്കിറങ്ങട്ടെ.”
പതിഞ്ഞ സ്വരത്തിൽ അങ്ങേ സൈഡിൽ നിന്ന് മറുപടി എത്തി.
കാര്യം പറയാത്തതിൽ ലെനക്ക് അൽപം ദേഷ്യം വന്നു. എങ്കിലും ഒന്നും പറഞ്ഞില്ല
“മാഡം ഒരു മണിക്കൂർ മുൻപ് സീപോർട്ട് എയർപോർട്ട് റോഡിൽ ഒരു ആക്സിഡന്റ് ഉണ്ടായി. ഒരു ഇന്നോവയെയും പോളോ കാറിനേയും ടോറസ് ലോറി ഇടിച്ചിട്ടു നിർത്താതെ പോയി. കാർ പിൻഭാഗം തകർന്നിട്ടുണ്ടെങ്കിലും അതിലുള്ളവർക്ക് കാര്യമായ പരിക്കില്ലന്നാണ് കൂടി നിൽക്കുന്നവരിൽ നിന്നറിഞ്ഞത്. “
“ഇതൊക്കെ ട്രാഫിക്കിലേക്ക് പറഞ്ഞാൽ പോരെ അവര് നോക്കിക്കോളും ടോറസിൻ്റെ കാര്യം ഇടിച്ച വണ്ടിയുടെ നമ്പർ ഉണ്ടെങ്കിൽ എല്ലാ സ്റ്റേഷനിലേക്കും വയർലെസ്സ് മെസ്സേജ് പാസ്സ് ചെയ്യ്.
വേറെ എന്തെങ്കിലും ഉണ്ടോ കാറിൽ നർക്കോട്ടിക്‌സ് , ഗോൾഡ് അങ്ങനെ വല്ലതും?”
“അങ്ങനയൊന്നുമില്ല മാഡം പക്ഷേ ആക്സിഡന്റ് ആയത് മാഡം അന്ന് അറസ്റ്റ് ചെയ്യിച്ച ആ കോളേജ് പയ്യനാണ്.”
“അർജ്ജുൻ ! എന്നിട്ട് ആ പയ്യന് വല്ലതും പറ്റിയോ? “
“അതറിയില്ല മാഡം കാറിൽ നിന്ന് id കാർഡ് കണ്ടു. അങ്ങനെയാണ് എനിക്ക് ആളെ മനസ്സിലായത്. “
“എന്താണ് സംഭവിച്ചത് എന്ന് താൻ ഡീറ്റൈൽഡ് ആയിട്ട് പറ. “
“ആക്‌സിഡന്റ് കാർ റെഡ് കളർ പോളോ ആണ് മാഡം. ഇടിച്ചത് ഒരു ടോറസ് ലോറിയാണ് വണ്ടി നമ്പർ നമ്പർ പ്ലേറ്റിലെ ചെളി കാരണം വ്യക്തമല്ല. മനഃപൂർവ്വം ഇടിച്ചു കയറ്റിയതാണ് എന്നാണ് നാട്ടുകാർ പറഞ്ഞത്. “
ലെനയുടെ മനസ്സൊന്നു പിടഞ്ഞു. ഇനി ഇച്ചായന്മാരാണോ. അന്ന് തന്നെ അവർ എന്തോ പ്ലാൻ ചെയുന്നു എന്ന് തോന്നിയതാണ്.