പിന്നൊന്നും നോക്കാതെ ഞാനതെടുത്ത് വായിലേക്ക് കമിഴ്ത്തി. തെറ്റ് പറയരുതല്ലോ.
പായസത്തിന് നല്ല രുചിയുണ്ടായിരുന്നു.
“” ഹാപ്പി ബർത്ത്ഡേ…!! “”
ഞാൻ പറഞ്ഞപ്പോൾ താടക അതിന് മറുപടിയായി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.
“” രാഹുൽ..!! നമുക്കിന്ന് കുറച്ച് നേരത്തേയിറങ്ങാം..!! എനിക്കൊന്നമ്പലത്തിൽ പോവണമായിരുന്നു… “”
ഞാൻ കൈകഴുകി വരുമ്പോൾ തടക എന്നോടായി പറഞ്ഞു.
“” ഹ്മ്മ്…! “”
പിറന്നാളായിട്ട് മുഷിപ്പിക്കണ്ട എന്നോർത്ത് മാത്രമാണ് ഞാനെസ്സുമൂളിയത്. വേറേതേലും ദിവസമായിരുന്നേ എന്റെ പട്ടിപോയേനെ ആവൾടെ കൂടെ.!!
ഞങ്ങൾ ഇറങ്ങി. ഓഫീസിലേക്ക് പോകുന്ന വഴിക്കുള്ള ഒരു കൃഷ്ണക്ഷേത്രത്തിലേക്കാണ് ഞാൻ വണ്ടിയൊടിച്ചത്. അമ്പലത്തിന്റെ പാർക്കിങ്ങിൽ കാർ നിർത്തിയതും താടക ഇറങ്ങി.
“” വരുന്നില്ലേ…?!!””
കാറിൽ തന്നെ ഇരുന്ന എന്നെക്കണ്ട് അവൾ തിരക്കി.
“” ഇല്ല…! താൻ പോയിവാ…!””
തെല്ലൊരു സംശയത്തോടെ എന്നെ നോക്കി പിന്നൊരു ചിരി പകർന്നുനൽകി അവളമ്പലത്തിന്റെ അകത്തേക്ക് കയറി.
അവള് നടന്നുനീങ്ങുന്നതും നോക്കി ഞാൻ കാറിൽ നിന്ന് ഇറങ്ങി ബോണറ്റിൽ ചാരിയായി നിൽപ്പ്. വലിയ അമ്പലമാണ്. പാർക്കിങ്ങിൽ ചുരുക്കം വണ്ടികളെ ഉള്ളു. നല്ല വൃത്തിയുള്ള പരിസരം. പൂജാദ്രവ്യങ്ങളുടെ വാസന ഇവിടെ വരെ ഒഴുകിയെത്തുന്നുണ്ട്. ആകെയൊരു പോസിറ്റീവ് വൈബ് കിട്ടുന്ന ഒരു അന്തരീക്ഷം.
അതും ആസ്വദിച്ചവിടെ നിൽക്കുമ്പോൾ താടക കയ്യിൽ ഒരു വാഴയിലക്കീറുമായി അമ്പലത്തിന്റെ പടികൾ ഇറങ്ങി എന്റെ അടുത്തേക്ക് നടന്നു. നെറ്റിയിൽ ചന്ദനം കൂടെ വന്നതും അവളുടെ ഭംഗി ഒന്നൂടെ വർധിച്ചപോലെ. നേർത്ത ഒരുചിരിയോടെ എനിക്ക് നേരെ നടന്നടുത്ത താടകയെ ഞാൻ നോക്കിനിന്നുപോയി.
എന്നാലടുത്ത നിമിഷമെന്റെ ഹൃദയം ഒന്ന് നിലച്ചു. താടകയുടെ നേർക്ക് പാഞ്ഞടുക്കുന്ന ഒരു കറുത്ത മഹിന്ദ്ര താർ.!!