ഇതാണ് ആ ഡയറിയിൽ കണ്ട വൈര നാഗം എന്ന് അവൾ മനസിലാക്കി.
അനന്തുവിനെ നാഗം രക്ഷിക്കുന്നതും ദുർഭൂതത്തിന് മോക്ഷം നൽകുന്നതും ലൈവ് ആയി കണ്ട ശേഷം ആശ്വാസത്തോടെ സാരംഗി മരത്തിന്റെ ചില്ലയിലൂടെ പിടിച്ചു ഇറങ്ങുകയായിരുന്നു.
ഈ സമയം അനന്തു പോകുന്നത് മരത്തിന്റെ ചില്ലയിൽ തൂങ്ങി കിടന്ന് വീക്ഷിച്ചുകൊണ്ടിരുന്ന വൈര നാഗം പയ്യെ ഫണം താഴ്ത്തി താഴേക്ക് നോക്കി.
താനിരിക്കുന്ന ചില്ലയ്ക്ക് കീഴെയിലൂടെ ഊർന്നിറങ്ങുന്ന സാരംഗിയെ തന്നെ വൈരനാഗം വീക്ഷിക്കുകയായിരുന്നു.
സാരംഗിയെ കണ്ട മാത്രയിൽ വൈരനാഗത്തിന്റെ വൈരകണ്ണുകൾ മാതൃ വാത്സല്യത്താൽ തിളങ്ങി.
അനന്തുവിനെ ദർശിച്ച പോലെ.
എന്നാൽ സാരംഗി ഇതൊന്നും അറിഞ്ഞിരുന്നില്ല
മരത്തിൽ നിന്നും ഊർന്നിറങ്ങിയ ശേഷം എത്രയും വേഗം അവിടുന്ന് രക്ഷപ്പെടണം എന്ന ചിന്ത മാത്രമേ അവളിൽ ഉണ്ടായിരുന്നുള്ളു.
ആ കാടിനുള്ളിൽ നിന്നും പുറത്ത് കടന്നപ്പോഴാണ് അവൾക്ക് സമാധാനമായത്.
ആ കരിനാഗത്തെ കണ്ടപ്പോൾ തന്നെ സാരംഗി നന്നേ ഭയന്നു വിറച്ചിരുന്നു.
ഒരുവേള തന്റെ ശ്വാസം നിലച്ചു പോകുമോ എന്ന് പോലും അവൾ ഭയപ്പെട്ടിരുന്നു.
നല്ല ക്ഷീണവും ദാഹവും അവൾക്ക് തോന്നി.
എല്ലാവരെയും താൻ കണ്ടു….. ഇനി തന്റെ ഇമമ്മയെ കൂടി എപ്പോഴാ കാണുക?
സാരംഗിയ്ക്ക് അതും ആഗ്രഹിച്ചുകൊണ്ട് വലതു കാൽ മുന്നോട്ട് വച്ചതേ ഓര്മയുള്ളു.
മുന്നിലുള്ള കാഴ്ച്ച കണ്ടു അവൾ ഞെട്ടിപ്പോയി.
സാരംഗി ഇപ്പൊ ഏതോ ഒരു കൊച്ചു വീടിനു മുന്നിലാണ്.
ഓടിട്ട അൽപം പഴക്കമുള്ള ഒരു വീട്.
വീടിന്റെ ഇടത് വശത്തായി വേലിയോട് ചേർന്നു ഒരു കോഴിക്കൂട് കാണാം.
മുറ്റത്ത് ചിക്കി നടക്കുന്ന കോഴികുഞ്ഞുങ്ങളെ കണ്ടു സാരംഗിക്ക് അശ്ചര്യം തോന്നി.
അവയെ ഒന്നു തൊടാനും പിടിക്കാനും അവൾക്ക് കൊതിയായി.
വീടിന്റെ പിന്നാമ്പുറത്ത് നിന്നും ആടിന്റെ കരച്ചിൽ കേട്ടതും സാരംഗിക്ക് കൂടുതൽ അത്ഭുതം തോന്നി.
താനിപ്പോ എവിടെയാ വന്നു പെട്ടിരിക്കുന്നത് എന്നറിയാനായി അവൾ ചുറ്റും നോക്കി.
അപ്പോഴാണ് ആ കൊച്ചു വീട്ടിൽ നിന്നും ഒരു പെൺകുട്ടി കയ്യിൽ ചായ ഗ്ലാസ്സുമായി വീടിന്റെ പുറത്ത് വന്നിരുന്നത്.
ആ പെൺകുട്ടിയെ കണ്ടതും സാരംഗിയുടെ കണ്ണുകൾ വിടർന്നു.
അത് മറ്റാരുമായിരുന്നില്ല.