ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
അമ്മയുടെ ശബ്ദത്തോടെയുള്ള ചോദ്യവും കൂട്ടത്തിൽ തലക്കിട്ടൊരു കൊട്ടലും കിട്ടിയ ഞാൻ കിനാവ് കണ്ടുറങ്ങുന്നതിൽ നിന്ന് ഞെട്ടി എഴുന്നേറ്റു…
” ഞാനിതെവിടാ… “
ഉറക്കചടപ്പിൽ കണ്ണ് മഞ്ഞളിച്ച ഞാൻ ചോദിച്ചു…
” നയാഗ്ര വെള്ളച്ചാട്ടത്തിൻ്റെ അടുത്ത്…എന്ത്യേ… “
അമ്മ എന്നെ നോക്കി കടുപ്പത്തിൽ പറഞ്ഞു
” എന്നിട്ട് വെള്ളമൊന്നും കാണുന്നില്ലല്ലോ… “
എന്നെ ഊതിയതാണെന്ന് മനസ്സിലായപ്പൊ ഞാൻ അമ്മയെ ചൊറിയാൻ വേണ്ടി പറഞ്ഞു…
” ഇന്നാ പിടിച്ചോ… “
പറഞ്ഞ് തീർന്നതും അമ്മ അടുത്തുള്ള ജഗ്ഗെടുത്ത് വെള്ളം നേരെ എൻ്റെ മുഖത്തേക്ക് ഒരൊറ്റ ഒഴിക്കൽ
” കഷ്ട്ടോണ്ട് ഡോക്ടറേ… പിള്ളാരെകാളും കഷ്ട്ടാണല്ലോ…ഇങ്ങളെ കാര്യം… “
അമ്മയുടെ കോപ്രായം ഇഷ്ട്ടപെടാത്ത ഞാൻ മുഖം തുടച്ചുകൊണ്ട് പറഞ്ഞു
” അത് ഇങ്ങോട്ട് ചൊറിയൻ വർത്താനോം കൊണ്ട് വരുമ്പൊ ആലോചിക്കണം… എഴുന്നേറ്റ് ഫ്രഷായി താഴേക്ക് വാടാ… “
അമ്മ ചിരിച്ചുകൊണ്ട് അതും പറഞ്ഞ് തിരിഞ്ഞു നടക്കാൻ തുടങ്ങി..
” സമയം എന്തായി… “
ഞാൻ കിടക്കയിൽ ഇരുന്ന് കൊണ്ട് തന്നെ പോകാൻ തുടങ്ങിയ അമ്മയെ നോക്കി ചോദിച്ചു
” എന്താലും നിന്നെ പെറ്റതിന് ശേഷം വളരെ മോശാ…. “
എൻ്റെ ചോദ്യത്തിന് ഒരു കൗണ്ടറ് തന്ന് അമ്മ ചിരിച്ചുകൊണ്ട് റൂമ് വിട്ട് പുറത്ത് പോയി….
” നല്ലാളോടാ ചോദിച്ചേ….എനിക്കെന്തിൻ്റെ കേടായിരുന്നു… ഫോണെടുത്തു നോക്കിയാ പോരേ… “
ഞാൻ അമ്മ പോയ വഴിയെ നോക്കി പിറുപിറത്തു
പിന്നെ ഫോണെടുത്തു സമയം നോക്കി… 6 ആവറായിട്ടുണ്ട്… അപ്പോളായിരുന്നു സ്വപ്നത്തിൻ്റെ ഓർമ്മ വന്നത്..ഉടനെ ഫോണെടുത്ത് വാട്സാപ്പിൽ ചിപ്പിക്കൊരു മെസേജിട്ടു
ഫ്രീ ആയാൽ വിളിക്കണം കേട്ടോ പോത്തേ…
അത് സെൻ്റ് ചെയ്യ്തു… കുറച്ച് ഇമോജിയും അയച്ചു..പക്ഷെ വിചാരിച്ച പോലെ എക്സാം ആയോണ്ട് ഓണ്ലൈനിൽ ഇല്ല…പഠിതത്തിൻ്റെ കാര്യത്തിൽ പിന്നെ ആള് പണ്ടെ പുലിയാണല്ലോ… പിന്നെ ഇപ്പൊ റൂമിന്ന് പോയ ഡോക്ടറുടെ ശിക്ഷണം കൂടി കിട്ടിയപ്പൊ ഇച്ചിരി കൂടീന്ന് വേണെ പറയാം….
അങ്ങനെ ഓരൊന്ന് ആലോചിച്ച് ബാക്കടിക്കുമ്പൊ ആരോ ഒരു നമ്പറിൽ നിന്നൊരു ഫോട്ടൊ അയച്ചിരിക്കുന്നു … അതെടുത്ത് നോക്കി
” ഹേ…ഇതാര് ബാറിന്റെ പിക്കൊക്കെ എടുത്ത് അയച്ചേക്കുന്നത്… “