ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
” ഡാ അടുത്തത് നിങ്ങളുടേയാ…ലാസ്റ്റ് പരിപാടി… “
ഡ്രസ്സ് മാറുന്ന ഞങ്ങളുടെ അടുത്തേക്ക് ഞങ്ങളുടെ തന്നെ ബാച്ചിലെ ആദർശ് വന്നു പറഞ്ഞു
” ആടാ കഴിഞ്ഞു ഇതാ വരുവാ… “
ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് മറുപടി നൽകി
” അളിയാ ആദർശെ എങ്ങനുണ്ടടാ…കോലമൊക്കെ… “
ശ്രീ ആയിരുന്നു
” കളറാക്കിട്ടുണ്ടടാ… കൊഴപ്പൊന്നൂല്ല്യ…ഒന്നും നോക്കണ്ട കേറി പൊളിക്ക്… “
അവനും തിരിച്ചൊരു പുഞ്ചിരിയോടെ ശ്രീയെ നോക്കി മറുപടി പറഞ്ഞു
” അല്ലപിന്നെ എന്നാ പിന്നെ ഇന്നാ പെൻഡ്രൈവ്…എല്ലാം പറഞ്ഞത് പോലെ…നീ വിട്ടോ ഞങ്ങള് പുറകേയുണ്ട്… “
അഭി അവനെ നോക്കി അതും പറഞ്ഞ് കീശയിൽ നിന്ന് പാട്ടിൻ്റെ പെൻഡ്രൈവ് അവനു നേരെ നീട്ടി…അതും വാങ്ങി ഓക്കെ പറഞ്ഞ് അവൻ തിരിഞ്ഞു നടന്നു…
” അളിയാ അനൗണ്സ്മെൻ്റ് ഒന്ന് പവറാക്കണേ…ചാത്തൻസിന്റെ പേര് പറഞ്ഞ്… “
തിരിഞ്ഞു നടക്കുന്ന അവനെ പുറകീന്ന് വിളിച്ച് നന്ദു ഓർമ്മിപ്പിച്ചു… അതിന് അവൻ ഏറ്റു എന്ന അർത്ഥത്തിൽ കൈകൊണ്ട് തംസ്സപ്പ് കാണിച്ചു…പിന്നേയും ഒരു പത്തു മിനിറ്റ് അവിടെ നിന്ന് ഒരുങ്ങിയ ശേഷം ഞങ്ങൾ അഞ്ചു നേരെ ഓഡിറ്റോറിയത്തിൻ്റെ ഭാഗത്തേക്ക് പോയി…ഞങ്ങളവിടെ എത്തുമ്പോൾ അനൗണ്സ്മെൻ്റ് കേൾക്കായിരുന്നു…
” ഇനി ഈ വർഷത്തെ നമ്മുടെ കോളേജ് ഡേയുടെ ക്ലൈമാക്സിലേക്ക് കടക്കാല്ലേ… “
അനൗൺസ്മെൻ്റ് ചെയ്യുന്ന പെണ്ണ് കാണികളായ പിള്ളാരെ നോക്കി ഉച്ചത്തിൽ വിളിച്ചു ചോദിച്ചു… അതിന് അവരുടെ സൈഡിൽ നിന്നും നല്ല ശബ്ദത്തോടെയുള്ള ആരവങ്ങളും മുഴങ്ങി…
” നമ്മുക്ക് വേണ്ടി ഈ അവസാന പ്രോഗ്രാം അവതരിപ്പിക്കുന്നത് മറ്റാരുമല്ല നമ്മുടെ കോളേജിലെ ഹീറോസായ് ചാത്തൻസാണ്… അപ്പൊ പിന്നെ ഈ വേദി നമ്മുക്ക് വിട്ട് കൊടുക്കാല്ലേ… “
അവള് വീണ്ടും ശബ്ദത്തോടെ കാണികളെ നോക്കി പറഞ്ഞപ്പോൾ പിള്ളേരുടെ ഭാഗത്തുനിന്ന് എന്തൊരാവേശം… ഇത്രക്ക് ഉണ്ടോ ഞങ്ങളെന്ന് ഞങ്ങക്ക് തന്നെ തോന്നിപ്പോയ നിമിഷം…അപ്പോഴേക്കും ആദർശ് പെൻഡ്രൈവ് സൗണ്ട് സിസ്റ്റം മാനേജ് ചെയ്യുന്ന ചേട്ടന് കൊടുത്തായിരുന്നു… പിന്നെ അധികം സമയം വേണ്ടിവന്നില്ല എൻട്രി മ്യൂസിക് വന്നതും പിള്ളേരുടെ നടുവിലൂടെ ഞങ്ങളഞ്ചും സ്റ്റേജിലേക്ക്…അതിനിടയിൽ മുൻപന്തിയിൽ നമ്മുടെ പെങ്ങളിരിപ്പുണ്ടായിരുന്നു…വേറാര് നമ്മുടെ ശിൽപകുട്ടി…അവളെ നോക്കി ചിരിക്കാനും ഞാൻ മറന്നില്ല…. സ്റ്റേജിൽ കേറിയതും പിന്നെ ഒരു പത്ത് മിനിറ്റ് ഒരലക്കായിരുന്നു…അടിച്ചതിൻ്റേയും പാട്ടിന്റേയും പിന്നെ പിള്ളേരുടെ ആവേശവും ഒക്കെ കൊണ്ട് ഞങ്ങള് തകർത്ത് വാരി… അവസാനത്തെ വേൽമുരുഗയ്ക്ക് ഞങ്ങളെ കാട്ടും ആവേശം കാണികളായ പിള്ളേർക്കായിരുന്നു
… അപ്പോൾ ഞാൻ ചിന്തിച്ചത് ഇവന്മാരേതൊക്കെ ബ്രാൻഡ് അടച്ചിട്ടാണ് ഈ തുള്ളുന്നതെന്നാണ്…അത്രയ്ക്കും ആവേശം…ഒക്കെ കൂടി അവസാനം കഴിഞ്ഞപ്പോ പിള്ളേരുടെ ഒടുക്കത്തെ കയ്യടിയും ആർപ്പുവിളികളും ഞങ്ങൾക്ക് ശരിക്കും അങ്ങു ബോധിച്ചു…പിന്നെ പരിപാടി കഴിഞ്ഞ് നേരെ ഞങ്ങടെ വാകയുതെ അടുത്ത് പോയി ഇരുന്നു…അപ്പൊ കാണാം ശിൽപ അങ്ങോട്ടേക്ക് വരുന്നത്…ഞാൻ പറഞ്ഞിരുന്നല്ലോ വൈകിട്ട് പരിചയപ്പെടാം എന്ന്…