യുഗങ്ങൾക്കപ്പുറം നീതു
Yugangalkkappuram | Author : Achillies
യുഗം എന്ന ഞാൻ എഴുതിയ കഥയുമായി ബന്ധപ്പെട്ടു കിടക്കുന്ന കഥയാണ് ഇത്.
യുഗത്തിൽ പറയാതെ ബാക്കി വച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം ഇതിലൂടെ പൂർത്തിയാക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നു.
യുഗത്തിലൂടെ എന്നെ പ്രോത്സാഹിപ്പിച്ച എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷെമിക്കണം.
ഒപ്പം കുഴപ്പങ്ങൾ പറഞ്ഞുതന്നു ഇനിയും സപ്പോർട്ട് ഉണ്ടാവുമെന്നും പ്രതീക്ഷിക്കുന്നു…
കൊറോണ ശക്തമായി പടരുന്ന സാഹചര്യത്തിൽ എല്ലാവരും കരുതലോടെ മുന്നോട്ടു പോവണം എന്ന് ഓർമിപ്പിക്കുന്നു.
Stay safe everyone….
യുഗങ്ങൾക്കപ്പുറം നീതു.
“ഡി ഞാൻ ഇറങ്ങുവാ…..ഇപ്പോൾ തന്നെ വൈകി….ഇന്ന് തന്നെ വീട്ടിലേക്ക് പൈസ അയച്ചോണം വെറുതെ കിടന്നു ഉറങ്ങി എന്റെ കയ്യിൽ നിന്ന് വാങ്ങരുത്…”
ബെഡിൽ കിടന്നു ഉറങ്ങുകയായിരുന്ന വിനീറ്റയുടെ കാലിൽ രണ്ടു തട്ട് തട്ടിയിട്ട് നീതു വാതിൽ ചാരി പുറത്തേക്കിറങ്ങി.
“അയ്യോ….ഇതെന്താ……
ദൈവമേ…ഇച്ചേയി ഇന്നെന്നെ കൊല്ലും….”
പുറത്തു പഞ്ചറായി ഇരുന്ന അവളുടെ ആക്ടിവയിൽ കാലുകൊണ്ട് തൊഴിച്ചു നീതു മുറ്റത്തു നിന്ന് ഉറഞ്ഞു തുള്ളി.
“ഈശോയെ….വിഷ്ണു പോയിട്ടുണ്ടാവല്ലേ…”
സാരി ഒന്നൂടെ എടുത്തു പിടിച്ചു ഹൻഡ്ബാഗ് കയ്യിലേക്ക് വലിച്ചു കയറ്റി നീതു ഗേറ്റ് കടന്ന് വഴിയിലൂടെ റോഡിലേക്ക് നടന്നു തുടങ്ങി.
ബസ് കിട്ടുമോ എന്നുള്ള ചിന്തയിൽ ആഞ്ഞു നടന്നു കൊണ്ടിരുന്ന നീതു പുറകിൽ അടുത്തേക്ക് വരുന്ന ഒരു ബുള്ളറ്റിന്റെ ശബ്ദം കേട്ടിരുന്നു, അടുത്തേക്ക് വന്നുകൊണ്ടിരുന്ന വണ്ടിക്ക് പോകാനായി വഴിയിലെ സൈഡിലേക്ക് ഒതുങ്ങി നടന്നു.