വശീകരണ മന്ത്രം 5 [ചാണക്യൻ]

Posted by

സീത തന്റെ ദുഃഖം കടിച്ചമർത്തി.

മാലതിയും അതേ അവസ്ഥയിൽ ആയിരുന്നു. വല്ലാത്തൊരു സങ്കടം അവളിലും നുരഞ്ഞു പൊന്തി.

“ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല വർഷങ്ങൾ ഇത്രേം കഴിഞ്ഞില്ലേ.. വെറുതെ അതൊക്കെ ഓർത്തു സങ്കടപെടണ്ട ആരും. നാളെ ലക്ഷ്മി മോളെ നിറഞ്ഞ മനസ്സോടെ വേണം എല്ലാവരും സ്വീകരിക്കാൻ ”

മുത്തശ്ശൻ അവരെ നോക്കി ആജ്ഞയുടെ സ്വരത്തിൽ പറഞ്ഞ ശേഷം പതിയെ ചാരു കസേരയിൽ നിന്നു എണീറ്റു മുറ്റത്തേക്കിറങ്ങി വീടിന്റെ പിന്നാമ്പുറം ലക്ഷ്യമാക്കി നീങ്ങി. അനന്തുവിനും ശിവയ്ക്കും ഇതൊക്കെ കെട്ടിട്ട് ഒന്നും മനസ്സിലായില്ല.

“അനന്തൂട്ടാ കാറിൽ എണ്ണ വാങ്ങി വച്ചിട്ടുണ്ട്. മോന് ഇഷ്ടമുള്ളപ്പോ അതു എടുത്തു വണ്ടിയിൽ ഒഴിച്ചോട്ടോ.. ”

“താങ്ക്യൂ ബലരാമൻ അമ്മാവാ  ”

ബലരാമൻ അനന്തുവിന്റെ നെറുകയിൽ ഒന്ന് തഴുകി കയ്യിലുള്ള ബാഗ് സീതയ്ക്ക് കൈ മാറിയ ശേഷം നേരെ അകത്തേക്ക് നടന്നു. സീത അയാളെ അനുഗമിച്ചു.

അനന്തു ഇരിക്കുന്ന ഭാഗത്തേക്ക്‌ ശിവയും മാലതിയും വന്നിരുന്നു. അവൻ മാലതിയുടെ മടിയിലേക്ക് തല വച്ചു കിടന്നു. മാലതി ചെറു ചിരിയോടെ അനന്തുവിന്റെ മുടിയിഴകൾ പതിയെ കോതിയൊതുക്കി.

“അമ്മേ ഇനി ഇവൻ എങ്ങാനും ആ ദേവൻ അമ്മാവന്റെ പ്രേതം ആണോ  അതാണോ പുള്ളിയുടെ അതേ മുഖം ഇവനും കിട്ടിയത്? ”

ശിവ ഗഹനമായ ചിന്തയിൽ ആണ്ടു.

“പ്രേതം ഞാൻ അല്ലെടി.. നിന്റെ മറ്റവനാ”

അനന്തു ദേഷ്യത്തോടെ അവളുടെ തുടയിലേക്ക് അമർത്തി ചവുട്ടി.

“ആാാഹ് ഡാ പട്ടി  ”

വേദന കാരണം ശിവയുടെ മുഖം ചുവന്നു വന്നു. മുഖത്തെ ഞരമ്പ് തിണിർത്തു. കോപത്തോടെ അവൾ അനന്തുവിന്റെ കാലിൽ അവളുടെ നഖങ്ങൾ ആഴ്ത്തി.

“മാന്തല്ലേ കോപ്പേ  ”

അനന്തു വേദനയോടെ കാല് കുടഞ്ഞു.

“അടങ്ങിയിരുന്നില്ലേൽ കുളത്തിൽ കൊണ്ടുപോയി രണ്ടിനെയും ഞാൻ ഇടും പറഞ്ഞേക്കാം  ”

മാലതിയുടെ ശബ്ദം ഉയർന്നതോടെ അനന്തുവും ശിവയും ഒന്നടങ്ങി. അല്പ നേരം അവർ നിശബ്ദരായി. മാലതി പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്നു.

“ആരാ അമ്മേ ഈ ലക്ഷ്മി ? നേരത്തെ പറയുന്നത് കേട്ടല്ലോ? ”

അനന്തു അറിയാനുള്ള ത്വരയിൽ മാലതിയെ നോക്കി.

“അനന്തു നിന്റെ മുത്തശ്ശിയുടെ ആങ്ങളയുടെ മകൾ ആണ് ലക്ഷ്മി. ഞങ്ങളുടെ എല്ലാം ലക്ഷ്മിക്കുട്ടി. ഒരു സുന്ദരിക്കുട്ടിയാ അവള്.ഒരു പഞ്ച പാവം ആയിരുന്നു ലക്ഷ്മി.ഞങ്ങൾക്ക് എല്ലാവർക്കും അവളെ വല്യ കാര്യം ആയിരുന്നു. എന്റെ  ദേവേട്ടനെ ലക്ഷ്മിയ്ക്ക് ഒരുപാട് ഇഷ്ട്ടായിരുന്നു ചെറുപ്പം മുതലേ. പക്ഷെ ഞങ്ങൾ അതു വൈകിയാ അറിഞ്ഞേ. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടി ദേവേട്ടന്റെയും ലക്ഷ്മിയുടെയും വിവാഹം ഉറപ്പിച്ചു. വളരെ ആർഭാടമായി തന്നെ അവരുടെ നിശ്ചയം കഴിഞ്ഞു. അങ്ങനെ ഇവിടുത്തെ ഉത്സവം കഴിഞ്ഞു ഒരാഴ്ചയ്ക്ക് ശേഷം അവരുടെ കല്യാണം നടത്താൻ തീരുമാനിച്ചു.”

Leave a Reply

Your email address will not be published. Required fields are marked *