വശീകരണ മന്ത്രം 5 [ചാണക്യൻ]

Posted by

“എണ്ണ കുറവാണ് അമ്മായി. വൈകുന്നേരം ബലരാമൻ അമ്മാവൻ എണ്ണ കൊണ്ടുത്തരാമെന്നു പറഞ്ഞിട്ടുണ്ട്. അതു കിട്ടിയിട്ട് ഇവളെയും കൊണ്ട് റൈഡിനു പോകാം”

“അതാണ്‌ എന്റെ ഏട്ടൻ ഉമ്മാ ”

ശിവ അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്തു.

“അമ്മ എന്താ ഒന്നും മിണ്ടാത്തെ ? ”

എന്തോ ആലോചനയിൽ മുഴുകിയിരുന്ന മാലതി അതു കേട്ട് ഞെട്ടി.

“ഒന്നുമില്ലടാ ഞാൻ ദേവേട്ടനെ കുറിച്ച് ഓർക്കുവായിരുന്നു. ”

മാലതി നെടുവീർപ്പെട്ടു.

“എന്തിനാ അതൊക്കെ ആലോചിച്ചു എന്റെ അമ്മ വിഷമിക്കുന്നേ? വാ നമുക്ക് അകത്തേക്ക് പോകാം. ”

“വാ അനന്തൂട്ടാ അമ്മായി ഒരു സദ്യ തന്നെ ആക്കിയിട്ടുണ്ട്. കൈ കഴുകി വാ വേഗം ”

സീത അമ്മായി അവനെ നോക്കി പറഞ്ഞു.

“ശരിയാ അനന്തു അമ്മായി നിങ്ങൾക്ക് വേണ്ടി എന്തൊക്കെയോ ആക്കിയിട്ടുണ്ട്.നല്ല രുചിയാ എല്ലാത്തിനും..  അമ്മായിയുടെ കൈപ്പുണ്യം നിങ്ങൾക്ക് അറിയണ്ടേ…  ”

മാലതി അവരെ കൊതിപ്പിച്ചു

“ശോ വെറുതെ കളിയാക്കല്ലേ മാലതി ”

സീതയ്ക്ക് മാലതിയുടെ അഭിനന്ദനം ശരിക്കും പിടിച്ചു.

“അല്ല മക്കളെ നിങ്ങൾ വന്നു കഴിച്ചു നോക്ക്. വാ  ”

മാലതി അനന്തുവിനെ ക്ഷണിച്ചു. അനന്തു ചാവി കയ്യിൽ പിടിച്ചു പൂമുഖത്തേക്ക് നടന്നു.പൂമുഖത്തെ പടിയിൽ വച്ചിരുന്ന കിണ്ടിയെടുത്തു അതിന്റെ ഉരലിലൂടെ ഒഴുകി വരുന്ന നേർത്ത വെള്ളം കൊണ്ടു കാലുകൾ കഴുകി ശുദ്ധമാക്കി അനന്തു മാലതിയുടെ കൈയും പിടിച്ചു നേരെ ഭക്ഷണം കഴിക്കുന്ന ഹാളിലേക്ക് നടന്നു.

ഹാളിലേക്കുള്ള ഇടനാഴിയിൽ കുട്ടിപട്ടാളങ്ങൾ സദ്യ കഴിക്കാൻ ഇരുന്നു.മുത്തശ്ശിയും മുത്തശ്ശനും അനന്തുവും ശിവയും ഡൈനിങ് ടേബിളിൽ ഇരുന്നു.

മീനാക്ഷി അനന്തുവിന്റെ അടുത്ത് സ്ഥാനം പിടിച്ചു. മാലതിയും സീതയും ഷൈലയും മറ്റു അമ്മായിമാരും വിളമ്പുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.

നനവുള്ള നാക്കില അവർക്ക് മുൻപിൽ നിരത്തി അതിൽ അച്ചാറും  രസവും പച്ചടിയും പപ്പടവും നിരത്തി  അവസാനം ആവി പറക്കുന്ന കുത്തരി ചോറും അവർക്ക് മുൻപിൽ വിളമ്പി.ചോറിൽ തീർത്ത കിണറിൽ സാമ്പാറും പുളിശ്ശേരിയും വിശ്രമം കൊണ്ടു.

“എല്ലാം നമ്മുടെ പറമ്പിൽ നിന്നും ഉണ്ടാക്കിയതാ.. ഒന്നും പോലും പുറത്തു നിന്നു വാങ്ങിച്ചിട്ടില്ല… വിഷമില്ലാത്ത പച്ചക്കറികളാ..പിന്നെ നമ്മുടെ പാടത്തു നിന്നുള്ള അരിയും.”

Leave a Reply

Your email address will not be published. Required fields are marked *