വശീകരണ മന്ത്രം 5 [ചാണക്യൻ]

Posted by

എന്തോ കാണിക്കാൻ ആണെന്നും പറഞ്ഞു ഇങ്ങോട്ടേക്കു എല്ലാവരെയും വിളിച്ചു കൊണ്ടു വന്നു ഇരുത്തിയിട്ട് സമയം കുറേ ആയി എന്ന് എല്ലാർക്കും തോന്നി.

“അതേയ് എന്താന്നു വച്ച പറഞ്ഞൂടെ എന്തിനാ ഞങ്ങടടുത്ത്ന്ന് ഒളിക്കണേ”

മുത്തശ്ശി കോപത്തോടെ ചോദിച്ചു.

“ഒന്ന് കാത്തിരിക്ക് എല്ലാരും”

മുത്തശ്ശൻ പറഞ്ഞു തീർത്തതും പുറത്തു ശബ്ദം കേട്ട് എല്ലാവരുടെയും കണ്ണുകൾ പടിപ്പുരയിലേക്ക് പാറി വീണു.

അപ്പോൾ അനന്തുവിന്റെ ബുള്ളറ്റ് പടിപ്പുര കടന്ന് നേരെ മനയുടെ മുറ്റത്തേക്ക് പതിയെ എത്തിച്ചേർന്നു. ബുള്ളറ്റ് ഒതുക്കി നിർത്തി അതിൽ നിന്നിറങ്ങിയ അനന്തു എല്ലാവരെയും സൂക്ഷിച്ചു നോക്കി.

എല്ലാ കണ്ണുകളും ഒരുപോലെ വിടർന്നിരിക്കുന്നു. മുത്തശ്ശി പൂമുഖത്തെ കസേരയിൽ നിന്നിറങ്ങി വന്ന് അനന്തുവിന് നേരെ നടന്നു.

ആരാണ് തന്നെ ഇങ്ങനെ പരസഹായമില്ലാതെ വീഴാതെ നടക്കാൻ സഹായിക്കുന്നതെന്ന് ആ വൃദ്ധ മാതാവിന് അറിയില്ലായിരുന്നു. കാർത്യായനി വിതുമ്പലോടെ അനന്തുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

അനന്തു മുത്തശ്ശിയെ കെട്ടിപ്പിടിച്ചു. മുത്തശ്ശിയുടെ കണ്ണുകളിൽ നിന്ന് മഴ പോലെ കണ്ണുനീർ പെയ്തു് തുടങ്ങിയിരുന്നു.

അനന്തു മുത്തശ്ശിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. മുത്തശ്ശി തന്റെ കൈക്കുമ്പിളിൽ അനന്തുവിന്റെ മുഖം കോരിയെടുത്തു കൊണ്ട് വിറയലോടെ പറഞ്ഞു.

“എന്റെ ദേവൻ ”

മുത്തശ്ശി അനന്തുവിന്റെ കണ്ണുകളിലും നെറ്റിയിലും കവിളുകളിലും ചുംബിച്ചു. മാലതിയുടെയും സീതയുടെയും കണ്ണുകൾ ഈറനണിഞ്ഞു. മുത്തശ്ശൻ പൂമുഖത്തുള്ള ചാരു കസേരയിലേക്ക് പതിയെ അമർന്നിരുന്നു.

“ഈ വണ്ടി മുത്തശ്ശൻ മോന് സമ്മാനായിട്ട് തന്നല്ലേ, ഒരിക്കലും വിട്ടുകളയല്ലേ ഇവനെ. ദേവന്റെ ജീവൻ ആയിരുന്നു ഇവൻ.”

മുത്തശ്ശി ബുള്ളറ്റിന്റെ പെട്രോൾ ടാങ്കിൽ പതിയെ കൈകൊണ്ട് തഴുകികൊണ്ട് പറഞ്ഞു.

“എനിക്ക് അറിയാം മുത്തശ്ശി ഞാൻ പൊന്നുപോലെ നോക്കിക്കോളാം. പേടിക്കണ്ട”

അനന്തു മുത്തശ്ശിയെ സമാധാനിപ്പിച്ചു. ഷൈല വന്നു മുത്തശ്ശിയുടെ കയ്യിൽ പിടിച്ചു അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി. ശിവയും മാലതിയും സീതയും അനന്തുവിന് ചുറ്റുമായി വന്നു നിന്നു.

“എടാ ഏട്ടാ കോളടിച്ചല്ലോ ”

ശിവ അവന്റെ കയ്യിൽ പിടിച്ചു തൂങ്ങി

“പൊന്നുമോളെ നിന്റെ സ്നേഹ പ്രകടനം എനിക്ക് മനസ്സിലായിട്ടോ..നിനക്ക് ഇതിൽ കറങ്ങാൻ പോകാൻ അല്ലെ ? ”

അനന്തു സംശയത്തോടെ അവളോട് ചോദിച്ചു.

“മനസ്സിലായി അല്ലെ ? ”

ശിവ വളിച്ച ചിരി അവനു കൈമാറി.

“പിന്നല്ലാതെ കൊല്ലം കുറേ ആയില്ലേ നമ്മൾ കാണാൻ തുടങ്ങിയിട്ട് ”

“ഒന്ന് പോയിട്ട് വാ അനന്തൂട്ടാ ശിവ മോളുടെ ആഗ്രഹമല്ലേ? ”

സീത ശിവയുടെ പക്ഷം പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *