വശീകരണ മന്ത്രം 5 [ചാണക്യൻ]

Posted by

ഇത്ര നാളും ഞാൻ കാത്തിരുന്ന എന്റെ സഖിയെ ഞാൻ കണ്ടെത്തി. കാലം അവളെ എനിക്ക് മുൻപിൽ കൊണ്ടു വന്നു നിർത്തി.ഞാൻ ആരാധിക്കുന്ന എന്റെ ദേവിക്കും പ്രകൃതിക്കും എന്റെ മനസ്സറിഞ്ഞ നന്ദി അർപ്പിക്കുന്നു. എന്റെ കല്യാണി.ദേവന്റെ മാത്രം കല്യാണി. ഇനി ഈ ദേവന്റെ ലോകം എന്റെ കല്യാണിയ്ക്ക് ചുറ്റും മാത്രമായിരിക്കും. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു കല്യാണിക്കുട്ടി.

അനന്തുവിന്റെ കണ്ണുകൾ ആ വാരിയിലൂടെ പല തവണ ഓടി നടന്നു. എത്ര വായിച്ചിട്ടും അവനു അതു മതിയാകാത്ത പോലെ തോന്നി. പല ആവർത്തി അവൻ വീണ്ടും വായിച്ചു. പതിയെ അടുത്ത താളിലേക്ക് അവന്റെ കണ്ണുകൾ എത്തി.

¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥¥

രാവിലെ തന്നെ വൈകി എണീറ്റത്തിന്റെ ദേഷ്യത്തിൽ ആയിരുന്നു ദേവൻ. ഉറ്റ സുഹൃത്തിന്റെ കുഞ്ഞിന്റെ നൂല് കെട്ടാണ്.

അപ്പൊ രാവിലെ തന്നെ അവിടെ ഹാജരാകണമെന്ന് അവന്റെ നിർദ്ദേശം ഉണ്ടായിരുന്നു. എന്നാൽ തലേന്ന് അല്പം കള്ള് കുടിച്ചതിന്റെ മന്ദതയിൽ ദേവൻ ഉറങ്ങിപ്പോയി.

രാവിലെ വൈകി എണീറ്റപ്പോഴാണ് അവനു ബോധം വന്നത്. പെട്ടെന്നു തന്നെ കുളിച്ചു റെഡി ആയി വന്നു എണ്ണ കിനിയുന്ന കോലൻ മുടിയിഴകൾ ഒതുക്കി വച്ചു ബെൽ ബോട്ടം പാന്റ്സും അയഞ്ഞ ഷർട്ടും ബെൽറ്റും അണിഞ്ഞു ഒരു കൂളിംഗ് ഗ്ലാസും മുഖത്തു ഫിറ്റ്‌ ചെയ്തു അവൻ മുറിയിൽ നിന്നും പൂമുഖത്തേക്ക് ഇറങ്ങി വന്നു.

ഈ സമയം ശങ്കരൻ പൂമുഖത്തെ ചാരു കസേരയിൽ ഇരുന്നു റേഡിയോയിലൂടെ ആകാശവാണി കേട്ടു കൊണ്ടിരിക്കുകയായിരുന്നു. ദേവനെ കണ്ടതും അയാൾ പുഞ്ചിരിച്ചു.

“എങ്ങോട്ടാടാ രാവിലെ? ”

“ഞാൻ രഘുവേട്ടന്റെ വീട്ടിൽ പോകുവാണ് അച്ഛാ.. ഇന്നാ പുള്ളിടെ കുഞ്ഞിന്റെ നൂല് കെട്ട് ”

“ആണോ എപ്പോഴാ നീ തിരിച്ചു വരുന്നേ ? ”

ശങ്കരൻ ഒന്നിരുത്തി മൂളിക്കൊണ്ട് ചോദിച്ചു.

“ഉച്ച കഴിഞ്ഞു തിരിക്കാം അച്ഛാ എന്തേലും ആവശ്യമുണ്ടോ? ”

“ഹാ നമുക്ക് അമ്പലത്തിലേക്ക് ഒന്നു പോകണം. ഇന്നല്ലേ അവിടുത്തെ കുറി വിളിക്കുന്നേ.. പൂജാരി നമ്മളോട് പ്രത്യേകം പോകാൻ പറഞ്ഞിട്ടുണ്ട്. ഉച്ച പൂജയുടെ സമയത്ത് പോകാം എന്താ? ”

“അച്ഛന്റെ ഇഷ്ട്ടം പോലെ”

ദേവൻ വിനയത്തോടെ പറഞ്ഞു.

“എന്നാൽ പൊക്കോ ”

ദേവൻ തലയാട്ടികൊണ്ട് ചാവി കയ്യിൽ പിടിച്ചുകൊണ്ടു മുറ്റത്തേക്കിറങ്ങി. ഈ സമയം തൊടിയിൽ കളിക്കുകയായിരുന്ന മാലതി ഇത് കണ്ടതും ദേവന്റെ അരികിലേക്ക് ഓടി വന്നു. അവൾ നന്നായി കിതച്ചു.

“ദേവേട്ടാ പോരുമ്പോ എന്റെ നാരങ്ങ മിട്ടായി മറക്കല്ലേ കേട്ടോ”

മാലതി കൊഞ്ചിക്കൊണ്ട് ദേവനിലേക്ക് അടുത്തു നിന്നു.

“ഇല്ലെന്റെ മാതു ഞാൻ മറക്കാണ്ട് വാങ്ങിച്ചോളാ ”

ദേവൻ അവളുടെ കവിളിൽ വാത്സല്യ പൂർവ്വം പതിയെ തലോടി.

“എന്റെ ചക്കരയേട്ടൻ ഉമ്മാ  ”

Leave a Reply

Your email address will not be published. Required fields are marked *