വശീകരണ മന്ത്രം 5 [ചാണക്യൻ]

Posted by

അവർക്ക് അവിടുന്ന് എണീക്കാനേ തോന്നിയില്ല. അസ്തമയം കണ്ട ശേഷം ഓരോരുത്തർ പിന്തിരിഞ്ഞു പോകുവാൻ തുടങ്ങി.

അനന്തു ആ ഗ്രാമത്തിന്റെ ഭംഗിയും നൈർമല്യവും ആവോളം ആസ്വദിക്കുകയായിരുന്നു. ശിവയ്ക്ക് തന്റെ മനസ്സിലെ സങ്കീർണ്ണതകൾ ഒഴിഞ്ഞു മാറി. ഉഷാറോടെ അവൾ ചാടിയെണീറ്റു.

“ഡാ പോകാം നമുക്ക് ”

“ആം പോയേക്കാം.. ”

അനന്തു വിദൂരതയിലേക്ക് നോക്കികൊണ്ടിരുന്നു. ഈ സമയം അങ്ങ് കിഴക്ക് ഭാഗത്തു നിന്നും പറന്നു വന്ന ഒരു കഴുകൻ അനന്തു ഇരുന്ന ആൽമരത്തിനു തലയ്ക്കൽ അന്തരീക്ഷത്തിലൂടെ വലം വച്ചു ചിറകിട്ടടിച്ചു പറന്നു.

കഴുത്ത് ചരിച്ചു താഴേക്ക് നോക്കിയ കഴുകൻ എന്തോ കണ്ടതും ശബ്ദമുണ്ടാക്കിക്കൊണ്ട് പതിയെ മരത്തിന്റെ ശിഖരത്തിലേക്ക് പറന്നു വന്നിരുന്നു. പൊടുന്നനെ അതു രൂപാന്തരം പ്രാപിക്കുവാൻ തുടങ്ങി.

പതിയെ അതിന്റെ കണ്ണുകൾ രക്ത വർണ്ണമായി മാറി. കൊക്കും നഖങ്ങളും ബ്ലേഡ് പോലെ നീണ്ടു വന്നു.ഉടലും ചിറകുകളും സാവധാനം വികസിച്ചു വന്ന് അതു ഒരു ഒത്ത പക്ഷിയായി മാറി.

ആരും കണ്ടാൽ ഭയക്കുന്ന വന്യമായ രൂപം അതു കൈ വരിച്ചു. മരത്തിന്റെ ശിഖരത്തിൽ ഇരുന്ന് അതു അനന്തുവിനെ തന്നെ ഉറ്റു നോക്കി.

തന്റെ ഇരയെ കണ്ട സന്തോഷത്തിൽ ആ ഭീമാകാരനായ കഴുകൻ തന്റെ കൊക്കുകൾ ശിഖരത്തിൽ ഉരച്ചു മൂർച്ചയുണ്ടെന്നു ഉറപ്പു വരുത്തി.

“എന്നാൽ പോകാം. ”

അനന്തു പതിയെ ഇരിപ്പിടത്തിൽ നിന്നും എണീറ്റു. അവൻ ഒന്നു കൂടി വിദൂരതയിലേക്ക് നോക്കികൊണ്ട് പ്രകൃതിയുടെ ഭംഗി ആസ്വദിച്ചു.

ഈ സമയം കഴുകന്റെ കണ്ണുകൾ വെട്ടി തിളങ്ങി. അതു തന്റെ ഇരയെ പിടിക്കാനുള്ള ഉദ്യമത്തിനായി പുറകിലേക്ക് ആഞ്ഞു മുന്നോട്ടേക്ക് ചാട്ടുളി പോലെ കുത്തിക്കാനായി ആഞ്ഞു.

അപ്പൊ ആൽമരത്തിനു പുറകിലുള്ള പതിയിൽ പൊടുന്നനെ ഒരു ചലനമുണ്ടായി. അതിൽ നിന്നും ഉത്ഭവിച്ച തരംഗങ്ങൾ പ്രകമ്പനത്തോടെ മണ്ണിലൂടെ ചലിച്ചു ആൽമരത്തിനു കീഴെയെത്തി.

ആൽമരത്തിനു ചുവട്ടിൽ എത്തിയതും തരംഗങ്ങൾ വൃക്ഷത്തിന്റെ ശരീരത്തിലൂടെ മുകളിലേക്ക് സഞ്ചരിച്ചു എല്ലാ ശിഖരങ്ങളിലേക്കും ദ്രുതഗതിയിൽ അത് പ്രവഹിക്കപെട്ടു.

ശിഖരങ്ങളിലൂടെ സഞ്ചരിച്ച തരംഗങ്ങൾ സ്ഫുരിച്ചതും കഴുകൻ ദൂരേക്ക് ഞൊടിയിടയിൽ തെറിച്ചു വീണു. കാലിനു പൊള്ളലേറ്റ കഴുകൻ പ്രാണ രക്ഷാർത്ഥം കരഞ്ഞുകൊണ്ട് ഉരുണ്ടു പിരണ്ടെണീറ്റു.

പതിയെ വേച്ചു നടന്ന ഭീമാകാരനായ കഴുകൻ സാവധാനം യഥാ രൂപം സ്വീകരിച്ചു കിഴക്ക് ദിക്ക് ലക്ഷ്യമാക്കി വിവശതയോടെ പറന്നു.

ഈ സമയം അനന്തുവും ശിവയും സ്‌റ്റെപ്സ് ഇറങ്ങി കുന്നിനു താഴേക്ക് എത്തിയിരുന്നു. അവർ ബുള്ളറ്റ് നിർത്തി വച്ചിരിക്കുന്നതിനു സമീപത്തേക്ക് പോയി.

ബുള്ളെറ്റിലേക്ക് കയറി ഇരുവരും വീട്ടിലേക്ക് വച്ചു പിടിപ്പിച്ചു. കുറച്ചു നിമിഷത്തെ യാത്രയ്ക്ക് ശേഷം അവർ തറവാട്ടിലേക്ക് എത്തിച്ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *