അമ്മയുടെ മുഖത്തു നോക്കാതെ സങ്കടപെട്ടുകൊണ്ട് അവൻ തന്റെ മുറിയിലേക്ക് ചെന്നു.
സമയം രാത്രിയായി.
അമ്മയോടുള്ള ദേഷ്യം കാരണം ഉച്ചയ്ക്ക് ആഹാരം കഴിച്ചില്ല. തനിക്ക് വേണ്ടി അമ്മ വിഭവ സമൃദ്ധമായ ആഹാരങ്ങൾ ഒരുക്കി വച്ചിരുന്നു.
നീതുവിന് നല്ലോണം വിശക്കുന്നുണ്ട്. പോയി എടുത്തു കഴിച്ചാലോ.
അല്ലേ വേണ്ട അമ്മയ്ക്ക് മുൻപിൽ താഴ്ന്നു കൊടുക്കുന്നതിനു തുല്യമാണത്. വിശപ്പ് സഹിക്കുവാൻ തന്നെ തീരുമാനിച്ചു.
സമയം ഇത്രയൊക്കെ ആയിട്ടും അമ്മയെന്താ എന്നെ സമാധാനിപ്പിക്കാൻ വരാഞ്ഞത്…?
ഇങ്ങനെയുള്ള പല പല ചിന്തകളും അവളുടെ മനസിൽ വന്നു പൊയ്ക്കൊണ്ടിരുന്നു.
ടക് ടക്…
വാതിലിന് മുട്ടി.
അമ്മയാണ്. ഊണ് കഴിക്കാൻ വിളിക്കാൻ വന്നതായിരിക്കും.
അതികം ജാഡയൊന്നും കാണിക്കാൻ നിൽക്കേണ്ട നല്ല വിശപ്പുണ്ട്.
നീതു കിടക്കയിൽ നിന്നും എഴുന്നേറ്റ് വാതിൽ തുറന്നു.
അമ്മയാണ്.
” മോളെ വാ… വന്ന് ആഹാരം കഴിക്ക്. ഉച്ചമുതൽ ഒന്നും കഴിച്ചില്ലല്ലോ…? ഈ പ്രായത്തിലുള്ള കുട്ടികൾ പട്ടിണി കിടക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല… ”
ബീന പറഞ്ഞു.
നീതു ഒന്നും മിണ്ടാതെ മുറിവിട്ട് ഹാളിലേക്ക് നടന്നു.
വിഭവസമൃദ്ധമായ ആഹാരങ്ങൾ മേശപ്പുറത്ത് നിരത്തി വച്ചിരിക്കുന്നു. അതിന്റെ വാസന മൂക്കിൽ അടിച്ചപ്പോൾ തന്നെ അവൾക്ക് നാവില് വെള്ളമൂറി.
വേഗം കൈകഴുകി ഡൈനിങ് ടേബിളിൽ ഇരുന്നു.
ബീന മകൾക്ക് ചോറും കറിയും വിളമ്പി തൊട്ടടുത്തു ഇരുന്നു.
നല്ല വിശപ്പുള്ളത് കൊണ്ടുതന്നെ ആഹാരം വേഗം കഴിക്കാൻ ആരംഭിച്ചു.
മകൾ ആഹാരം കഴിക്കുന്നതും നോക്കി ബീന അങ്ങനെ നിന്നു.
” അപ്പൊ നാളെ നീ അച്ഛന്റെ അടുത്തേയ്ക്ക് തിരിച്ചു പോകുവല്ലേ…? ”
ബീന ചോദിച്ചു.
നീതു ഒന്നും മിണ്ടിയില്ല.
” എന്റെ മോൾക്ക് അമ്മയുടെ കൂടെ നിൽക്കാൻ താൽപര്യമില്ലെങ്കിൽ ഈ അമ്മ നിന്നെ തടയില്ല. നീ പൊയ്ക്കോളൂ… നിനക്ക് ഇഷ്ടമുള്ളിടത്ത് ജീവിച്ചോളു.
ഞാൻ ഇങ്ങനെയാ എന്റെ സ്വഭാവം ഇങ്ങനെയാ.അതെനി ആരു വിചാരിച്ചാലും മാറാൻ പോണില്ല. ”
അതും പറഞ്ഞ് ബീന അവിടെനിന്നും എഴുന്നേറ്റു.