ഞാൻ എന്റെ ഫോണെടുത്ത് അലീനയും ഞാനും ഒരുമിച്ചുള്ള ഒരു ഫോട്ടോ എടുത്ത് മൊബൈൽ ഫോൺ അവൾക്കു നൽകി.
അവൾ ഞെട്ടി വിറച്ചിരിക്കുന്നതാണ് ഞാൻ കണ്ടത്. എനിക്ക് കരച്ചിൽ നിർത്താൻ സാധിച്ചില്ല. ഞാൻ ഫോൺ വാങ്ങി പുറത്തിറങ്ങി ബൈക്കെടുത്ത് വീട്ടിലേക്ക് പോയി . പുറത്തിറങ്ങിയപ്പോഴും അവൾ ഞെട്ടി ഇരിക്കുന്നതാണ് ഞാൻ കണ്ടത്. ഓരോന്നാലോചിച്ച് കിടന്നു ,ഒന്നും കഴിച്ചില്ല. അലീനയുടെ മുഖം മനസ്സിൽ നിന്നു അവളുടെ ചിന്തകളും. എങ്ങനെയോ പുലർച്ചേ ഉറങ്ങി.
“ഏട്ടാ എന്റെ അവസാന ആഗ്രഹമാണ് ഒരു താലി എന്റെ കഴുത്തിൽ കെട്ടണം ”
അലീനയുടെ അവസാന നിമിഷങ്ങൾ സ്വപ്നം കണ്ടാണ് ഞാൻ ഞെട്ടി ഉണർന്നത് .അതെ അവൾ എന്നെ വിട്ട് പിരിഞ്ഞിട്ട് ഇന്ന് മൂന്ന് വർഷമാകുന്നു.
റെഡിയായി ബാങ്കിലേക്ക് വിട്ടു. പോകാൻ ഒട്ടും താൽപര്യമില്ല എന്നാലും ഇന്നലെ ലീവ് തീർന്നിരുന്നു ,മനസ്സ് കലങ്ങിമറങ്ങി ഇരിക്കുന്നു. ബാങ്കിൽ ഒരു കാര്യത്തിലും ശ്രമിക്കാൻ പറ്റിയില്ല.
“എന്താ സർ എന്തുപറ്റി ”
ക്ലർക്കിന്റെ വാക്കുകൾ എന്നെ ചിന്തയിൽ നിന്ന് ഉണർത്തി.
“ഒന്നുമില്ല ഞാൻ നേരത്തെ പോകും ”
ഞാൻ പറഞ്ഞു കുറച്ച് നേരം കൂടി ഇരുന്ന് ഞാൻ ഇറങ്ങി. ഒരു ചെറിയ ടെക്സ്റ്റയിൽസിൽ നിന്നും ഒരു പാന്റും ഷർട്ടും വാങ്ങി നേരെ കടപ്പുറത്തുപോയി മനസ്സ് കടലിലെ തിരപോലെ ആടി ഉലഞ്ഞു കൊണ്ടിരുന്നു. കാമുകി കാമുകന്മാർ കടപ്പുറത്ത് കൈകോർത്ത് ഇരിക്കുന്നത് കണ്ടപ്പോൾ എന്നെ വർഷങ്ങൾ പിന്നോട്ടെടുപ്പിച്ചു , ഞാനും അലീനയും കടപ്പുറത്ത് ഇരുന്ന കാര്യങ്ങൾ ആലോചിച്ച് കണ്ണു നിറഞ്ഞു . കടലിൽ കുളിക്കണം സങ്കടം ഒരു നിമിഷത്തേക്കെങ്കിലും കഴുകി കളയണം . മൊബൈലും വാച്ചും എടുത്ത് മണലിലിരുന്ന ഒരു പയ്യന്റെ അടുത്തേക്ക് നടന്നു. ഞാൻ അവനെ ലക്ഷ്യമാക്കുന്നത് കണ്ട് അവൻ ഒന്നു പേടിച്ചു കാരണം അവന്റെ കൂടെ ഒരു പെൺകുട്ടും ഉണ്ട് അവന്റെ കാമുകി ആകണം .
“ഞങ്ങളെ അറിയുമോ ?”
അവൻ എന്നോട് ചോദിച്ചു.
“ഇല്ല. ഒരു ഹെൽപ് ചെയ്യാമോ ?”
“‘എന്താ ” അവൻ തിരക്കി
“ഈ കവറും മൊബൈലും വാച്ചും ഒന്ന് കുറച്ചു നേരത്തേക്ക് വച്ചിക്കുവോ ഞാൻ ഒന്ന് കടലിൽ കുളിച്ച് വരാം ”
ഞാൻ പറഞ്ഞു
” അതിനെന്താ ഞാൻ വച്ചിക്കാം ” അവൻ സന്തോഷപൂർവ്വം പറഞ്ഞു.
ഞാൻ ഡ്രസ് അടങ്ങിയ കവറും മൊബൈലും വാച്ചും കൊടുത്ത് കടലിലേക്ക് ഇറങ്ങി. സങ്കടം കരഞ്ഞ് തീർത്ത് കടലിൽ മുങ്ങി കുളിച്ച് തിരിച്ചു വന്ന് ഡ്രസ് മാത്രം വാങ്ങി അടുത്തുള്ള ഒരു ബാത്ത്റൂമിൽ പോയി തല തോർത്തി ഡ്രസ് മാറി. നല്ല ബീച്ച് ആണ് ഇവിടെ അതു കൊണ്ട് നല്ല ബാത്ത്റൂമും റ്റോയിലറ്റും ഒക്കെ ഉണ്ട്. ഡ്രസ് മാറി ഞാൻ മൊബൈൽ ഏൽപ്പിച്ചിരുന്ന പയ്യന്റെ അടുത്ത് പോയി . മൊബൈൽ ചോദിച്ചു.