വൃന്ദാവനം 1 [കുട്ടേട്ടൻ]

Posted by

കുഞ്ഞമ്മയും വല്യമ്മയും ഇടയ്ക്കിടെ സഞ്ജുവിന്റെ പേരിൽ ഓരോ നേർച്ച ക്ഷേത്രത്തിൽ നേരാറുണ്ട്.ഇന്ന് സഞ്ജുവിന്റെ പക്കപ്പിറന്നാൾ ആയതിനാൽ പ്രത്യേക നേർച്ച നേർന്നതാണ്.ഇന്ന് രോഹിണിയാണ്.ചിങ്ങമാസത്തിലെ ജന്മാഷ്ടമി ദിവസം രാത്രിയിലാണ് സഞ്ജു ജനിച്ചത്.സാക്ഷാൽ ശ്രീകൃഷ്ണൻ ജനിച്ച അഷ്ടമിരോഹിണി നാളിൽ.

സഞ്ജു പുറത്തേക്കു ധൃതിപ്പെട്ട് ഇറങ്ങി.പൂമുഖത്ത് മുത്തച്ഛനും തറവാട്ടിലെ വലിയ കാരണവരുമായ രാഘവേന്ദ്ര പെരുമാൾ ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പഞ്ചഷഷ്ഠി (അറുപത്തിയഞ്ചാം ജൻമദിനം) അടുത്താഴ്ചയാണ്.കാർക്കശ്യം നിറഞ്ഞ എന്നാൽ ഗംഭീരസുന്ദരമായ മുഖമുള്ള മുത്തച്ഛൻ.ആറടിയോളം ഉയരത്തിൽ വെളുത്ത ശരീരവും വെളുവെളുത്ത താടിയുമുളള അദ്ദേഹത്തെ കണ്ടാൽ പളയ നടൻ നരേന്ദ്രപ്രസാദിന്റെ ലക്ഷണമാണ്.

‘സഞ്ജുമോൻ ക്ഷേത്രത്തിലേക്കാണോ ‘

പെരുമാൾ ചോദിച്ചു,മക്കളോടു വലിയ കാർക്കശ്യം കാട്ടുമെങ്കിലും കൊച്ചുുമക്കളോട് അങ്ങനല്ല പെരുമാറ്റം.കൊച്ചുമക്കളുടെ കാര്യത്തിൽ വാൽസല്യത്തിന്റെ നിറകുടമാണ് അദ്ദേഹം.

‘അതേ മുത്തച്ഛാ…’ അവൻ പറഞ്ഞു.

‘ഇങ്ങു വരൂ,’ അദ്ദേഹം അവനെ വിളിച്ചു.സഞ്ജു അരികിലേക്കു ചെന്നു. തന്റെ ചെല്ലം തുറന്ന് ഒരു  സ്വർണനാണയമെടുത്ത് സഞ്ജുവിന്റെ കൈയിൽ കൊടുത്തു അദ്ദേഹം.

‘ഇത് കാണിക്കയിടു ,എന്റെ സഞ്ജുമോന്റെ പക്കപ്പിറന്നാളല്ലേ.’സഞ്ജു അത് വാങ്ങി.

പെരുമാളൻമാർ ക്ഷേത്രത്തിൽ കാണിക്കയിടുന്നത് സ്വർണനാണയങ്ങളാണ്. അപ്പോൾ തന്നെ ഊഹിക്കാമല്ലോ അവരുടെ സാമ്പത്തികസ്ഥിതിയുടെ വ്യാപ്തി.

സഞ്ജു ഒരു വെളുത്ത കൂർത്തയും മുണ്ടുമാണ് ഉടുത്തത്. ഹിമാചൽ ആപ്പിൾ പോലെ വെളുത്തു ചുവന്ന അവൻ ആ വേഷത്തിൽ പതിൻമടങ്ങ് ശോഭിച്ചു നിന്നു.ഒരു ചോക്ക്ലേറ്റ് പയ്യൻ എങ്ങനെ ഇരിക്കണമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സഞ്ജു.അവൻ  വെളിയിലേക്കിറങ്ങി അവന്റെ ട്ര‌യംഫ് ബൈക്ക് സ്റ്റാർട്ടാക്കി.

‘നീ ബൈക്കിലാണോ പോകുന്നത്, മഴ പൊടിക്കുന്നു. കാർ എടുത്തിട്ടുപോടാ…’വെളിയിലേക്കിറങ്ങി വന്ന സഞ്ജുവിന്റെ ഇളയച്ഛൻ ദത്തൻ വിളിച്ചുപറഞ്ഞു. ആറടിയോളം പൊക്കമുള്ള സുന്ദരനായ ഒത്ത ഒരു പുരുഷനാണ് ദത്തൻ.സഞ്ജുവിനോടു പ്രത്യേക കാര്യമാണു ചെറിയച്ഛന്.

ഇളയച്ഛന്റെ ഉപദേശം മാനിച്ച് സഞ്ജു കാറിലേക്കു കയറി. ചന്ദ്രോത്ത് ഒട്ടേറെ കാറുകളുണ്ട്. തന്റെ പ്രിയവാഹനമായ ജീപ്പ് കോമ്പസ് സ്റ്റാർട്ടാക്കി അവൻ മുന്നോട്ടെടുത്തു.

‌ഇളയച്ഛൻ പറഞ്ഞതു കേട്ടതു നന്നായെന്ന് അവനു തോന്നി. ശർർന്നു മഴ ചാറി തുടങ്ങി.തുള്ളിക്കൊരു കുടം പോലെയുള്ള ഇടവപ്പാതി. ജീപ്പിന്റെ ചില്ലുകളില്‍ ഊക്കോടെ മഴ വന്നിടിച്ചു.ഇടവപ്പാതി മഴയ്ക്ക് ഒരു പ്രത്യേക സുഖമാണ്. ഇടിയും മിന്നലുമൊന്നുമില്ലാത്തതിനാൽ പേടിയൊന്നും കൂടാതെ മഴയുടെ സൗന്ദര്യം ആസ്വദിക്കാം.മനസ്സിനെയും ശരീരത്തിനെയും കുളിർപ്പിക്കുന്ന ആനന്ദമഴ.

Leave a Reply

Your email address will not be published. Required fields are marked *