യക്ഷയാമം 11 [വിനു വിനീഷ്]

Posted by

ഭ്രൂണത്തിൽനിന്നും മരുന്നുകൾക്കൊപ്പം ഒലിച്ചിറങ്ങുന്ന ദ്രാവകം പൂക്കുലയിൽ വീണുകഴിഞ്ഞാൽ പിന്നെ പൂക്കുല അഗ്നിക്കിരയാക്കും.
അപ്പോൾമുതൽ ഓടിവിദ്യ ചെയ്യുന്നയാൾ പൂർണ്ണനഗ്നനായി അവരുടെ മന്ത്രങ്ങൾ നൂറ്റൊന്നു തവണ ചൊല്ലും.
അപ്പോഴേക്കും. ഭ്രൂണത്തിന്റെ മസ്തിഷ്ക്കം ഉരുകി ഒരു ദ്രാവകമായിമാറും.
അത് ഗോകർണ്ണത്തിൽ സൂക്ഷിക്കും. അതാണ് മഷി. അതുപയോഗിച്ചാണ് ഓടിവിദ്യ നടത്തുന്നത്.

“അപ്പൊ ആ ഗർഭിണിയോ ?..”
അമ്മുവിന്റെ സംശയം ഗൗരി ചോദിക്കാനിരിക്കുകയായിരുന്നു

“ഉണരാത്ത നിദ്രയിൽ അകപ്പെട്ടുപോകുന്ന മന്ത്രങ്ങൾ ചൊല്ലി അവരെ ഉറക്കും.
ആ മുറിവ് ഉണക്കാനുള്ള മന്ത്രങ്ങൾ വരെ അവരുടെ താളിയോലകളിൽ പറയുന്നുണ്ട്.
പിന്നെ മാറിയരൂപം പൂർവസ്ഥിതിയിലേക്ക് മാറണമെങ്കിൽ അവരുടെ അമ്മയോ ഭാര്യയോ ചാണകം കലക്കിയ വെള്ളം ദേഹത്ത് ഒഴിച്ച് അശുദ്ധി പെടുത്തണം.”

“അമ്മേ കേട്ടിട്ട് പേടിയാവുന്നു. അപ്പോൾ നമ്മുടെ ചുറ്റുമുള്ള പൂച്ചകളും പോത്തുകളും ഒടിയന്മാരാണോ മുത്തശ്ശാ..”

അമ്മുവിന്റെ സംശയം കേട്ട തിരുമേനി ആർത്തുചിരിച്ചു.

“ഇപ്പ അങ്ങനെയൊന്നുല്ല്യാ കുട്ട്യേ..
അവരുടെ സാമഗ്രികളിൽ ഏതെങ്കിലും ജീവി അത് മനുഷ്യനായാൽ പോലും തൊട്ടശുദ്ധി വരുത്തിയാൽ പിന്നെ അന്യനാട്ടിൽ പോയി വകവരുത്തിയിട്ടെ തിരിച്ചുവരൂ.”

“ഈ താമി എങ്ങനെ മരിച്ചേ..”

“മഹാ മന്ത്രികനായ ചന്ദനക്കാവ് കൃഷ്ണമൂർത്തി ആവാഹനകർമ്മം കഴിഞ്ഞ് മടങ്ങിവരുമ്പോഴയിരുന്നു താമിയുടെ ആക്രമണം.
ഇരുട്ടിന്റെ മറവിൽ ഒരുപാട് ആക്രമണം നടത്തിയ താമിക്ക് ആദ്യം താക്കീത് നൽകിയിരുന്നു.
വീണ്ടും ആവർത്തിച്ചപ്പോൾ
അരിശംമൂത്ത അദ്ദേഹം താമിയുടെ മുടിക്കോൽ ഓടിച്ചിട്ട് ഉന്മൂലനം ചെയ്തു.”

“ഓ… അങ്ങനെയായിരുന്നു മരണം ല്ലേ..”
ദീർഘശ്വാസമെടുത്ത് ഗൗരി ഒന്ന് നിവർന്നിരുന്നു.

“മ്, ഇപ്പോൾ അതൊന്നുമില്യ, ചെറിയ കുട്ട്യോള് ണ്ട് അയിറ്റങ്ങൾ പട്ടിണികിടക്കേണ്ടന്നുകരിത്തിയ സാധനങ്ങൾ കൊടുക്കുന്നെ..
ന്നാ നിങ്ങൾ ചെന്ന് അത്താഴം കഴിച്ചിട്ട് കിടന്നോളൂ.. എനിക്ക് അല്പം ജോലിയുണ്ട്”

തിരുമേനി കസേരയിൽ നിന്നുമെഴുന്നേറ്റ് പൂജാമുറിയിലേക്കുപോയി.

ഗൗരി തന്റെ മുറിയിലേക്ക് നടന്നു. പിന്നാലെ അമ്മുവുംമുണ്ടായിരുന്നു.

നേരത്തെ എടുത്തുവച്ച സീതയുടെ പുസ്തകം അലമാരതുറന്ന് പുറത്തെടുത്ത് അവൾ കട്ടിലിലേക്ക് കമഴ്ന്നു കിടന്നു.

അവസാന വരികളിലെ അർത്ഥം മനസിലാക്കാൻ അവൾ ആ പേജ് എടുത്തുനോക്കി.
പക്ഷെ അതിലങ്ങനെ ഒരു വരി ഉണ്ടായിരുന്നില്ല.

“അയ്യോ, അതെവിടെ പോയി”
അവൾ തലങ്ങും വിലങ്ങുംമറിച്ചുനോക്കി.

പെട്ടന്ന് പുറത്തുനിന്ന് ഒരു വലിയശബ്ദം കേട്ടു.

കിഴക്കേ ജാലകപ്പൊളി തുറന്നുനോക്കിയ ഗൗരി ഭയംകൊണ്ട് രണ്ടടി പിന്നിലേക് വച്ചു.
നിലാവിന്റെ വെളിച്ചത്തിൽ
കറുത്ത് ഉരുണ്ട് മഞ്ഞകണ്ണുകളുമായി ഒരു കറുത്ത കരിമ്പൂച്ച ജാലകത്തിനടുത്തു വന്നിരുന്ന് ഗൗരിയെ വീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചുറ്റിലും പാലപ്പൂവിന്റെയും അരളിയുടെയുംഗന്ധമൊഴുകാൻ തുടങ്ങിയിരുന്നു.

തുടരും…

Leave a Reply

Your email address will not be published. Required fields are marked *