യക്ഷയാമം 10
YakshaYamam Part 10 bY വിനു വിനീഷ്
Previous Parts
ഘോരമായ ഇടിയും മിന്നലും ഭൂമിയിലേക്ക് ഇറങ്ങിവന്നു.
അമ്മുവിനെ മാറിലേക്ക് ചേർത്തുപിടിച്ചുകൊണ്ട് ഗൗരി കണ്ണുകളടച്ച് നാമങ്ങൾ ഉരുവിട്ടു.
“സിന്ദൂരാരുണ വിഗ്രഹാം ത്രിനയനാം,
മാണിക്യ മൌലി സ്ഫുരത്,
താരാനായക ശേഖരാംസ്മിത മുഖീ,
മാപീന വക്ഷോ രുഹാം
പാണിഭ്യാംമളി പൂര്‍ണരത്ന ചഷകം,
രക്തോല്പലം ബിഭ്രതീം സൌമ്യാം
രത്ന ഘടസ്‌ഥ രക്തചരനാം,
ധ്യായേത് പരാമംബികാം “
ഗൗരിയുടെ പ്രാർത്ഥനകേട്ട സീത വീണ്ടും ഉച്ചത്തിൽ ആർത്തട്ടഹസിച്ചു.
അപ്പോഴാണ് രാവിലെ തിരുമേനി ഗൗരിയുടെ കൈയ്യിൽകെട്ടികൊടുത്ത ചരടിനെകുറിച്ച് അവൾക്ക് ഓർമ്മവന്നത്.
ധൈര്യംസംഭരിച്ച ഗൗരി പിന്നിൽ മറഞ്ഞുനിന്ന അമ്മുവിനെ തന്റെ വലതുഭാഗത്തേക്ക് നീക്കിനിറുത്തി.
സീത നിലംസ്പർശിക്കാതെ അവരുടെ അടുത്തേക്ക് ഒഴുകിവന്നു.
ശക്തമായ കാറ്റിൽ സീതയുടെ നിതംബത്തിനൊപ്പം നിൽക്കുന്ന മുടിയിഴകൾ പാറിനടന്നുണ്ടായിരുന്നു
സീത ഗൗരിയുടെ നിശ്ചിത അകലത്തെത്തിയപ്പോൾ ഏതോ ദൈവീകമായ ഒരു ശക്തി അവളെ തടഞ്ഞുവച്ചു.
എത്രശ്രമിച്ചിട്ടും അവൾക്ക് അവരുടെ അടുത്തേക്ക് പോകാൻ കഴിയാതെവന്നു.
“എനിക്കറിയാം, ശങ്കരൻതിരുമേനിയുടെ സംരക്ഷണവലയം തകർക്കാൻ എനിക്ക് കഴിയില്ല്യാ ന്ന്.”
ഭൂമിയെ സ്പർശിക്കാതെ നിന്നുകൊണ്ട് സീത പറഞ്ഞു.
ഉടൻ അമ്മുവും ഗൗരിയും മഹാദേവനെ ധ്യാനിച്ചു.
ഓം നമഃ ശിവായ.
ഓം നമഃ ശിവായ.
ഓം നമഃ ശിവായ.
അന്തരീക്ഷത്തിൽ നിൽക്കുന്ന സീത പെട്ടന്ന് തെറിച്ച് നിലത്തുവീണു.
“ഗൗര്യേച്ചി,..”
ഇടറിയശബ്ദത്തിൽ അമ്മുവിളിച്ചു.
“പേടിക്കേണ്ട ഭഗവാൻ നമ്മോടൊപ്പമുണ്ട്.”
ഗൗരി അവളെ സമാധാനിപ്പിച്ചു.
നിലത്തുവീണ സീത പുതിയരൂപത്തിലായിരുന്നു എഴുന്നേറ്റത്.
നെറ്റിയിൽ ചന്ദനംചാർത്തി, ഇളംപച്ച നിറത്തിലുള്ള ദാവണിചുറ്റി,വലതുകൈയ്യിൽ കറുത്ത കുപ്പിവള്ളകൾ ധരിച്ച് അഴിഞ്ഞുവീണ മുടിയിഴകളുമായി അവൾ പതിയെ നടന്നുവന്നു.
പറന്നുയർന്ന കരിയിലകൾ നിലംപതിച്ചു,
ആടിയുലഞ്ഞ കേരവും മറ്റു വൃക്ഷങ്ങളും ശാന്തമായി.
പുഞ്ചിരിപൊഴിച്ചുകൊണ്ട് ഒരു നിശ്ചിതഅകലം പാലിച്ച് അവൾ വന്നുനിന്നു.
അമ്മുവും ഗൗരിയും മുഖത്തോടുമുഖം നോക്കി.
“എന്നെയൊന്ന് സഹായിക്കോ ?..”
ഒറ്റശ്വാസത്തിൽ സീത ചോദിച്ചു.
തൊണ്ടയിൽ ഉമിനീരുവറ്റിയ ഗൗരി മറുപടിപറയാൻ വല്ലാതെ ബുദ്ധിമുട്ടി.
“എ… എന്താ…”
“പറയാം”
അത്രേയും പറഞ്ഞ് സീത പെട്ടന്ന് അപ്രത്യക്ഷയായി.
“വാ ,ഗൗര്യേച്ചി, നമുക്ക് പോവാം”
ചുറ്റിലും നോക്കിയ അമ്മുപറഞ്ഞു.
തിരിഞ്ഞു നടക്കാൻ നിന്ന അവരെ സീത വീണ്ടും വിളിച്ചു.
“ഗൗരീ ”
ഇത്തവണ അവളുടെ അശരീരി മാത്രമായിരുന്നു കേട്ടത്.
മാർത്താണ്ഡന്റെ കുടിലിന് മുൻപിൽ നിൽക്കുന്ന സീതയെ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല.
“ഗൗരി, ഇവിടെ.”
അവൾ വീണ്ടും വിളിച്ചു.