യക്ഷയാമം 11
YakshaYamam Part 11 bY വിനു വിനീഷ്
Previous Parts
സീതയുടെ നെറ്റിയിൽ എന്തോ മുറിവ് രൂപപ്പെട്ടിരിക്കുന്നു. അതിൽനിന്നും രക്തം പൊടിയുന്നുണ്ട്.
അടിച്ചുണ്ടിനെ പിന്നിലാക്കി അവളുടെ ദ്രംഷ്ടകൾ വളരാൻ തുടങ്ങിയിരുന്നു
കണ്ണുകളിൽ നിന്നും ചുടുരക്തം ഒലിച്ചിറങ്ങി.
അമ്മു പിന്നിലേക്ക് തന്റെ ഓരോ കാലുകൾ വച്ചു.
ഗൗരി അവളുടെ കൈയ്യിൽ മുറുക്കെ പിടിച്ചുകൊണ്ട് പറഞ്ഞു.
“പേടിക്കേണ്ട ഒന്നും ചെയ്യില്ല്യാ..”
പതിയെ സീതയുടെ രൂപം വളരാൻ തുടങ്ങി.
ആകാശംമുട്ടിനിൽക്കുന്ന കരിമ്പനയുടെ ശിരസുവരെ അവൾ വളർന്നു.
സീതയുടെ അട്ടഹാസം ആ പ്രദേശം മുഴുവനും പ്രകമ്പനംകൊള്ളിച്ചു.
പെട്ടന്ന് ശക്തമായ കാറ്റ് ഒഴുകിയെത്തി.
വൃക്ഷങ്ങൾ തമ്മിൽ കൂട്ടിമുട്ടി.
പടർന്നുപന്തലിച്ച മൂവാണ്ടൻമാവിന്റെ ഒരു ശിഖരം ഗൗരിയുടെ മുൻപിലേക്ക് ഒടിഞ്ഞു വീണു.
അതിൽനിന്നും രണ്ടു സർപ്പങ്ങൾ ഇഴഞ്ഞുവന്ന് ഫണമുയർത്തി അവരെ നോക്കിനിന്നു.
ഇടക്ക് അതിന്റെ നീളമുള്ള നാവ് പുറത്തേക്കിട്ട് അമ്മുവിനെ തീക്ഷണമായി നോക്കുന്നുണ്ടായിരുന്നു.
“ഗൗര്യേച്ചി നിക്ക് പേടിയാ…”
അമ്മു ഗൗരിയുടെ മറപറ്റി നിന്നു.
“ഹഹഹ…”
ഭൂമിയെ സ്പർശിക്കാതെ അവൾ അന്തരീക്ഷത്തിൽനിന്നുകൊണ്ട് ചിരിച്ചു.
പതിയെ സർപ്പങ്ങൾ പടർന്നുപന്തലിച്ച കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി.
“തിരുമേനിയുടെ ബന്ധനത്തിൽനിന്നും മാർത്താണ്ഡൻ എന്നെ മോചിപ്പിച്ചു.
പിന്നെ അയാളുടെ അടിമയാക്കി.
ഇപ്പോൾ അയാളുടെ കൈയ്യിൽനിന്നും നിങ്ങളെന്നെ മോചിപ്പിച്ചു.
പൂർണ സ്വാതന്ത്ര്യത്തോടെ.
ഇനിയെനിക്ക് പ്രതികാരം ചെയ്യണം.
എന്നെ നശിപ്പിച്ചവർക്കെതിരെ
എന്റെ ജീവിതം തകർത്തവർക്കെതിരെ,
എന്റെ സ്വപ്നങ്ങളെ ചുട്ടെരിച്ചവർക്കെതിരെ.
അത്രെയും പറയുമ്പോൾ സീതയുടെ കണ്ണുകളിൽ നിന്നും മിഴിനീർക്കണങ്ങൾക്കുപകരം ചുടുരക്തമായിരുന്നു ഒഴുകിയിരുന്നത്.
“ഇനിയൊരു കർമ്മവും അവൻ ഒരു കന്യകയെയുംവച്ച് ചെയ്തുകൂട.”
കണ്ണുകളിൽ നിന്നും അഗ്നി ജ്വലിച്ചുകൊണ്ട് സീത പറഞ്ഞു.
എന്നിട്ട് അവൾ ഗഗനനീലിമയിലേക്ക് മറഞ്ഞു.