തിരുമേനി മുറുക്കാൻ പൊതി തുറന്ന് വെറ്റിലയുടെ തലപ്പ് പൊട്ടിച്ച് വലതുനെറ്റിയുടെ ഭാഗത്ത് ഒട്ടിച്ചുവച്ചു.
“ശത്രുനാശത്തിനുള്ള മറ്റൊരു ആഭിചാര കര്‍മമാണ് ‘ഒടി’യെന്നുപറയുന്നത്. ഒടിവെച്ചത് കടന്നാലാണ് അതിന്റെ ദോഷം ബാധിക്കുക. ഒടി കടന്നാല്‍ വിഷാംശംകൊണ്ട് കാലുകള്‍ വീങ്ങുകയും പൊട്ടുകയും ചെയ്യും. പിണിയാളുടെ ശരീരത്തില്‍ സന്ധുക്കളില്‍ കുരുത്തോല കെട്ടി, എട്ടുമുള്ളു തറപ്പിക്കും. കണ്ണിമീന്‍, അട്ടക്കുടു, ഏട്ട, മഞ്ഞള്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത ചോറുകൊണ്ട് പ്രതിരൂപമുണ്ടാക്കി.”
“പ്രതിരൂപം എന്നുവച്ചാൽ.?..”
ഇടക്കുകയറി ഗൗരി ചോദിച്ചു.
“പ്രതിരൂപം എന്നുപറഞ്ഞാൽ ആള്‍രൂപം.
അതുണ്ടാക്കി മുള്ളുകളും മറ്റും ആ സങ്കല്പ ശരീരത്തില്‍ മന്ത്രത്തോടുകൂടി കുത്തുകയെന്നത് ഒടികര്‍മത്തിന്റെ ഒരു വശം.”
മടക്കിയെടുത്ത മുറുക്കാൻ തിരുമേനി വായിലേക്ക് വച്ചു.
“ഓ, ഇതാണോ ഓടിയൻ, ഞാനും കരുതി വല്ല്യ സംഭവമാണെന്ന്.”
പുച്ഛത്തോടെ അവൾ പറഞ്ഞു.
“ഹഹഹ, ഇത് ‘ഒടി’കർമ്മത്തിന്റെ മറ്റൊരു വശമാണ് ഗൗര്യേ.., എന്നാൽ അതല്ല ഭയക്കേണ്ടത്.”
“നായയായും, കാട്ടുപോത്തായും, കരിമ്പൂച്ചയായും ഓടിയന് രൂപമാറ്റം ചെയ്യാൻ കഴിയും.
ശേഷം തന്റെ ശത്രുവിനെ വകവരുത്തും.”
“ഒന്നുപോയേ മുത്തശ്ശാ, മനുഷ്യർ മൃഗങ്ങളാവുത്രേ. പേടിപ്പിക്കാൻ വേണ്ടി ഓരോ കഥകൾ പറഞ്ഞുതരാ..”
അമ്മുവിന്റെ അടുത്തേക്ക് ചേർന്നിരുന്ന് അവൾ പറഞ്ഞു.
അതിനിടക്ക് അംബികചിറ്റ തിരുമേനിക്ക് വെള്ളം കൊണ്ടുവന്നുകൊടുത്ത് തിരിച്ചുപോയി.
“ഹഹഹ, ഭയം തോന്നുന്നുണ്ടോ ?..
എന്നാൽ അതിന്റെ രഹസ്യം അറിഞ്ഞലോ.? ഭയം ഇരട്ടിക്കും.”
തിരുമേനിയുടെ ആ ചോദ്യം അവളെ ത്രസിപ്പിച്ചു.
“എങ്ങനെ ?..”
“ഇപ്പോൾ ഒടിവിദ്യ ആരും ചെയ്യാറില്ല.
ഒടിവിദ്യക്ക് ഉപയോഗിക്കുന്നത് ഒരു മഷിയുണ്ട് അതാണ് ഇതിലെ രഹസ്യം.”
കോളാമ്പിയിലേക്ക് മുറുക്കിതുപ്പികൊണ്ട് തിരുമേനി പറഞ്ഞു.
“മുത്തശ്ശാ,എങ്ങനെ ആ മഷിയുണ്ടാക്കുക.?”
സംശയത്തോടെ അമ്മുചോദിച്ചു.
ചുണ്ടിലൂടെ ഒലിച്ചിറങ്ങുന്ന മുറുക്കാൻ ചുവപ്പ് തോളിലുള്ള തോർത്തുമുണ്ടിന്റെ തലപ്പുകൊണ്ട് തിരുമേനി തുടച്ചുനീക്കി.
“അമാവാസി ദിവസം രാത്രിയിൽ കള്ള് ചുരത്താത്ത കരിമ്പനയുടെ ചുവട്ടിലേക്ക് ഓടിവിദ്യ ചെയ്യുന്നയാൾ കന്നിപ്പേറുള്ള പെണ്ണിനെ വശീകരിച്ചു കൊണ്ടുവരും.
എന്നിട്ട് മൂത്ത മുളയുടെ കാണ്ഡം വെട്ടിയുണ്ടാക്കിയ കത്തിയുപയോഗിച്ച് അവളുടെ വയറുകീറി ഭ്രൂണം പുറത്തെടുക്കും.
ആ ഭ്രൂണം കരിമ്പനയുടെ മുകളിലെ പൂക്കുലയിൽ തറപ്പിച്ചുനിർത്തും.”
“എന്തിന്..”
ഭയത്തോടെ ഗൗരിചോദിച്ചു.
“മഷിയുണ്ടാക്കാൻ..”
“എന്നിട്ട്..”
ഗൗരിയുടെ കൈകളിൽ പിടിച്ച് അമ്മുചോദിച്ചു.
“ആ പെണ്ണിനെ തിരികെ കൊണ്ടുപോയി എടുത്ത സ്ഥലത്ത് ആക്കിയില്ലങ്കിൽ ആ ഭ്രൂണം ഉപയോഗശൂന്യമാകും.
പിന്നെ പൂക്കുലയും ഭ്രൂണവും താഴെയിറക്കി പൂക്കുല തറയിൽ കുത്തിനിറുത്തി അവരുടെ താളിയോലയിൽ പറയുന്ന പച്ചിലമരുന്നുകൾ തേച്ച് ഭ്രൂണത്തെ പൂക്കുലക്ക് മുകളിൽ കെട്ടിനിറുത്തും.
“അപ്പൊ അതിന് ജീവനുണ്ടാകില്ലേ മുത്തശ്ശാ, ”
ഗൗരി വീണ്ടും ചോദിച്ചു.
“ഉവ്വ്, 7,8, മാസം വളർച്ചയെത്തിയ ഭ്രൂണമല്ലേ…”
“എന്നിട്ട്.”