യക്ഷയാമം 11 [വിനു വിനീഷ്]

Posted by

ദീപാരാധന കഴിഞ്ഞ് അവർ മഹാദേവനെ തൊഴുത് മനയിലേക്ക് തിരിച്ചു.

പാടവരമ്പിലൂടെ നടന്നുപോകുമ്പോഴായിരുന്നു എതിരെനിന്ന് ഒരു സ്ത്രീ വരുന്നത് കണ്ടത്.

തിരുമേനിയെ കണ്ടമാത്രയിൽ അവർ വേഗം വരമ്പിൽനിന്നും ചളിയിലേക്ക് ഇറങ്ങി വഴിയൊരുക്കി.

“എന്താ നീല്യേ..സുഖല്ലേ..?”
പൗരുഷമാർന്ന ശബ്ദത്തിൽ തിരുമേനി ചോദിച്ചു.

“അതെ മ്പ്രാ..”
തലതാഴ്‍ത്തി അവർ പറഞ്ഞു.

“നിനക്കുള്ള അരീം സാധനങ്ങളും അംബികയെ ഏല്പിച്ചിട്ടുണ്ട്. അത്രേടം വരെ വന്ന് അതൊന്നുവാങ്ങിച്ചോണ്ടു പൊയ്ക്കോളൂ.”

“ഉവ്വമ്പ്രാ. ”
അവർ അപ്പോഴും തല താഴ്ത്തിതന്നെ നിൽക്കുകയായിരുന്നു.

തിരുമേനി നടന്നുനീങ്ങി.
കൂടെ അമ്മുവും,ഗൗരിയും.

“മുത്തശ്ശാ, ആരാ അത് ?..”
സംശയത്തോടെ ഗൗരി ചോദിച്ചു.

“നീല്യാ… പറമ്പില് പണിയെടുക്കുന്നോളാ..”
തിരിഞ്ഞുനോക്കാതെ തിരുമേനി പറഞ്ഞു.

അരുണൻ വിടപറയാൻ നിന്നു.
അന്തിച്ചോപ്പ് നെൽവയലിനെ കൂടുതൽ വർണ്ണാലങ്കാരമാക്കി. വിണ്ണിൽ തിങ്കൾ ഒളികണ്ണിട്ട് അവരെ നോക്കുന്നുണ്ടായിരുന്നു.

വയലിനുനടുവിലുള്ള ആർമരത്തിൽ കിളികളും വവ്വാൽ കൂട്ടങ്ങളും കലപില ശബ്ദമുണ്ടാക്കി.
കൂടെ ശിവക്ഷേത്രതിൽനിന്നും കേൾക്കുന്ന ഭക്തിഗാനങ്ങളും.

ദീർഘശ്വാസമെടുത്ത് ഗൗരി ശുദ്ധവായുവിനെ സ്വാഗതം ചെയ്തു.

മനയിലേക്ക് വന്നുകയറിയ തിരുമേനി ഉമ്മറത്ത് കിണ്ടിയിൽവച്ച ജലമെടുത്ത് കൈകാലുകൾ കഴുകി ശുദ്ധിവരുത്തി ഉമ്മറത്തേക്ക് കയറിയിരുന്നു.

“മുത്തശ്ശാ, നേരത്തെ കണ്ട ആ സ്ത്രീക്ക് ഇവിടെനിന്നാണോ ഭക്ഷണം പാകംചെയ്യാനുള്ള സാധനങ്ങൾ കൊടുക്കുന്നത്.”

ഉമ്മറത്തെ തിണ്ണയിൽ കയറിയിരുന്ന് ഗൗരി ചോദിച്ചു.
അമ്മുവും അവളോടൊപ്പം കയറിയിരുന്നു.

“അംബികേ, ഇച്ചിരി വെള്ളം ഇങ്ങെടുക്കൂ..”
അകത്തേക്ക് നോക്കിക്കൊണ്ട് തിരുമേനി പറഞ്ഞു.

“ചോദിച്ചതിന് ഉത്തരം താ മുത്തശ്ശാ..”
അരിശംമൂത്ത ഗൗരി ചോദിച്ചു.

“ഹഹഹ, ഒരു കാലത്ത് നാടിനെ വിറപ്പിച്ച ഇരുട്ടിന്റെ രാജാവ് താമിയുടെ ഭാര്യയാണ് നീലി.”

“താമിയോ ?.. അയാളാരാ ഡ്രാക്കുളയാണോ.?”
പരിഹാസത്തോടെ ഗൗരി ചോദിച്ചു.

ഗൗരിയുടെ മറുപടികേട്ട അമ്മു പൊട്ടിച്ചിരിച്ചു.

“മ്, അതെ..!”
തിരുമേനി ഒറ്റവാക്കിൽ പറഞ്ഞു.

“ങേ..?”
അദ്‌ഭുദത്തോടെ ഗൗരി തിരുമേനിയെ തന്നെ നോക്കിയിരുന്നു.

“ഓടിയൻ താമി..”
ഇടറിയ ശബ്ദത്തിൽ തിരുമേനി പറഞ്ഞു.

“എന്താ ഈ ഓടിയൻ ?..
ആരാ അയാൾ ?..
അയാളെങ്ങനെ ഇരുട്ടിന്റെ രാജാവാകും?..

ചോദ്യങ്ങൾ ഓരോന്നായി ഗൗരി ചോദിച്ചു തുടങ്ങി.

“മ്, പറയാം.”

Leave a Reply

Your email address will not be published. Required fields are marked *