മിഴി 8 [രാമന്‍] [Climax]

Posted by

അനു എന്നായിരുന്നു മനസ്സിൽ.കയ്യിലെ ദോശ പാത്രത്തിലേക്ക് തന്നെ വീണു.ചാടി എഴുന്നേറ്റ് ഒറ്റ ഓട്ടം. സ്റ്റെപ് കേറി മുകളിൽ നിന്ന് ആ റൂമിലേക്ക് നോക്കിയപ്പോ ടേബിളിന് മുകളിൽ വെച്ച പത്രമൊന്നും അവിടെയില്ല. ബുദ്ധിമുട്ടെല്ലാം മാറ്റി വെച്ച് ഞാനാ റൂമിലേക്ക് ഓടി. വാതിൽ പടിയിൽ നിന്ന് കിതപ്പോടെ ഉള്ളിലേക്ക് നോക്കി.

ബെഡിൽ കാലുനീട്ടി ചുമരിലേക്ക് ചാരി ഇരിക്കുന്ന ചെറിയമ്മ ഒന്നും അറിഞ്ഞില്ല,കേട്ടില്ല കണ്ടില്ലന്നുള്ള ഭാവം.എന്‍റെ ദൈവമേ പിന്നെന്താ നടന്നെ?ഉണ്ടക്കണ്ണി ആണേൽ ഓടി വന്ന എന്നെയൊന്നും ശ്രദ്ധിക്കണ്ടേ.? അതില്ല!!.ഇനിയിവള്‍ പത്രമെടുത്തെറിഞ്ഞതാണോ? അത് വീണ ദിശയൊന്നു നോക്കിയപ്പോ. ഞാൻ തലക്ക് കൈ കൊടുത്തു പോയി . ദോശയും ചമ്മന്തിയുമൊക്കെ നിലത്തുണ്ട്. അത് നല്ല വൃത്തിക്ക് കടിച്ചു തിന്നണ ഒരു തെണ്ടി പൂച്ചയുമുണ്ട്.ശ്വാസം വിട്ടു. പിന്നെ നീട്ടി വലിച്ചു. എന്‍റെ ചെറിയമ്മേ പേടിപ്പിച്ചല്ലോ നീ!!.

കൈ കെട്ടി ചുമരിൽ ചാരി ആ മുട്ടിന്‍റെ താഴെ വരെ എത്തുന്ന പാവാടയുമിട്ട് കാലു നീട്ടി ഇരിക്കുന്നയവളുടെ വലതുവശത്തു തുറന്നുകിടക്കുന്ന ജനലുണ്ട്.അതിൽ പുറത്തു വെയിലിൽ മുങ്ങി നിൽക്കുന്ന പാടവും മെല്ലെ ഇളകിയാടുന്ന തെങ്ങും  ചത്തു കിടക്കുന്ന പോലെയുണ്ട്. .കാറ്റിന് ഇളം ചൂടും, ആ ചൂടിന് ഇളം മണവുമുണ്ട്.തൊണ്ട വറ്റിക്കുന്ന ചെറിയൊരു വിങ്ങൽ വരുന്ന കാറ്റിനൊപ്പമുണ്ട്.

“മ്യാവു….” താഴെനിന്ന് വയറു നിറഞ്ഞ പൂച്ച എന്നെ കണ്ടോന്നു ചിരിച്ചു. സൈഡിലൂടെ മെല്ലെ നടന്നു അത് വാതിലിനു പുറത്തേക്ക് ഇറങ്ങി പോയി.ചെറിയമ്മ നോക്കൂല്ലന്നുറപ്പാ. നോക്കണ്ട!! അവിടെ ഇരിക്കട്ടെ. എനിക്ക് മിണ്ടാലോ. അടുത്തിരിക്കാലോ. അവളെ നോക്കാല്ലോ?.

നിലത്തു വീണ പത്രമെല്ലാം പെറുക്കിയെടുത്തു താഴെ കൊണ്ട് ചെന്ന് വെച്ചു. നിലത്തു വീണു കിടക്കുന്ന കഞ്ഞിയെല്ലാം വാരി കളഞ്ഞു.തുടച്ചു. വൃത്തിയാക്കി. റൂമിൽ പോയി കയ്യും മുഖവും കഴുകി. ബാക്കിയുള്ള റൂമിലെ വെള്ളമെടുത്ത് കുടിച്ചു ചെറിയമ്മയുടെ റൂമിലേക്ക് വീണ്ടും കേറി.

നേരത്തെ തുടച്ച നിലത്തിന് മാത്രം നല്ല തണുപ്പുണ്ട്.അത് കാലിൽ നല്ലപോലെ അറിയുന്നുണ്ട്.ബെഡിൽ അവളിരിക്കുന്നുണ്ട്.എന്നാലും ഒരു നോട്ടം!!അതിപ്പോഴുമില്ല.തുറന്ന ജനൽക്കൂടെ ഒഴുകിവന്ന കാറ്റവളുടെ മുടിയിഴകളെ തഴുകിയൊഴുകി പോയി. എന്താണെന്‍റെ മനസ്സിലെന്ന് എനിക്ക് തന്നയറിയുന്നില്ല. എങ്ങനെയാ തുടങ്ങേണ്ടന്നും. ഒരുപാട് വിഷമിപ്പിച്ചു. ആ സങ്കടമുള്ളിലുണ്ട് മാറുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *