പുറത്തിറങ്ങി കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ അയാളുടെ വിരലുകൾ ആ കൊടും തണുപ്പത്തു ഇപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു.
മഞ്ഞിലൂടെ കുതിക്കുന്ന കാറിന്റെ വിൻഡ്ഷീൽഡിൽ അമലയുടെ മുഖം ഒരു നിഴലായി അയാളെ പിന്തുടരുന്നത് പോലെ അയാൾക്ക് തോന്നി…
അയാൾ അടുത്തുകണ്ട മെഡിക്കൽ ഷോപ്പ് നോക്കിത്തന്നെ വണ്ടിതിരിച്ചു.. ഏറെ കാലമായി താൻ ഉപേക്ഷിച്ചിരുന്ന ആ മനസ്സിനെ തണുപ്പിക്കാൻ വേണ്ടിയുള്ള മെഡിസിൻസ് അയാൾക്ക് ആവശ്യമായി തോന്നിത്തുടങ്ങി..
അതേസമയം ഉറങ്ങിക്കൊണ്ടിരിക്കുന്ന നതാഷയുടെ നിശബ്ദമായ ശ്വാസോച്ഛ്വാസം മാത്രം കേൾക്കുന്ന ആ മുറിയിൽ സാം ആ ചിത്രം പൂർത്തിയാക്കി.
ഉറക്കം അയാളെ അന്ന് ഒട്ടും ബാധിച്ചിരുന്നില്ല.
തന്റെ ഉള്ളിലെ പകയും പ്രണയവും ബ്രഷിലൂടെ ഒഴുകി ആ ക്യാൻവാസിൽ അമലയ്ക്ക് പുനർജന്മം നൽകിയിരുന്നു.
ചിത്രത്തിൽ ഇപ്പോൾ തന്നെ നോക്കി പുഞ്ചിരിക്കുന്ന അമലയുടെ നിഷ്കളങ്കമായ മുഖം തെളിഞ്ഞു നിന്നു.
.
ക്യാൻവാസിൽ നതാഷയുടെ ഉടലിൽ അമലയുടെ മുഖം തെളിഞ്ഞുനിന്നു… അയാൾ ആ ചിത്രത്തിലേക്ക് നോക്കി വിതുമ്പി.
ജനാലകളിലൂടെ അരിച്ചിറങ്ങിയ ചന്ദ്രപ്രകാശത്തിന്റെ വെള്ളി വെളിച്ചത്തിൽ ആ ചിത്രം വല്ലാത്തൊരു ആത്മീയതയോടെ തിളങ്ങുന്നുണ്ടായിരുന്നു.
12 വർഷം മുൻപ് മാഞ്ഞുപോയ ആ പുഞ്ചിരി വീണ്ടും കൺമുന്നിൽ വന്നതുപോലെ. സാം ആ ചിത്രം ഭദ്രമായി അവിടെ ഡ്രോയിങ് ബോർഡിൽ ഉണങ്ങാൻ വെച്ചു.
കൈകളിലെ പെയിന്റ് കഴുകി തിരിച്ചുവന്ന സാം, പിന്നെയും നതാഷയുടെ അടുത്തേക്ക് തന്നെ ചെന്നു.
ബെഡിൽ കുമ്പിട്ടു കിടന്ന് ഗാഢമായി ഉറങ്ങുന്ന നതാഷയുടെ മുഖത്ത് ആ നിലാവെളിച്ചം വീഴുന്നുണ്ടായിരുന്നു.