അവൾ അയാളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ചു ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. മാത്യുവിന്റെ ആഡംബര കസേരകളേക്കാൾ അവൾക്ക് സുഖം നൽകിയത് സാമിന്റെ ഈ മടിത്തട്ടായിരുന്നു.
പക്ഷേ, സാമിന്റെ ആ നെഞ്ചിലെ സ്പന്ദനങ്ങളിൽ പന്ത്രണ്ട് വർഷം മുൻപത്തെ ആ പെൺകുട്ടിയുടെ അന്ത്യശ്വാസത്തിന്റെ താളമുണ്ടോ എന്ന് അവൾ അപ്പോഴും അറിഞ്ഞിരുന്നില്ല.
ഭക്ഷണം കഴിച്ചുകഴിഞ്ഞു സാമിന്റെ കിടപ്പുമുറിയിൽ മഞ്ഞവെളിച്ചം പടർന്നു നിന്നു.
സാം തന്റെ പെയിന്റിംഗ് സാമഗ്രികളും വലിയൊരു ക്യാൻവാസും ആ മുറിയിലേക്ക് കൊണ്ടുവന്നു.
അയാൾക്ക് നതാഷയെ തന്റെ പുതിയ ചിത്രത്തിന്റെ ഭാഗമാക്കണമായിരുന്നു.
അധികം വസ്ത്രങ്ങളൊന്നും തന്റെ വീട്ടിൽ നിന്നും കൊണ്ടുവരാത്തതിനാൽ സാമിന്റെ ഓവർസൈസ് ആയ ഒരു ഷർട്ടും തന്റെ ബാഗിൽ കുത്തിക്കയറ്റിയ ഒരു പാവാടയുമായിരുന്നു നതാഷയുടെ വേഷം.
അയാൾ അവൾക്ക് ഒരു പോസ് കാണിച്ചുകൊടുത്തു.
ബെഡിൽ കാൽ മുട്ട് മടക്കി, കൈകൾ മടിയിൽ കോർത്തുവച്ചു സാമിന് അഭിമുഖമായി ഇരിക്കാൻ അയാൾ അവളോട് ആവശ്യപ്പെട്ടു.
ആ ഓവർസൈസ് ഷർട്ടിന്റെ തുറന്ന കോളറിലൂടെ അവളുടെ വെളുത്ത തോളുകളും, മുറിവേറ്റെങ്കിലും വശ്യമായ അവളുടെ ശരീരത്തിലെ വടിവുകളും ആ വെളിച്ചത്തിൽ തെളിഞ്ഞു നിന്നു.
നതാഷ: “സാം… ഇങ്ങനെ കുറെ നേരം ഇരിക്കണോ? എന്റെ മുട്ട് വേദനിക്കുന്നു…”
സാം: (വരയ്ക്കാനുള്ള ആവേശത്തിൽ) “കഴിയുന്നത് വരെ ഇരിക്കണം. ഉറങ്ങരുത് നതാഷാ… അനങ്ങുകയും ചെയ്യരുത്.. കേട്ടല്ലോ…”
നതാഷ: “ഏഹ്… കഴിയുന്നത് വരെയോ?!!”
സാം: “ആഹ്… അതേ.”