അവളുടെ വീട് റോഡിൽ നിന്ന് താഴേക്ക് ഒരു വഴി ഇറങ്ങി പോണം, ഞാൻ അങ്ങോട്ടേക്ക് ബൈക്ക് വളച്ചതും താഴെ അവളുടെ വീട് മുറ്റത്ത് ഒരു ഓട്ടോറിക്ഷ നിൽക്കുന്നത് കണ്ടു. എന്തായാലും വന്നത് അല്ലേ പോയി നോക്കാം എന്ന് കരുതി ഞാൻ അവളുടെ വീട് മുറ്റത്തേക്ക് ബൈക്ക് ഒതുക്കി ഇറങ്ങി.
“ആ മക്കളെ നീ വന്നത് നന്നായി, ദാണ്ടേ മാമന് ചെറിയ ഒരു തളർച്ച പോലെ, നമ്മള് ഷീറ്റ് അടിച്ചോണ്ട് ഇരിക്കേരുന്ന്, ബിപി വല്ലതും കുറഞ്ഞത് ആകും എന്തായാലും ഒന്ന് ആശുപത്രി വരെ പോയിട്ട് വരാം. അവൾ ഒറ്റക്കെ ഉള്ളൂ, നീ ഇത്തി ഇവിടെ ഇരി, എന്റെ അനിയത്തിയെ വിളിച്ചിട്ടുണ്ട് അവൾ വരുന്നത് വരെ നീ ഇത്തി ഇവിടെ ഇരിക്കണേ മക്കളെ. പെണ്ണ് ഇങ്ങനെ ഇരിക്കുമ്പോൾ ഒറ്റക്ക് ഒന്നും ആക്കിയിട്ട് പൊയ്ക്കൂടാ പക്ഷേ എന്തര് ചെയ്യാൻ, ഇങ്ങനെ ഒരു അവസ്ഥ ആയി പോയില്ലേ…” ശ്രുതിയുടെ അമ്മ ഇതെല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞിട്ട് ഓട്ടോയിൽ കേറി.
ഞാൻ ഓട്ടോയിലേക്ക് നോക്കി അകത്ത് ശ്രുതിയുടെ അച്ഛൻ ചാരി ഇരിക്കുന്നു, എന്നെ കണ്ട് ഒന്ന് ചിരിച്ചു. സംസാരിക്കാൻ വയ്യാ എന്നുള്ളത് എനിക്ക് മനസിലായി. അപ്പോഴേക്കും അവർ പോയിരുന്നു.
ഞാൻ ആകെ പെട്ട അവസ്ഥയിലായി. എങ്ങനെയെങ്കിലും പാസ്സ്‌ബുക്ക് വാങ്ങണം വേറെ ഒന്നും മിണ്ടണോ പറയാനോ നിൽക്കാതെ പോണം എന്ന് കരുതി വന്ന എന്നെ ആകെ പിടിച്ചു കെണിയിൽ ആക്കിയപോലെ എനിക്ക് തോന്നി.
ഞാൻ മനസില്ലമനസോടെ വാങ്ങിയ സാധനവും ബൈക്കിൽ നിന്ന് എടുത്ത് വീട്ടിലേക്ക് നടന്ന് അകത്തേക്ക് കേറി. ഒരു വർഷം മുന്നേ സ്വന്തം വീട് പോലെ തന്നെയായിരുന്നു എനിക്ക് ആ വീട്. ഇടക്ക് ഇടക്ക് അവിടെ പോകുകയും ചെയ്യുമായിരുന്നു ഞാൻ.