“എന്നാ ശരി, അമ്മയോട് ഞാൻ പറയാം.” അവൾ ഫോൺ വെച്ചു.
“എന്താടി…?” ഞാൻ ചോദിച്ചു.
“കുഞ്ഞാന്റിക്ക് വരാൻ പറ്റില്ല, അമ്മൂന് മെഡിക്കൽ എടുക്കാൻ അവർ എറണാകുളത്ത് പോകാൻ പോണെന്ന്. അമ്മേ വിളിച്ചിട്ട് അവിടെ റേഞ്ച് ഇല്ല എന്ന് പറയുന്നു എന്ന്.”
“പിന്നെ നീ എന്തിനാണ് ഇവിടെ വിശാഖേട്ടൻ ഇവിടെ ഉണ്ടെന്ന് പറഞ്ഞത്?”
“പിന്നല്ലാതെ നിന്നെ ഇവിടെ പിടിച്ചിരുത്തിയേക്കുന്നു എന്ന് പറയണോ…? എന്നിട്ട് വേണം അവർക്ക് ചർച്ച നടത്താൻ ഓരോന്ന്… അവരെ മോള് മാത്രം കുലസ്ത്രീ എന്നാണ് അവരുടെ വിചാരം. എന്നിട്ട് മോള് ആണെങ്കിൽ സ്കൂളിൽ കഞ്ഞിപേരെടെ ബാക്കിൽ ആ സനലും ആയിട്ട് പിടിയും വലിയും ആയിരുന്നു. ബാക്കി ഉള്ളവരുടെ മക്കളെ കുറ്റം പറയാൻ അവർക്ക് നൂറ് നക്കാണ്, സ്വന്തം മോളുടെ കാര്യം മാത്രം അറിയൂല.”
“ഈ അമ്മു ആരാ, മറ്റേ അപർണ ആണോ?” അവളുടെ അടുത്ത് ഇരുന്ന് കൊണ്ട് ഞാൻ ചോദിച്ചു.
“ഓ അവള് തന്ന, നിന്റെ കൂടെ അല്ലേ പഠിച്ചത്?”
“എന്റെ ക്ലാസ്സിൽ അല്ലായിരുന്നു എന്ന് തോന്നുന്നു, അപ്പുറത്ത് ഡിവിഷൻ ആയിരുന്നു എന്നാണ് എന്റെ ഒരു ഓർമ.”
“ആ എന്തായാലും അവളെ അവളുടെ ഹരിയേട്ടൻ ഗൾഫിൽ കൊണ്ട് പോകാൻ റെഡി ആക്കി, അപ്പോ മെഡിക്കൽ എടുക്കാൻ പോണെന്ന്, അതുകൊണ്ട് കുഞ്ഞാന്റി വരില്ല.”
“എടി അപ്പോ നീ ഇവിടെ ഒറ്റക്ക് അല്ലേ ഉള്ളൂ…”
“ടാ… നീ ഇന്ന് ഇവിടെ നില്ല്… നമുക്ക് ഇന്ന് അങ്ങ് പൊളിക്കാം… പ്ലീസ്…”
“നീ ഒന്ന് പോയേ… നിനക്ക് ജീവിതത്തിൽ ഒരു സഹായവും ചെയ്ത് തരരുത് എന്ന് വിചാരിച്ചതാ എന്നിട്ടാ ഇപ്പൊ ഇവിടെ ഇരിക്കുന്നത്. എന്നിട്ട് ഇപ്പൊ നിനക്ക് കൂട്ടിന് ഒരു ദിവസം മുഴുവൻ ഇരിക്കണം എന്ന്. നിനക്ക് നാണമുണ്ടോ എന്നോട് ഇത് ചോദിക്കാൻ…” ഞാൻ ഉള്ളിലെ അമർഷം കുറച്ച് കാണിച്ചു കൊണ്ട് പറഞ്ഞു.
“എനിക്ക് ഒരു നാണവും ഇല്ല, നിനക്ക് ഇവിടെ നിൽക്കാൻ പറ്റുമോ… അത് പറ, നിനക്ക് EMI എടുക്കാൻ അല്ലേ പാസ്ബുക്ക് വേണം എന്ന് പറഞ്ഞത്, നിനക്ക് ഞാൻ എന്റെ ഒരു മോതിരം തരാം… അത് നീ വിൽക്കേ പണയം വെയ്ക്കേ എന്താന്ന് വെച്ചാ ചെയ്തോ… നിന്നെ ഞാൻ പണ്ട് ഒരുപാട് ഉപയോഗിച്ചു എന്നുള്ളതിന്റെ കടം തീരാൻ ആണെന്ന് കരുതിയാൽ മതി… എന്ത് പറയുന്നു…”