“ഓ..” ഞാൻ ഒന്ന് മൂളിയ ശേഷം ആഹാരം കഴിച്ച് കൊണ്ടിരുന്നു.
കഴിച്ച് കഴിഞ്ഞ പാത്രവുമായി അവൾ അടുക്കളയിലേക്ക് പോയി, ഞാൻ കൈ കഴുകി കഴിഞ്ഞ് സോഫയിൽ വന്ന് ഇരുന്നതും ചെറുതായി മഴ പൊടിഞ്ഞു തുടങ്ങി.
“ടീ… മഴ പെയ്യണ്, എന്റെ വണ്ടി നനഞ്ഞാൽ കുഴപ്പം ആണ്, അതിന്റെ പെട്രോൾ ടാങ്കിൽ വെള്ളം കേറും.” ഞാൻ പറഞ്ഞു.
“നീ ആ സൈഡിലോട്ട് കേറ്റി വെയ്, കണ്ണൻ അവിടെയാ അവന്റെ ബൈക്ക് വെയ്ക്കുന്നത്.”
അത് കേട്ട് ഞാൻ പുറത്തിറങ്ങി എന്റെ ബൈക്ക് പതിയെ തള്ളി വീടിന് സൈഡിൽ ചെറിയൊരു ടർപ്പോ കെട്ടിയിരിക്കുന്നതിന്റെ അടിയിലേക്ക് കേറ്റി വെച്ചു.
മഴ കുറച്ച് കൂടി പൊടിഞ്ഞു നനയുന്ന രീതിയിൽ ആയി. ഞാൻ തലയൊന്ന് കുടഞ്ഞിട്ട് അകത്തേക്ക് കേറി. വീണ്ടും ശ്രുതി ആരെയോ ഫോണിൽ സംസാരിച്ചു കൊണ്ട് സോഫയിൽ ഇരിക്കുന്നു.
“ഓ… അപ്പോ അമ്മു അങ്ങ് പോകുമോ…?”
അവൾ ഫോണിൽ സംസാരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആരാ ഈ അമ്മു, അവൾ എവിടെ പോകുന്നു. വെറുതെ ഞാൻ ആലോചിച്ചു.
“അതുകുഴപ്പമില്ല, ഇവിടെ ഏട്ടൻ ഉണ്ടല്ലോ, നാളെ രാവിലെ പോകുമ്പോൾ താഴത്തെ ഫാസിലാടെ ഉമ്മയെ വിളിക്കാം.”
ശ്രുതി ഒരു മടിയും കൂടാതെ വീണ്ടും കള്ളം പറയുന്നത് കേട്ട് ഞാൻ ഞെട്ടി, ഇങ്ങനെയും മനുഷ്യരോ, ചറപറാ കള്ളം, അതും വലിയ രീതിയിൽ ഉള്ളത് ഒക്കെയും, പിന്നെ പറഞ്ഞിട്ട് കാര്യമില്ല, ഇത് അവളുടെ ജന്മസിദ്ധമാണ്. നിഷ്കളങ്ക മുഖവും ഉണ്ടക്കണ്ണും, കുസൃതി സ്വഭാവം കണ്ട് ആളുകൾ ഇവളെ ഒരു കുട്ടിത്തം മാറാത്ത സുന്ദരി എന്ന് തെറ്റിദ്ധരിച്ചു വെച്ചിരിക്കുന്നത് ആണ്. സ്വന്തം നിലനിൽപ്പിനു വേണ്ടി എന്ത് രീതിയിലും ആർക്ക് ഉപദ്രവം ഉണ്ടാക്കുന്ന രീതിയിലും ഇവൾ കള്ളം പറയും. എനിക്ക് നല്ല അനുഭവം ഉണ്ടല്ലോ… ഞാൻ സ്വയം മനസ്സിൽ പറഞ്ഞു.