അങ്ങനെ തച്ചിനിരുന്ന് കുമിള പറത്തിക്കളിയ്ക്കുമ്പോഴാണ് ഒരമ്മച്ചി ഒരെൻവലപ്പ് എന്റെകയ്യിൽ വെച്ചുതരുന്നത്…
അതോടെ ബബിൾബ്ലോവറുംമാറ്റിവെച്ച്,
ഇതെന്തോന്ന് ലൗലെറ്ററാന്ന മട്ടിൽ തുറന്നുനോക്കുമ്പോൾ അതിനുള്ളിൽ മടക്കിയനിലയിൽ ഒരഞ്ഞൂറിന്റെ നോട്ടിരിയ്ക്കുന്നു…
…ഏഹ്.! വെറുതെയിരുന്ന എന്റെകയ്യിൽ അഞ്ഞൂറുരൂപയൊക്കെ കൊണ്ടേത്തരാൻ ഇവർക്കെന്താ പ്രാന്തോ..??
എടുക്കണോ തിരിച്ചുകൊടുക്കണോന്ന് ആദ്യമൊരു ആശങ്കയുണ്ടായെങ്കിലും അമ്മയുടെപ്രായമുള്ള ഒരുസ്ത്രീ തന്നതല്ലേന്നുകരുതി ഞാനതു പോക്കറ്റിലിട്ടു…
…വെറും മാനുഷിക പരിഗണന.!
അതുകഴിഞ്ഞ് പിന്നേയുംപോയി ആ കുഴലെടുത്തുപിടിച്ച് ഊതുമ്പോൾ ഫോട്ടോഗ്രാഫർ ഞാൻ കുമിളയൂതുന്ന ഫോട്ടോയെടുത്തു… അതോടെ എന്റെ കുമിളകൾടെ ലക്ഷ്യം അവന്റെ ക്യാമറയിലേയ്ക്കായി… അങ്ങനെ ആത്മാർത്ഥമായി പണിയെടുക്കുന്നതിനിടയിൽ മറ്റൊരുചേച്ചിയും ഒരു കവറുകൊണ്ടുവന്ന് എന്റേൽതന്നിട്ട് സുഖവിവരമൊക്കെ ചോദിച്ചട്ട്പോയി… ഇത്തവണ തുറന്നുനോക്കുമ്പോൾ അതൊരു ഇരുന്നൂറ് രൂപയായ്രുന്നു…
…ഈ സംഗതികൊള്ളാല്ലോ.! അല്ല… ഇനിയിവടിരുന്ന് കുമിളയൂതുന്നതു കണ്ടിട്ട് വയ്യാത്ത ചെക്കനാന്നുകരുതി വല്ലതും തന്നതാവോ..??
…ഏയ്.! ഇനി അങ്ങനെയാണേൽത്തന്നെ എന്താകുഴപ്പം..?? ശരീരമനങ്ങാണ്ട് എഴുന്നൂറുരൂപകിട്ടീലേ..??!!
ഇങ്ങനൊരു സെറ്റപ്പുണ്ടെന്നു നേരത്തേയറിഞ്ഞെങ്കിൽ ഒരു ബബിൾബ്ലോവറുംവാങ്ങി കല്യാണവീട്ടിന്റെ ക്വട്ടേഷൻ പിടിയ്ക്കായ്രുന്നു.!
എന്തായാലും ഫണ്ട് കിട്ടിത്തുടങ്ങിയതോടെ എന്റെയാ പാഷൻ ഞാനൊരു പ്രൊഫഷനാക്കി… ആൾക്കാരെ തമ്മിൽത്തമ്മിൽ കാണാത്തവിധം കുമിളകൊണ്ടു നിറയ്ക്കുകയെന്നതായ്രുന്നു എന്റെലക്ഷ്യം.!