“”…എങ്ങനെയുണ്ടെടാ..??”””_ ന്നു ചോദിച്ചതിന് ഞാൻ കൊള്ളാമെന്നു കണ്ണുകാട്ടി… അതോടെ ഒരിയ്ക്കൽക്കൂടിയൊരു ചിരിയുംതന്ന് ഫോണും സ്ലിങ്ബാഗും കയ്യിലെടുത്തു നടന്നപ്പോഴാണ് ഞാൻ മൊത്തത്തോടെയൊരു കിലുക്കംകേൾക്കുന്നത്…
…ഇവളിതെന്തോന്ന് ബസ് കണ്ടക്ടറോ..?? എന്നമട്ടിൽ നിൽക്കുമ്പോഴേയ്ക്കും അവള് ചാടിയിറങ്ങി പോവുകേംചെയ്തു…
ഉടനേ നിന്നവേഷത്തിൽ ഞാനും താഴേയ്ക്കുപാഞ്ഞു… അല്ലേത്തന്നെ
എന്റെ ഒരുക്കംകൂടി ഒരുങ്ങിയല്ലേ അവളുപോയേക്കുന്നെ… പിന്നെ ഞാനിനി പ്രത്യേകമെന്തുകാട്ടാൻ..?? തുണിയുണ്ടല്ലോ, അതുതന്നെ ധാരാളം.!
അങ്ങനെ ഓടിപ്പിടച്ചു താഴെവന്നപ്പോഴാണ് പന്തലിൽവരുത്തിയ മാറ്റം ഞാൻ കാണുന്നത്… അതോടെ എവടെയൊക്കെയോ ബാക്കിയുണ്ടായ്രുന്ന രണ്ടുമൂന്നു
കിളികൾകൂടി പടിയിറങ്ങുന്നത്…
…ഇതെന്തുവാടേ… എസ്എൻഡിപി യോഗത്തിന് സ്റ്റേജ് കെട്ടിയേക്കുന്നോ..?? ആകെമൊത്തമൊരു മഞ്ഞമയം..??
…മീനാക്ഷി ഹൽദീടെ പ്ലാനിങ്ങിനിറങ്ങിയപ്പോഴേ ഞാനിതൊക്കെ പ്രതീക്ഷിയ്ക്കേണ്ടതായ്രുന്നു… അല്ല… ഇവൾക്കിതെവടെന്നാ ഇത്രേം മഞ്ഞത്തുണികിട്ടിയെ..?? ഇനി തന്തച്ചാർക്ക് വയറ്റിളക്കംവന്നപ്പോൾ പുള്ളിയുടുത്തിരുന്ന മുണ്ടുവല്ലതുമാണോ ആ വലിച്ചുകെട്ടിയേക്കുന്നെ..??
കുശുമ്പുമൂത്ത് മനസ്സിലങ്ങനൊക്കെ മുറുമുറുത്തെങ്കിലും
അത്യാവശ്യം അടിപൊളിയായിത്തന്നെ സ്റ്റേജൊക്കെ റെഡിയാക്കി ലൈറ്റ്സൊക്കെ ഇട്ടിട്ടുണ്ട്… സ്റ്റേജിനെതിരെ ഒരുക്കിയിരുന്ന പന്തലിലെ ടേബിളിനു ചുറ്റുമുള്ള കസേരകളിൽ ആളുകളൊക്കെ നിരന്നിട്ടുമുണ്ട്… കാർന്നോരും അമ്മയും ചെറിയമ്മയും അമ്മായിയും പിന്നേതൊക്കെയോ ബന്ധുക്കളൊക്കെച്ചേർന്ന് ആളുകളെ സ്വീകരിച്ചിരുത്തുവാ… കാർന്നോർക്കൊപ്പം ജോക്കുട്ടന്റച്ഛനും ചേച്ചീടച്ഛനും ചേർന്നപ്പോൾ അമ്മയ്ക്കും ചെറിയമ്മയ്ക്കുമൊപ്പം ജോക്കുട്ടന്റമ്മയും സീതമ്മയും ചേച്ചിയുംകൂടി… എന്നാൽ
ശ്രീയേയോ മാമനേയോ ജോക്കുട്ടനേയോ അച്ചുവിനേയോ അവടെങ്ങും കണ്ടുമില്ല…