നാലഞ്ച് പേരെയൊക്കെ അവൻ പുഷ്പം പോലെ അടിച്ചിടും.. അത്രക്ക് ആരോഗ്യവാനാണവൻ.. നല്ല ചങ്കൂറ്റവും..
ഏതവനോടും അങ്ങോട്ട് ചെന്ന് മുട്ടാൻ ഒരു പേടിയുമില്ല..
മഹല്ല് കമ്മറ്റി പ്രസിഡന്റായ അവന്റെ ബാപ്പ എന്നേ അവനെ വീട്ടീന്ന് പുറത്താക്കിയതാണ്..
എങ്കിലും അവൻ ഉറങ്ങാൻ സമയത്ത് വീട്ടിലെത്തും.
പുറത്ത് ഒരു ഷെഡുണ്ട്..അതിലാണ് അവന്റെ ഉറക്കം..
അവനെപ്പോൾ പോകുന്നെന്നോ, എപ്പോവരുന്നെന്നോ ആ വീട്ടിൽ ആർക്കുമറിയില്ല..
ഒരു പണിക്കും പോകാതെ ആഡംബരത്തോടെ കഴിയാനുള്ളത് ഹൈദ്രുഹാജി ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അതിൽ നിന്ന് അഞ്ച് പൈസ ഉമ്മറിന് കിട്ടില്ല..
അവന്റെ വട്ടച്ചെലവുകൾക്കായി അവൻ എന്ത് പണിക്കും പോകും.. ഏത് പണിയെടുക്കാനും അവനൊരു മടിയുമില്ല..
അങ്ങിനെയാണവൻ രാമേട്ടന്റെ ടീമിൽ വന്ന് പെട്ടത്..
ആദ്യ ദിവസം തന്നെ രാമേട്ടന് അവനെ ഇഷ്ടമായി.. ഒരു മടുപ്പുമില്ലാതെ ആസ്വദിച്ച് അവൻ ജോലി ചെയ്യുന്നത് കണ്ട് രാമേട്ടന് അവനെ ശരിക്കും പിടിച്ചു..
പതിയെപ്പതിയെ രാമേട്ടനും, ഉമ്മറും സുഹൃത്തുക്കളായി..
അവർ പരസ്പരം എല്ലാം തുറന്ന് പറഞ്ഞു..
തന്റെ വീടിനെപ്പറ്റിയും, വീട്ട് കാരെ പറ്റിയുമെല്ലാം ഉമ്മർ വിശദമായി രാമേട്ടനോട് പറയും.
രാമേട്ടൻ പക്ഷേ, എല്ലാമൊന്നും പറഞ്ഞില്ല..
ഉമ്മർ പണി കഴിഞ്ഞാൽ ദിവസവും ബാറിൽ കയറും..
കൂടുതലായി അടിക്കില്ല..
എന്നാലും ബാറിലെ ഭക്ഷണം അവനിഷ്ടമാണ്..
ചിക്കനും ബീഫും അവൻ നന്നായി കഴിക്കും..
സുഹൃത്തുക്കളായതിൽ പിന്നെ രാമേട്ടനെ എന്നുമവൻ ബാറിലേക്ക് വിളിക്കും..
ഭാര്യയെ പേടിയുള്ള രാമേട്ടൻ ഇത് വരെ ഉമ്മറിന്റെ കൂടെ പോയിട്ടില്ല..