അപ്പുറത്ത് ജയ ഫോൺ കട്ടാക്കിയതറിഞ്ഞ് അവൻ മൊബൈൽ മേശപ്പുറത്ത് വെച്ചു..
“ടാ… ഉമ്മർ കുട്ടീ…
പൊന്നു മോനേ…
നീയാടാ ആൺകുട്ടി… കല്യാണം കഴിഞ്ഞ് പിറ്റേന്ന് മുതൽ അവളോട് പറയാനിരുന്നതാ ഇപ്പോ നീ പറഞ്ഞത്…
ഇരുപത് കൊല്ലംശ്രമിച്ചിട്ടും എനിക്കത് പറയാൻ കഴിഞ്ഞില്ല…
ഇനിയും കഴിയില്ല…
ഇന്ന് ചിലപ്പോ അവളെന്നെ കൊന്നേക്കാം…
എന്നാലും എനിക്ക് സന്തോഷമേയുള്ളൂ…”
വേദനയിൽ കുതിർന്ന ചിരിയോടെ രാമേട്ടൻ പറഞ്ഞു..
“ അവളൊന്നും ചെയ്യില്ല…
എല്ലാറ്റിനും പ്രശ്നം നിങ്ങളുടെ പേടിയാ മനുഷ്യാ…
എന്തിനാ നിങ്ങളവളെ പേടിക്കുന്നേ…
പറയാനുള്ളതൊക്കെ നിങ്ങളവരോട് പറയണം…
എന്താ ഉണ്ടാവാന്ന് നമുക്ക് നോക്കാലോ…
ഒരു പേടിയും വേണ്ട… ഞാനുണ്ടാവും നിങ്ങടെ കൂടെ…”
രാമേട്ടന് അസാധാരണമാം വിധം ഒരു ധൈര്യം, കാലിന്റെ ഉപ്പൂറ്റി മുതൽ തുടങ്ങി,തലയോട്ടി വരെ ദേഹമാസകലം പടർന്ന് കയറി…
തനിക്കിനി ഒന്നും പേടിക്കാനില്ലെന്ന് ഒരുൾവിളി അയാൾക്കുണ്ടായി..
തനിക്കെന്തിനും ഒരാളുണ്ട്…
തനിക്ക് താങ്ങായും,തണലായും..
ഇത് പോലൊരു കൂട്ടുകാരൻ തനിക്കില്ലാതെ പോയതാണ് തനിക്ക് പറ്റിയ ഏറ്റവും വലിയ പോരായ്മ.. തനിക്ക് കൂട്ടുകാരുണ്ടാവാൻ അവൾ സമ്മതിച്ചുമില്ല…
രാമേട്ടൻ ബെയററെ വിളിച്ച് ഒരു ഹാഫ് കൂടി പറഞ്ഞു..
അന്തംവിട്ട് നിൽക്കുന്ന ഉമ്മറിന്റെ മുഖത്തേക്ക് നോക്കി അയാൾ രണ്ട് ഗ്ലാസിലേക്ക് മദ്യം വീഴ്ത്തി..
വെള്ളമൊഴിപ്പിച്ച് നേർപിച്ച് ഒരു ഗ്ലാസ് ഉമ്മറിന്റെ കയ്യിൽ പിടിപ്പിച്ചു..
ഒരു ഗ്ലാസ് അയാൾ ഒറ്റവലിക്ക് അകത്താക്കി..