“നീ പലപ്പോഴും എന്നെ കുടിക്കാൻ വിളിച്ചിട്ടുണ്ട്.. അന്നൊന്നും ഞാൻ വരാതിരുന്നത് എന്താന്നറിയോ… ?
കിട്ടുന്ന കൂലിയിൽ എന്തേലും കുറവ് കണ്ടാൽ എന്നെ തല്ലാൻ പോലും അവൾ മടിക്കില്ല…”
രാമേട്ടന് എന്തോ ഒരു ധൈര്യം വന്നത് പോലെ ഒരു തോന്നലുണ്ടായി..
തനിക്ക് ചോദിക്കാനും പറയാനും ആരൊക്കെയോ ഉണ്ടെന്ന ഒരു ധൈര്യം..
“എന്റെ രാമേട്ടാ… നിങ്ങളിത് പുറത്താരോടും പറയാതിരുന്നത് നന്നായി…
ഇതിൽപരം നാണക്കേടുണ്ടോ മനുഷ്യാ…
ഇത്ര വയസായില്ലേ നിങ്ങക്ക്… ?.
ഇപ്പഴും ഭാര്യയെ പേടിച്ച് മുള്ളാതെ നടക്കുന്നു…”
“നീ വിചാരിക്കും പോലല്ലടാ കാര്യങ്ങൾ..
ഞാനിങ്ങനെയായിപ്പോയി.. ഇതീന്ന് മാറാനും എനിക്കിനി കഴിയില്ല…
ഇപ്പോ തന്നെ വീട്ടിലെത്തേണ്ട നേരം കഴിഞ്ഞു..
നീ നോക്കിക്കോ… ഇപ്പോ വിളിക്കുമവൾ…”
പറഞ്ഞ് തീർന്നില്ല, അതിന് മുൻപേ രാമേട്ടന്റെ ഫോണടിച്ചു..
അതെടുത്ത് നോക്കി അയാൾ ഫോൺ ഉമ്മറിന് നേരെ പിടിച്ചു..
അതിൽ ജയ എന്നെഴുതിയിരിക്കുന്നത് അവൻ കണ്ടു..
രാമേട്ടന്റെ മുഖത്ത് പേടിയും കണ്ടു..
അയാൾ ഫോണെടുത്തില്ല..
“എന്തേ രാമേട്ടാ ഫോണെടുക്കാഞ്ഞത്….?”.
ബെല്ലടി തീർന്നിട്ടും അയാൾ ഫോണെടുക്കാത്തത് കണ്ട് ഉമ്മർ ചോദിച്ചു..
“എടുത്തിട്ട് എന്തിനാടാ…ചീത്തവിളി കേൾക്കാനോ… ?
നേരംവൈകിയതിനും, കുടിച്ചതിനും ഇന്നെന്തായാലും വയറ് നിറച്ചും കിട്ടും..
അത് ഞാൻ വീട്ടിൽ പോയി വാങ്ങിച്ചോളാം…”
ചിരിയോടെ പറഞ്ഞ രാമേട്ടന്റെ മുഖത്ത് നിറഞ്ഞ് നിന്നത് വേദനയാണെന്ന് ഉമ്മറിന് മനസിലായി..
“രാമേട്ടാ… എന്തിനാ നിങ്ങളിങ്ങനെ പേടിക്കുന്നത്…?.
ആരെയാ പേടിക്കുന്നത്… ?.
അവള് നിങ്ങളുടെ ഭാര്യയല്ലേ… ?.
എന്റെ സ്വന്തം ബാപ്പ പറഞ്ഞത് കേൾക്കത്തവനാ ഈ ഞാൻ… എന്നിട്ടും ഞാനെന്ത് സന്തോഷത്തോടെയാ ജീവിക്കുന്നതെന്ന് നിങ്ങൾ കാണുന്നില്ലേ… ?.”