ഒരു പെഗ് കൂടി ഒഴിച്ച് വെച്ച്, എന്തോ പറയാനായി മുഖമുയർത്തിയ ഉമ്മർ ഞെട്ടിപ്പോയി..
രാമേട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ബാറിലെ അരണ്ട വെളിച്ചത്തിലും അവൻ കണ്ടു..
താൻ കരുതിയതിനേക്കാൾ പ്രശ്നം രാമേട്ടനുണ്ടെന്ന് അവന് മനസിലായി..അതാരോടും പറയാൻ പറ്റാത്തതാണെന്നും..
അവൻ കൈ നീട്ടി രാമേട്ടന്റെ കയ്യിൽ പിടിച്ചു..
മുങ്ങിത്താഴാൻ പോകുന്നവന് കിട്ടിയ പിടിവള്ളി പോലെ രാമേട്ടൻ അവന്റെ കയ്യിലേക്ക് തല ചായ്ച്ചു..
പിന്നെ ഉമ്മർ കേട്ടത് ഒരു പൊട്ടിക്കരച്ചിലാണ്..
ഹൃദയം പൊട്ടിയുള്ള കരച്ചിൽ..
ഉമ്മർ ചുറ്റും നോക്കി.. അടുത്ത ടേബിളിലൊന്നും ആളില്ലാത്തത് ഭാഗ്യം..
രാമേട്ടന്റെ തലയിൽ തടവിയതല്ലാതെ അവനൊന്നും മിണ്ടിയില്ല..
അതീവഗുരുതര പ്രശ്നം തന്നെയാണെന്ന് ഉമ്മറിന് മനസിലായി..അല്ലെങ്കിൽ ഒരു പുരുഷൻ ഇങ്ങിനെ ഹൃദയ വേദനയോടെ കരയില്ല.. കേട്ടിടത്തോളം രാമേട്ടന് കുടുംബത്തിൽ പ്രശ്നമുണ്ടാവാനിടയില്ല..ആകെയുള്ള ഒരു മകളെ വിവാഹം കഴിച്ചയച്ചു.. വീട്ടിൽ ഭാര്യയും രാമേട്ടനുംമാത്രമേയുള്ളൂ..
പിന്നെന്താണ് പ്രശ്നം… ?.
കുറച്ച് നേരം കരഞ്ഞ് രാമേട്ടൻ തലയുയർത്തി..
സഹിക്കാനാവാത്ത വേദനയാൽ അയാളുടെ മുഖം വിറക്കുന്നത് ഉമ്മർ കണ്ടു..
താനൊഴിച്ച് വെച്ച ഗ്ലാസിലേക്ക് രാമേട്ടന്റെ കൈ നീളുന്നതും, അതെടുത്ത് ഒറ്റവലിക്കയാൾ കുടിക്കുന്നതും അൽഭുതത്തോടെ ഉമ്മർ നോക്കി നിന്നു..
മുഴുവൻ കുടിച്ച് ഗ്ലാസ് താഴെ വെച്ച് ചിറിയൊന്ന് തുടച്ച് രാമേട്ടൻ, ഉമ്മറിനെ നോക്കി..
“ശരിയാടാ… നീ പറഞ്ഞത് മുഴുവൻ ശരിയാ…
എനിക്ക് പ്രശ്നങ്ങളുണ്ട്…
അതിന്നും ഇന്നലെയും തുടങ്ങിയതല്ല…
അതിനി മാറാനും പോവുന്നില്ല…”