“രാമേട്ടാ… എനിക്ക് പറയാനല്ല… ചോദിക്കാനാ… രാമേട്ടനോട് ചില കാര്യങ്ങൾ എനിക്ക് ചോദിക്കാനുണ്ട്…
നമ്മൾ തമ്മിലുള്ള അടുപ്പം വെച്ചാ ഞാനിത് ചോദിക്കുന്നത്… സത്യസന്ധമായിത്തന്നെ രാമേട്ടൻ മറുപടി പറയണം…”
ഉമ്മറിന്റെ മുഖവുര കേട്ടപ്പോ തന്നെ രാമേട്ടന് പേടിയായി…
അയാൾ സംശയത്തോടെ അവനെ നോക്കി..
“ ഞാനിപ്പോ രാമേട്ടന്റെ കൂടെ പണിക്ക് വരാൻ തുടങ്ങിയിട്ട് കുറേയായില്ലേ…
വന്നയന്ന് മുതൽ ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നതാ…
എന്താ നിങ്ങളുടെ പ്രശ്നം… ?.
ഞങ്ങളെല്ലാരും പണിക്കിടെ തമാശ പറയും, ചിരിക്കും, പാട്ട് പാടും… എന്നാൽ ഇതിലൊന്നും നിങ്ങളുണ്ടാവില്ല…
ഒരാളോടും നിങ്ങൾ പണിയുടെ കാര്യമല്ലാതെ വേറൊന്നും സംസാരിക്കില്ല… ഒന്ന് ചിരിക്കില്ല…
എന്താ രാമേട്ടാ പ്രശ്നം… ?”..
താൻ പേടിച്ചത് തന്നെയാണ് ഇവൻ ചോദിക്കുന്നത് എന്ന് അയാൾക്കുറപ്പായി..
എന്ത് പറയും…?..
“എനിക്ക് രാമേട്ടനെ ഒത്തിരി ഇഷ്ടാ… ഒരു ജ്യേഷ്ഠനെപ്പോലെയാണ്…
അത് കൊണ്ടാ ഞാനിത് തുറന്ന് ചോദിക്കുന്നത്…
എന്നോട് രാമേട്ടന് പറയാം… എന്ത് പ്രയാസവും പറയാം… അതിനുള്ള പരിഹാരവും ഞാനുണ്ടാക്കിത്തരാം… “
രാമേട്ടൻ നന്ദിയോടെ ഉമ്മറിനെ നോക്കി..
പക്ഷേ ഒന്നുമവനോട് പറയാൻ അയാൾക്കാവില്ലായിരുന്നു..
“നിങ്ങൾക്ക് പ്രശ്നങ്ങളുണ്ടെന്ന് എനിക്ക് മനസിലായി…
എന്ത് പ്രശ്നത്തിനും പരിഹാരമുണ്ട് രാമേട്ടാ…
പൈസക്കെന്തേലും ബുദ്ധിമുട്ടുണ്ടോ…?”.
ഒരു സഹോദരനോടെന്നപോലെയാണ് ഉമ്മറിന്റെ ചോദ്യം..
അത് രാമേട്ടന്റെ ഹൃദയത്തിലാണ് കൊള്ളുന്നതും..
എന്നാലും അയാളൊന്നും മിണ്ടിയില്ല..