വിവാഹത്തിന് ശേഷം അനീഷേട്ടന്റെ സ്വഭാവത്തിൽ മാറ്റം വരും എന്ന് പ്രതീക്ഷിച്ച എല്ലാവർക്കും തെറ്റി.. വിവാഹത്തിന് ശേഷം മദ്യപാനം കുടിയതല്ലാതെ സ്വല്പംപോലും കുറഞ്ഞില്ല, വിവാഹത്തിന് പെണ്ണിന്റെ ആങ്ങള ഉൾപ്പെടെ മറ്റ് ബന്ധുക്കൾ അനിയേട്ടന്റെ കൈയിലും കഴുത്തിലും ഇട്ടുകൊടുത്ത മോതിരവും മാലയും സ്വർണ്ണ ചെയിനും വരെ പണയം വച്ചും വിറ്റും കുടിച്ച് നശിപ്പിച്ചു. അതോടെ പെണ്ണ് വീട്ടുകാർക്ക് അനീയേട്ടനെ കണ്ണെടുത്താൽ കണ്ടുകൂടതെയായി, “ഇനി നീ ഇങ്ങനെ എല്ലാം സഹിച്ച് ജീവിച്ചിട്ട് കാര്യമില്ല.. ഇതിൽ എന്തെങ്കിലും ഒരു തീരുമാനം നീ എടുക്കണം” എന്ന് കൃപേച്ചിയുടെ വീട്ടുകാർ പ്രതികരിച്ചപ്പോൾ അതിന് ഒരു ഉറച്ച തീരുമാനം എടുക്കുന്നതിന് മുൻപ്തന്നെ ചേച്ചിയുടെ വയറ്റിൽ അനുമോൾ കുരുത്തുതുടങ്ങിയിരുന്നു, അതുകൊണ്ടുതന്നെ കൃപയേച്ചി എല്ലാം സഹിച്ച് അനിയേട്ടന്റെ കൂടെ തുടർന്ന് ജീവിക്കാൻതന്നെ തീരുമാനിച്ചു..
അങ്ങനെ അവരുടെ ജീവിതം മുന്നോട്ട് പോയി… അനീഷേട്ടന്റെ വെള്ളമടി വീണ്ടും പഴയതിനേക്കാൾ മൂർജ്ജിച്ചപ്പോൾ സഹികെട്ട കൃപയേച്ചി രണ്ട് വയസ്സായ അനുമോളെയും എടുത്തുകൊണ്ട് ചേച്ചിയുടെ വീട്ടിലേക്ക് പോയി. അനിയേട്ടൻ ചേച്ചിയുടെ വീട്ടിൽ പോയി എത്ര വിളിച്ചിട്ടും ഇനി അങ്ങോട്ടേക്ക് തിരിച്ചുവരില്ല എന്ന നിലപാടിൽതന്നെ കൃപയേച്ചി ഉറച്ചുനിന്നു.
പിന്നെ രമയമ്മയും എന്റെ അമ്മയും ചേച്ചിയേയും ചേച്ചിയുടെ വീട്ടുകാരേയും കണ്ട് സംസാരിച്ച് എങ്ങനെയൊക്കെയൊ ഒരുവിധത്തിൽ പറഞ്ഞ് മനസ്സ് മാറ്റി ചേച്ചിയെ തിരികെ വീട്ടിലേക്ക് കൊണ്ടുവന്നു.. ചേച്ചി തിരികെ വന്നുകഴിഞ്ഞ് കുറച്ചുനാൾ വലിയ കുഴപ്പമൊന്നുമില്ലാതെതന്നെ അവരുടെ ലൈഫ് മുന്നോട്ട് പോയെങ്കിലും, കുറച്ചുനാൾ കഴിഞ്ഞ് അനിയേട്ടൻ വീണ്ടും പഴയപോലെ ആകാൻ തുടങ്ങി.. അങ്ങനെ അനിയേട്ടൻ മദ്യപിച്ച് ബഹളമുണ്ടക്കുന്ന സമയങ്ങളിൽ കൃപയേച്ചി പിണങ്ങി ചേച്ചിയുടെ വീട്ടിൽ പോയി നിൽക്കും, കുറച്ച് നാൾ കഴിയുമ്പോൾ രമയമ്മ പോയി എന്തെങ്കിലുമൊക്കെ പറഞ്ഞ് കൃപയേച്ചിയെ തിരികെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരും… അതങ്ങനെ തുടർന്നുകൊണ്ടേ ഇരുന്നു..