അനിയേട്ടന്റെ മുഖത്തുനിന്നും പുച്ഛത്തോടെ മുഖം വെട്ടിച്ച് മാറ്റിയ കൃപയേച്ചി എന്റെ മുഖത്തേക്ക് നോക്കി.
“ഡാ അച്ചു എനിക്ക് നല്ല ക്ഷീണമുണ്ട് ഒരു ചായ കുടിക്കണം നീ വരുന്നുണ്ടോ..?” എന്ന് പറഞ്ഞുകൊണ്ട് ചേച്ചി അനുമോളേയും കൂട്ടികൊണ്ട് കോഫി ഷോപ്പിലേക്ക് നടന്നു.
നാറിക്കരിഞ്ഞ മുഖവുമായി നിൽക്കുന്ന അനിയേട്ടനെ ഒന്ന് നോക്കിയ ശേഷം ഞാനും ചേച്ചിയുടെ പുറകെ കോഫി ഷോപ്പിലേക്ക് നടന്നു.
ഷോപ്പിലേക്ക് കയറി നാലുപേർക്ക് ഇരിക്കാവുന്ന ടേബിളിന് മുന്നിൽ ഞങ്ങൾ ഇരുന്നു. അനിയേട്ടൻ ഒന്നും മിണ്ടാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കികൊണ്ട് ഇരിക്കുകയായിരുന്നു.
“അനുമോളെ ഇങ്ങുവാ..!” എന്ന് പറഞ്ഞുകൊണ്ട് ചേച്ചിയുടെ അടുത്തിരുന്ന അനുമോളേയും വിളിച്ചുകൊണ്ട് ഞാൻ മറ്റൊരു ടേബിളിലേക്ക് ഇരുന്നു, അവർ ഭാര്യയും ഭർത്താവും തമ്മിൽ എന്തെങ്കിലും സംസാരിക്കട്ടെ എന്ന് കരുതി, മറ്റൊരു ടേബിളിലേക്ക് മാറിയിരുന്ന എന്റെ നോട്ടം ചേച്ചിയുടെ മുഖത്തേക്കുതന്നെയായിരുന്നു, രൂപത്തിൽ മാത്രമല്ല സംസാരത്തിലും പെരുമാറ്റത്തിലും ചേച്ചിക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി.
ചേച്ചി ഷാർജയിൽ ചെന്നതിന് ശേഷം അനിയേട്ടനെ വിളിക്കാൻ ചേച്ചി ശ്രമിച്ചിരുന്നില്ല, അനുമോൾ ഇടക്ക് വീട്ടിൽ വരുന്ന സമയത്ത് ചേച്ചിയുടെ കാര്യങ്ങൾ തിരക്കുമ്പോൾ “അമ്മ അങ്ങനെ വിളിക്കാറില്ല” എന്നാണ് അനുമോൾ പറയാറ്, ഫേസ്ബുക്കിലും ചേച്ചിയെ ഞാൻ കുറേ തപ്പിയിരുന്നു പക്ഷെ കണ്ടില്ല. ഇപ്പഴും എന്റെ മനസ്സിൽ നിൽക്കുന്ന മറ്റൊരു സംശയം..