അങ്ങനെ 5 വർഷം മുൻപ് കൃപയേച്ചി ഷാർജയിലേക്ക് പോയി, പോയ സമയത്ത് അനുമോളെ ചേച്ചിയുടെ വീട്ടിൽ ചേച്ചിയുടെ അച്ഛന്റേയും അമ്മയുടേയും അടുത്ത് ഏൽപ്പിച്ചിട്ടാണ് ചേച്ചി ഷാർജയിലേക്ക് പറന്നത്.. ഭർത്താവ് മദ്യപിച്ച് വരുന്ന വീട്ടിൽ മകളെ നിർത്താൻ ചേച്ചിക്ക് താല്പര്യമുണ്ടായിരുന്നില്ല, അതിന്റെ പേരിലുണ്ടായ പരസ്പര തർക്കത്തിനോടുവിൽ ചേച്ചിയുടെ പക്ഷംതന്നെ ജയിച്ചു.. അങ്ങനെയാണ് ചേച്ചി പോയതിനുശേഷം അനുമോളെ ചേച്ചിയുടെ വീട്ടിൽതന്നെ നിർത്തിയത്..
5 വർഷത്തെ ഗൾഫ് ജീവിതത്തിന് ശേഷം ഒരു മാസത്തെ അവധിക്ക് ഇന്ന് നക്കിലേക്ക് എത്തുകയാണ് കൃപയേച്ചി..
ചേച്ചിയെ കൂട്ടികൊണ്ടുവരാൻ തിരുവനന്തപുരം എയർപോർട്ടിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുൻപുള്ള ഒരു ചെറിയ ബഹളമാണ് കുറച്ച് മുൻപ് ഞാനും അനീഷേട്ടനും തമ്മിൽ ഉണ്ടായത്.
🔅🔅🔅🔅🔅
“നീ ഇന്നും കുടിച്ചല്ലേ” മുറിക്ക് പുറത്തേക്കിറങ്ങി ഹാളിലേക്ക് ചെന്നതും അനീഷേട്ടനോടായിരുന്നു രമയമ്മയുടെ ചോദ്യം.
“ആര് കുടിച്ചെന്ന്..? അമ്മ ചുമ്മ ആവശ്യമില്ലാത്ത കാര്യം പറയല്ലേ… കേട്ടല്ലോ..?” നട്ടാൽ മുളക്കാത്ത കള്ളവും പറഞ്ഞിട്ട് മുണ്ടും മടക്കിക്കുത്തി മുറ്റത്തേക്ക് ഇറങ്ങുന്ന അനീഷേട്ടനെ ഞാൻ അതിശയത്തോടെ നോക്കി നിന്നു, “ഇതൊക്കെ എങ്ങനെ സാധിക്കുന്നൊ എന്തോ..?” എന്ന ചിന്തയോടെ.
“ഡാ അച്ചു.. പോകുന്ന വഴിക്ക് അവൻ ബാറിൽ കേറണം എന്ന് വല്ലോം പറഞ്ഞാൽ നീ വണ്ടി നിർത്തുവൊന്നും ചെയ്യല്ല്.. വിട്ട് പോയേക്കണം.. കെട്ടല്ലോ” രമയമ്മ എന്നോട് പറയുന്നത് കേട്ടപ്പോൾ എനിക്കെന്തോ വിഷമാണ് തോന്നിയത്..