മീനാക്ഷിയന്ന് ജീപ്പ്കൊണ്ടോയി തെങ്ങിലിടിച്ചതും ബോണറ്റിലേയ്ക്കു രണ്ടുതേങ്ങ വന്നുവീഴുന്നതും മാത്രമേ എനിയ്ക്കോർമ്മയുണ്ടായ്രുന്നുള്ളൂ…
“”…എന്തായിപ്പൊ സംഭവിച്ചേ..?? ആരായിവടെ പടക്കമ്പൊട്ടിച്ചേ..??”””_ തലയെവിടെയോ ചെന്നിടിച്ചതും കിളിപോയ ഞാൻ ചുറ്റുംനോക്കി…
അപ്പോഴേയ്ക്കും കുറേനിലവിളിയും ബഹളവുമൊക്കെയായി ആരൊക്കെയോ ഓടിവരുന്നതുകണ്ടു…
എന്തിനാണെന്നറിയില്ലേലും ഒരുനിമിഷമിറങ്ങി ഓടിയാലോന്നുപോലും ഞാൻ ചിന്തിയ്ക്കാണ്ടിരുന്നില്ല…
എന്നാലപ്പോഴേയ്ക്കും അവരിങ്ങെത്തിപ്പോയിരുന്നു…
ആ സമയമത്രയും നിന്നിരച്ചിരുന്ന വണ്ടിഓഫ്ചെയ്ത്, ശേഷം സ്റ്റിയറിങ്ങിലേയ്ക്കു തലവെച്ചുകിടന്ന ഓഫ്റോഡ് റൈഡറെ ആരൊക്കെയോചേർന്ന് പുറത്തേയ്ക്കു വലിച്ചെടുത്തു…
കൂട്ടത്തിലെന്നെയും പിടിച്ചിറക്കി മറ്റൊരുവണ്ടിയിലേയ്ക്കു കൊണ്ടേക്കയറ്റുമ്പോൾ ആരതിച്ചേച്ചിയുടെമടിയിൽ ഒരു ബോധോം പൊക്കണോമില്ലാണ്ടു കിടക്കുവായ്രുന്നൂ മീനാക്ഷി; എന്തിനോവേണ്ടി, ഒരു കാര്യോമില്ലാണ്ട് വേറുതേതിളച്ചൊരു സാമ്പാറുപോലെ…
“”…എന്റെ പൊന്നുചങ്ങായീ, എനിയ്ക്കൊരു പ്രശ്നോമില്ല… നിങ്ങളവളേംകൊണ്ട് പെട്ടെന്നു പോവാന്നോക്ക്..!!”””_ അവൾക്കരികിലേയ്ക്കെന്നെ തള്ളിക്കയറ്റാൻനോക്കിയ പുള്ളിയോടു ഞാനങ്ങനെ പറഞ്ഞെങ്കിലും, ഒരുമാതിരി കാലകേയന്റെ മുഴുനീള ഡയലോഗ്കേട്ട് ശിവകാമീദേവി മിഴിച്ചുനോക്കുമ്പോലെ അവരെന്നെ കണ്ണുംതള്ളിനോക്കിയതല്ലാതെ ഞാമ്പറഞ്ഞതാരും മൈൻഡാക്കിയില്ല…
അപ്പോഴാണ് മീനാക്ഷിയുടെ തലപൊട്ടിയൊഴുകിയ ചോര ചേച്ചിയുടെ ഇളംനീല നൈറ്റിയിലേയ്ക്കുപടർന്ന് സിപിഎമ്മിന്റെ കൊടിപോലായതെന്റെ ശ്രെദ്ധയിൽപ്പെട്ടത്…